സിട്രോയെന്‍ ഈ വര്‍ഷമെത്തില്ല

സിട്രോയെന്‍ ഈ വര്‍ഷമെത്തില്ല

2021 ആദ്യ പാദത്തില്‍ മാത്രമായിരിക്കും സിട്രോയെന്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2020 രണ്ടാം പകുതിയില്‍ വില്‍പ്പന ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്

ന്യൂഡെല്‍ഹി: സിട്രോയെന്‍ ബ്രാന്‍ഡുമായി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരി കമ്പനിയുടെ പദ്ധതികളെ തകിടം മറിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 2021 ആദ്യ പാദത്തില്‍ മാത്രമായിരിക്കും സിട്രോയെന്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു.

സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ സി5 എയര്‍ക്രോസ് പുറത്തിറക്കി ഇന്ത്യന്‍ പ്രയാണം ആരംഭിക്കാനാണ് പിഎസ്എ ഗ്രൂപ്പിന്റെ പദ്ധതി. 2020 രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ എസ് യുവിയുടെ വില്‍പ്പന ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ചെന്നൈയിലെ ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. മാത്രമല്ല, തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെയും ഹൊസൂരിലെയും പ്ലാന്റുകള്‍ അടയ്ക്കുകയും ചെയ്തു.

സിട്രോയെന്‍ സി5 എയര്‍ക്രോസിന്റെ വിപണി അവതരണത്തിന് 2021 ആദ്യ പാദം സാമ്പത്തികമായി കൂടുതല്‍ അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് പിഎസ്എ പ്രസ്താവിച്ചു. ഈ സമയത്ത് ഉപഭോക്തൃ വികാരം നല്ല നിലയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡീലര്‍ പങ്കാളികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ് യുവിയുടെ വിപണി അവതരണം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

അതേസമയം, നേരത്തെ പ്രഖ്യാപിച്ച ‘സി ക്യൂബ്ഡ്”പ്രോജക്റ്റിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗ്രൂപ്പ് പിഎസ്എ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചപോലെ നിക്ഷേപം നടത്തും. സി ക്യൂബ്ഡ് പ്രോജക്റ്റ് അനുസരിച്ച് ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. ഗ്രൂപ്പ് പിഎസ്എയുടെ മാനേജിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കാര്‍ലോസ് ടവാരെസ് കഴിഞ്ഞ വര്‍ഷമാണ് സി ക്യൂബ്ഡ് പ്രോഗ്രാം പ്രഖ്യാപിച്ചത്.

Comments

comments

Categories: Auto
Tags: Citroen