സസ്യഭക്ഷണവും ആസ്ത്മയും

സസ്യഭക്ഷണവും ആസ്ത്മയും

സസ്യഭക്ഷണം ശീലമാക്കൂ ആസ്ത്മ തടയൂ

ശ്വാസനാളത്തെ ബാധിക്കുന്ന ശ്വാസോച്ഛ്വാസബുദ്ധിമുട്ട്, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്ന വിട്ടുമാറാത്ത കോശജ്വലന അവസ്ഥയാണ് ആസ്ത്മ. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നല്‍കുന്ന കണക്ക് അനുസരിച്ച്, 2018 ല്‍ അമേരിക്കയില്‍ ഏകദേശം 7.7% ആളുകള്‍ക്ക് ആസ്ത്മയുണ്ടായിരുന്നു, ഈ അവസ്ഥയെ തുടര്‍ന്ന് 3,441 പേര്‍ മരിച്ചു. ആസ്ത്മ ലക്ഷണങ്ങളുടെ തിരിച്ചറിഞ്ഞ കാരണങ്ങളില്‍ പ്രധാനം പൂമ്പൊടി, പുകവലി, കഠിന വ്യായാമം, വൈകാരിക സമ്മര്‍ദ്ദം എന്നിവയാണ്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഹിസ്റ്റമിന്‍, ബ്രാഡിക്കിനിന്‍ എന്നീ രാസവസ്തു ശരീരത്തിലുണ്ടാകും. അവ ശ്വാസ നാളീഭിത്തികളില്‍ പ്രവര്‍ത്തിക്കുന്നു. വലിവ്, കിതപ്പ്, വരണ്ട ചുമ, ഉയര്‍ന്ന നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ് എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഭക്ഷണക്രമത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടുത്തുന്നതിനൊപ്പം പാലും പാലുല്‍പ്പന്നങ്ങളും കുറയ്ക്കുന്നത് ആസ്ത്മ തടയുന്നതിനും രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനം. ഇതില്‍ത്തന്നെ പോഷകാഹാര അവലോകനങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ആസ്ത്മയുടെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ പുതിയ അവലോകനം കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം അവയിലെ അലര്‍ജന്റുകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ആന്റിബോഡികളെ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ അലര്‍ജി കോശങ്ങളായ മാസ്റ്റ് സെല്ലുകളെ ഉത്തേജിപ്പിച്ച് ചില രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനഫലമായി ശ്വാസനാളത്തിലെ പേശികള്‍ വലിഞ്ഞു മുറുകി ശ്വാസനാളം വീങ്ങി പ്രാണവായു ശ്വാസകോശങ്ങളിലെത്തുന്നതു തടയപ്പെടും. ഇങ്ങനെയാണ് ആസ്തമയുണ്ടാകുന്നത്. ഏതെങ്കിലും ഭക്ഷണപദാര്‍ഥത്തിനെതിരെ ഒരിക്കല്‍ ആന്റിബോഡികള്‍ ഉല്‍പാദിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എപ്പോള്‍ ആ ഭക്ഷണം കഴിച്ചാലും അലര്‍ജിയുണ്ടാകും. ചുമയോടുകൂടിയ വലിവും ശ്വാസതടസവുമാണ് ആസ്ത്മയുടെ ലക്ഷണങ്ങള്‍. അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍, പൊടി, പുക തുടങ്ങിയ ഘടകങ്ങള്‍ രോഗലക്ഷണങ്ങളെ തീവ്രമാക്കും.

ചോക്‌ളേറ്റ്, ബേക്കറി പലഹാരങ്ങള്‍, എണ്ണ, കൃത്രിമ ഭക്ഷണസാധനങ്ങള്‍ ടിന്നിലടച്ചതും കൂടുതല്‍ കാലം തണുപ്പിച്ചു സൂക്ഷിച്ചവയും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മിതമായി കഴിക്കുക. ചിലര്‍ക്ക് ആസ്തമ കൂടാന്‍ ഇവ കാരണമാവുന്നതായി കണ്ടിട്ടുണ്ട്. സസ്യ ഭക്ഷണത്തിലൂടെ ആസ്ത്മ വരാനുള്ള സാധ്യത കുറയ്ക്കാനും രോഗലക്ഷണ നിയന്ത്രണം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷകര്‍ നിഗമനം ചെയ്യുന്നു, പച്ചക്കറികളിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശ്വാസനാളികളിലെ വീക്കമകറ്റി അവയെ സ്വാതന്ത്രമാക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അതേസമയം പാലുല്‍പ്പന്നങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സസ്യഭക്ഷണങ്ങളും പഴങ്ങളും കഴിക്കുന്നതിനൊപ്പം പാലുല്‍പ്പന്നങ്ങളും മറ്റ് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് – ആസ്ത്മ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ ഉപാധിയാണെന്നു ഗവേഷകരിലൊരാളായ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ ഡോ. ഹാന കഹ്ലിയോവ പറയുന്നു.ആസ്ത്മയും പഴങ്ങളും പച്ചക്കറികളും, പാല്‍, മുട്ട, പൂരിത കൊഴുപ്പ് എന്നിവയുടെ ഉപഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ച നിരവധി പഠനങ്ങള്‍ പഠനസംഘം അവലോകനം ചെയ്തു. 1985-ല്‍ നടത്തിയ ഒരു പഠനത്തില്‍, 35 ആസ്ത്മരോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സസ്യാഹാരം നല്‍കി. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ കഴിയുന്ന പരമാവധി വായുവിന്റെ അളവ് സംബന്ധിച്ച് ശേഷി വിലയിരുത്താന്‍ പരിശോധനകള്‍ പ്രയോജനപ്പെടുത്തി. ഇതില്‍ താരതമ്യത്തിനായി ഒരു നിയന്ത്രണഗ്രൂപ്പും ഉണ്ടായിരുന്നില്ലെന്നതു ശ്രദ്ധേയം. നിയന്ത്രണത്തിന്റെ ഈ അഭാവം അര്‍ത്ഥമാക്കുന്നത് പ്ലേസിബോ ഇഫക്റ്റിനെക്കുറിച്ചോ ഭക്ഷണത്തില്‍ മാറ്റമില്ലാതെ ചില ആളുകളുടെ ലക്ഷണങ്ങള്‍ എങ്ങനെയെങ്കിലും മെച്ചപ്പെടാനുള്ള സാധ്യതയെക്കുറിച്ചോ ഗവേഷണം കണക്കാക്കിയിട്ടില്ല എന്നാണ്.

2015 ലെ മറ്റൊരു പഠനത്തിലാകട്ടെ പ്യൂര്‍ട്ടോ റിക്കോയിലെ 678 കുട്ടികളുടെ ഭക്ഷണവും ആരോഗ്യവും വിലയിരുത്തുന്നതിന് ചോദ്യാവലി ഉപയോഗിച്ചു. കൂടുതല്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഗവേഷണം ക്രോസ്-സെക്ഷണല്‍ ആയിരുന്നു, ഒരു ഇടപെടല്‍ ഫലത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുപകരം ഒരു പ്രത്യേക ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തരം നിരീക്ഷണ പഠനമായിരുന്നു ഇത്. ഗവേഷകര്‍ക്ക് അവരുടെ പഠനഫലങ്ങളിലെ കാരണങ്ങളും ഫലങ്ങളും തമ്മില്‍ ഇതില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അവലോകനത്തില്‍ വിവരിക്കുന്ന ഒരു പ്രാഥമികപഠനത്തില്‍ ആസ്ത്മരോഗികളായ 13 കുട്ടികള്‍ക്ക് പാലും മുട്ടയും ഇല്ലാത്ത ഭക്ഷണക്രമം ഏര്‍പ്പെടുത്തി, മറ്റ് ഒമ്പത് പേര്‍ക്ക് ഇവയുള്‍പ്പെടെ പതിവ് ഭക്ഷണക്രമം തുടര്‍ന്നു. എട്ട് ആഴ്ചകള്‍ക്കുശേഷം, പീക്ക് എക്‌സ്പിറേറ്ററി ഫ്േളാ റേറ്റ്, ഒരു വ്യക്തിക്ക് എത്ര വേഗത്തില്‍ ശ്വസിക്കാന്‍ കഴിയും എന്നതിന്റെ അളവ്, പാലും മുട്ടയും കഴിക്കാത്ത കുട്ടികളില്‍ ശരാശരി 20% മെച്ചപ്പെട്ടു, പക്ഷേ നിയന്ത്രിത ഗ്രൂപ്പുകളില്‍ കാര്യമായ മാറ്റമുണ്ടായില്ല. 2004 ല്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ ഒരു ദൗര്‍ബല്യം, ഇത് ക്രമരഹിതമായിരുന്നില്ല എന്നതാണ്. കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണക്രമം തയാറാക്കണോ അതോ അവര്‍ക്ക് സാധാരണ ഭക്ഷണക്രമം നല്‍കുന്നത് തുടരണമോ എന്ന തീരുമാനം മാതാപിതാക്കള്‍ക്കു വിട്ടു.

സസ്യഭക്ഷണത്തിനായി വാദിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ ഗവേഷകര്‍, ഭക്ഷണത്തെയും ആസ്ത്മയെയും കുറിച്ച് പുതിയൊരു അവലോകനം നടത്തി. അതില്‍ അവര്‍ പറയുന്നത് ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, മൊത്തത്തിലുള്ളതും പൂരിതവുമായ കൊഴുപ്പ്, വിറ്റാമിന്‍ ഡി ഉപഭോഗം എന്നിവ അടങ്ങിയ ഭക്ഷണ ഘടകങ്ങള്‍ ആസ്ത്മയുടെ പാത്തോഫിസിയോളജിയില്‍ ഉള്‍പ്പെടുന്ന രോഗപ്രതിരോധ മാര്‍ഗങ്ങളെ ബാധിച്ചേക്കാമെന്നാണ്. എങ്കിലും ഇവ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് ഭക്ഷണ മാര്‍ഗ്ഗങ്ങളിലൂടെ ആസ്ത്മ പ്രതിരോധം സാധ്യമാണെന്നു തെളിയിക്കുന്ന പരീക്ഷണനിരീക്ഷണങ്ങള്‍ ആവശ്യമാണ്. ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണം നടത്താനും വ്യാഖ്യാനിക്കാനും ഇതു പ്രയോജനകരമാകും.

പുതിയ പഠനവും ചിട്ടയായ അവലോകനമായിരുന്നില്ല, എങ്കിലും ലഭ്യമായ ഏറ്റവും മികച്ച ക്ലിനിക്കല്‍ തെളിവുകളുടെ കര്‍ശനവും നിഷ്പക്ഷവുമായ വിലയിരുത്തലിനുള്ള മികച്ച മാനദണ്ഡമാണിത്.
ആസ്ത്മയുള്ളവര്‍ക്കുള്ള മുഖ്യധാരാ വൈദ്യോപദേശങ്ങളില്‍ ഈ കണ്ടെത്തലുകള്‍ പരിഗണിക്കുന്നില്ല. അമേരിക്കന്‍ ലംഗ് അസോസിയേഷന്‍, യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്), യുകെ എന്നിവയുള്‍പ്പെടെയുള്ള ദേശീയ ആരോഗ്യസംരക്ഷണ ഓര്‍ഗനൈസേഷനുകള്‍ ആളുകള്‍ പാല്‍ ഉപഭോഗം കുറയ്ക്കാനോ സസ്യാഹാരം കഴിക്കാനോ ശുപാര്‍ശ ചെയ്യുന്നു. ജന്തുജന്യമായ ഭക്ഷണങ്ങളില്‍ നിന്ന് അരക്കിഡോണിക് ആസിഡ് എന്ന കൊഴുപ്പ് ആണ് ഭക്ഷണത്തില്‍ നിന്നുള്ള ആസ്ത്മയ്ക്ക് പ്രധാന കാരണം. ശ്വാസകോശ നാളികളുടെ ആരോഗ്യത്തിനും വികാസത്തിനും സഹായിക്കുകയും അതിലൂടെ ആസ്മ കുറയ്ക്കുകയും ചെയ്യുന്ന ഒരു പോഷകമാണ് മഗ്‌നീഷ്യം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ മഗ്‌നീഷ്യത്തിന്റെ ഉറവിടങ്ങളാണ്.

Comments

comments

Categories: Health