യുഎന്നിലെ ഡ്രാഗണ്‍ കാല്‍പ്പാടുകള്‍

യുഎന്നിലെ ഡ്രാഗണ്‍ കാല്‍പ്പാടുകള്‍

യുഎന്നിന്റെ 15 പ്രത്യേക ഏജന്‍സികളില്‍ നാലെണ്ണത്തിന് ഇന്ന് ബപെയ്ജിംഗ് നേതൃത്വം നല്‍കുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നവയെ ഉയര്‍ന്ന തസ്തികകളില്‍ അവരുടെ ദൃഷ്ടി പതിഞ്ഞിട്ടുമുണ്ട്.

കൊറോണ വൈറസ് ബാധ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും ചൈന അതിന്റെ അധികാര രാഷ്ട്രീയം ആഗോളതലതലത്തില്‍ വ്യാപിപ്പിക്കുന്ന തിരക്കിലാണ്. ഈ പ്രതിസന്ധിഘട്ടത്തെപ്പോലും ബെയ്ജിംഗ് അവസരമായി എടുക്കുമ്പോള്‍ മറ്റുരാജ്യങ്ങള്‍ വൈറസ് വ്യാപനം തടയുന്ന തിരക്കിലാണ്. ചൈനയുടെ ഒരു നീക്കത്തെയും വളരെ ചെറുതായി കാണാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം അത് വിരോധാഭാസവുമില്ല. 2008 ന് ശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ നീക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിയുകയും അമേരിക്കന്‍ നേതൃത്വത്തിന്റെ സ്വാധീനത്തില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. ഈ സാഹചര്യം ഉയര്‍ന്നു വരാന്‍ അന്ന് ചൈനക്ക് സഹായകമായി. ഇക്കാലത്താണ് ദക്ഷിണ ചൈനാക്കടല്‍ വിവാദം പുതിയ തലങ്ങളിലേക്ക് എത്തിയത്. എന്നാല്‍ ബെയ്ജിംഗ് അവിടെ കൃത്രിമ ദ്വീപ് സൃഷ്ടിക്കുകയും തര്‍ക്കപ്രദേശങ്ങളില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചൈനയുടെ ഈ നടപടികള്‍ അമേരിക്കയെ പ്രകോപിപ്പിക്കാനല്ല മറിച്ച് അയല്‍ക്കാരെ നിലക്കുനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു എന്നും പറയപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനം ചൈനയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ജാലകമാണ് തുറന്നു നല്‍കിയത്. ലോകം അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് മുട്ടുകുത്തി നില്‍ക്കുകയാണ്. ഇന്ന് വെന്റിലേറ്ററുകളും മാസ്‌കുകളും അടിയന്തരമായി ആവശ്യമുള്ള രാജ്യങ്ങള്‍ക്ക്് അത് ബെയ്ജിംഗ് വില്‍ക്കുന്നുണ്ട്. ഇത് സാമ്പത്തിക ലാഭം മാത്രമല്ല, സ്വാധീനമുറപ്പിക്കാനുള്ള സാധ്യതയായും അവര്‍ കരുതുന്നു. ചൈനയിലേക്ക് എത്തിയ സാധനങ്ങള്‍ പോലും അവര്‍ മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതായാണ് വാര്‍ത്തകള്‍.

ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനയാണ് ഐക്യരാഷ്ട്ര സഭ. ഈ ബഹുരാഷ്ട്ര സ്ഥാപനം ശക്തരായ രാജ്യങ്ങള്‍ തുല്യ അളവില്‍ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ വികസ്വര രാജ്യങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഓടിയെത്താവുന്ന ഏക സ്ഥാപനം കൂടിയാണ് യുഎന്‍. ഈ രാജ്യങ്ങള്‍ക്കായി ആഗോളതലത്തില്‍ മറ്റൊരു പ്ലാറ്റ്‌ഫോം ഇല്ല എന്നുതന്നെ പറയേണ്ടിവരും. അതിനാല്‍ യുഎന്നിന് പ്രത്യേകമായ വിലയാണ് എല്ലാരാജ്യങ്ങളും നല്‍കിപ്പോരുന്നത്.
ചൈന ഇന്ന് അതിന്റെ നിയന്ത്രണം കൈയ്യാളുന്നതിനുള്ള വല വിരിക്കുകയാണ്. ലോകം കൊറോണക്കാലം പിന്നിടമ്പോള്‍ ആഗോളതലത്തിലെ പല പ്ലാറ്റ്‌ഫോമുകളും ചൈനീസ് നിയന്ത്രണത്തിലെത്തും എന്നതാണ് വാസ്തവം. യുഎന്നിലേക്ക്് യുഎസിനേക്കാള്‍ കുറഞ്ഞ സംഭാവനയാണ് ചൈന നല്‍കുന്നത്. പക്ഷേ അവിടെ ബെയ്ജിംഗിന്റെ സ്വാധീനം വിശാലവും ആഴമേറിയതുമാണ്.

യുഎന്നിന്റെ 15 പ്രത്യേക ഏജന്‍സികളില്‍ നാലെണ്ണത്തിന് ഇന്ന് ചൈന നേതൃത്വം നല്‍കുന്നു – ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ), യുഎന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുണിഡോ), ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു), ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഒഒ) എന്നിവയാണ് അവ. ഫ്രാന്‍സും യുഎസും യുകെയും ഓരോ പ്രത്യേക ഏജന്‍സിയെ മാത്രമാണ് നയിക്കുന്നത്. യുഎന്‍ ബജറ്റിന്റെ 12% മാത്രമാണ് ചൈന നല്‍കുന്നത്. ഇവിടെയും അമേരിക്ക നല്‍കുന്നതിലും കുറവാണ് സംഭാവനയായി ചൈന നല്‍കുന്നത്. മറ്റ് യുഎന്‍ ഏജന്‍സികളിലുടനീളം ചൈനയുടെ കഥ സമാനമാണ്. പരമാവധി സ്വാധീനത്തിന് ഏറ്റവും കുറഞ്ഞ പണം എന്ന നയമാണ് അവര്‍ പിന്തുടരുന്നത്.

കൂടുതല്‍ ആശങ്കാജനകമായ കാര്യം, വിശാലമായ യുഎന്‍ സംവിധാനത്തില്‍ നൂറുകണക്കിന് ബ്യൂറോക്രാറ്റിക് സംവിധാനങ്ങളുടെ നിയന്ത്രണം ചൈന കൂടുതലായി നിയന്ത്രിക്കുന്നു എന്നതാണ്. അത് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉപയോഗിക്കാം. 2017 ലെ കണക്കുകള്‍ പ്രകാരം, ചൈനീസ് പൗരന്മാര്‍ക്ക് യുഎന്നിനുള്ളില്‍ 1,115 സ്ഥാനങ്ങളുണ്ടായിരുന്നു, സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെ. യുഎന്‍ ചാര്‍ട്ടര്‍ ആവശ്യപ്പെടുന്നതുപോലെ അവര്‍ എല്ലായ്‌പ്പോഴും നിഷ്പക്ഷത പുലര്‍ത്തുന്നില്ല. മിക്കപ്പോഴും ചൈനയുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ വിമതരെയും എന്‍ജിഒകളെയും പിന്തുടര്‍ന്ന് തായ്വാനെ അകറ്റി നിര്‍ത്തുന്ന തിരക്കിലുമാണ്. ചൈനീസ് യുഎന്‍ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം നാട്ടിലെ രാഷ്ട്രീയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ഒരാള്‍ അറസ്റ്റുചെയ്യപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്താല്‍, ഉദ്യോഗസ്ഥര്‍ ദേശീയ സര്‍ക്കാര്‍ നയത്തെയാകണം പിന്തുടരേണ്ടത്. ഒരു മുന്‍ ചൈനീസ് അണ്ടര്‍ സെക്രട്ടറി ജനറല്‍ 2019 ലെ ചൈനയുടെ സര്‍ക്കാര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ”ഞങ്ങള്‍ മാതൃരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ശക്തമായി സംരക്ഷിക്കേണ്ടതുണ്ട്”, ഇങ്ങനെ സമ്മതിച്ചിരുന്നു.

ഇത് ഒരു ടു-ഇന്‍-വണ്‍ പദ്ധതിയാണ്. യുഎന്നിനുള്ളിലെ ചൈനീസ് ബ്യൂറോക്രാറ്റുകള്‍ അവിടെ ഒരു ചൈന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. അതുവഴി ചൈനീസ് കമ്പനികളെ അവരുടെ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനയുടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ വാവെയ് കമ്പനിയുടെ പ്രവേശനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. വന്‍ശക്തികള്‍വരെ അവര്‍ക്ക് വഴിപ്പെടുമ്പോള്‍ ചെറു രാജ്യങ്ങളുടെ വാതിലുകള്‍ അവര്‍ക്കുമുന്നില്‍ താനേതുറക്കും എന്ന് ബെയ്ജിംഗിനറിയാം.

മാര്‍ച്ച് 30 ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസ് 500 ബില്യണ്‍ ഡോളറിന്റെ കരാര്‍ ചൈനീസ് ടെക് ഭീമനായ ടെന്‍സെന്റുമായി ഒപ്പുവെച്ചു. 75 വാര്‍ഷികം പ്രമാണിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗും ഡിജിറ്റല്‍ ഡയലോഗ് ഉപകരണങ്ങളും വാങ്ങുന്നതു സംബന്ധിച്ചായിരുന്നു കരാര്‍. ലോകം മഹാമാരിക്കെതിരെ പോരാടുന്ന സാഹചര്യത്തിലാണ് ഈ ഇടപാട് നടന്നതെന്നതാണ് ആശ്ചര്യം. ചൈനീസ് അധികൃതര്‍ പകര്‍ച്ചവ്യാധിക്കാലത്തും അവസരങ്ങള്‍ ഒരുക്കുകയും ഉപയോഗിക്കുകയുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വൈറസ് വ്യാപിക്കുന്നത് സംബന്ധിച്ച് ചൈനയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ചുരുക്കം. ചൈനയില്‍ നിന്ന് നര്‍ദേശങ്ങള്‍ സ്വീകരിച്ചാണോ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കേണ്ടത് എന്ന സംശയങ്ങളുമുയര്‍ന്നിരുന്നു. ചൈനയുടെ പ്രതിച്ഛായ നശിപ്പിക്കുന്നനടപടികളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. കൊറോണ വൈറസ് ഭീഷണിയെ അവര്‍തുടക്കത്തില്‍ നിസാരവല്‍ക്കരിക്കുകയും ചെയ്തിരുന്നു. അത് പതിനായിരങ്ങളുടെ മരണത്തിന് കാരണമായതായും പറയാം. സംഘടന മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാകുമായിരുന്നു. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രാജിവെക്കണമെന്ന് പ്രചാരണവും ആവശ്യവും പിന്നീട് ഉയര്‍ന്നു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവന യുഎസിനേക്കാള്‍ ചെറുതാണെങ്കില്‍ ചൈനയുടെ ശബ്ദം എങ്ങനെ കൂടുതല്‍ ഉയരും? സംഘടനയുടെ ബജറ്റിനായി കഴിഞ്ഞ വര്‍ഷം ചൈന നല്‍കിയത് ഏകദേശം 96 ദശലക്ഷം ഡോളര്‍ മാത്രമാണ്. കൂടാതെ യുഎസ് 893 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി. ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അജണ്ടയിലൂടെ മുന്നോട്ട് കൊണ്ടുപോകാനും ഇന്ന് ചൈനയ്ക്ക് കഴിയും എന്ന് ഇവിടെ വ്യക്തമാകുന്നു. കൊറോണ വൈറസിനെ തടയുന്നതില്‍ വളരെയധികം വിജയിച്ചിട്ടും തായ്വാനെ എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു എന്നതും പ്രധാനമാണ്. ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിലേക്ക് കഴിഞ്ഞ ആഴ്ച ചൈനയെ നിയമിച്ചത് ക്രൂരമായ തമാശയായിരുന്നു. ഒരു ദശലക്ഷത്തിലധികം ഉയിഗറുകളെ തടങ്കല്‍പ്പാളയങ്ങളിലാക്കിയ ചൈന മറ്റ് രാജ്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നിര്‍ണയിക്കും. ഇവിടെ ആവശ്യമുള്ളത് സമഗ്രവും ദീര്‍ഘകാലവുമായ ഒരു തന്ത്രമാണ്.

വിവിധ യുഎന്‍ ഏജന്‍സികളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ തന്ത്രപരമായ നീക്കങ്ങള്‍ എന്നതും ശ്രദ്ധേയം. യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍, ലോക വ്യാപാര സംഘടന, ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് യുഎന്‍ കോണ്‍ഫറന്‍സ് ,ഐസിഎഒ, യുഎന്‍ഐഡിഒ,സിടിബിടിഒ തുടങ്ങിയ ഏജന്‍സികളിലെ ഉന്നത സ്ഥാനങ്ങളിലേക്കാണ് അവര്‍ നോട്ടമിട്ടിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍, യുഎന്‍ സമ്പ്രദായത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യണം എന്നതുമാത്രമാണ് ഇതിനു പ്രതിവിധി. ഇക്കാര്യം എത്രകണ്ട് മുന്നോട്ടു പോകുമെന്ന് കണ്ടുതന്നെ അറിയണം.

Comments

comments

Categories: Top Stories
Tags: China, UN