മനം കവരുന്ന വൈറസ് അല്‍യെന്‍

മനം കവരുന്ന വൈറസ് അല്‍യെന്‍

റിമിനി ആസ്ഥാനമായ വൈറസിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് അല്‍യെന്‍ 988

റിമിനി, ഇറ്റലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് എന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് ഈ വൈറസ്. ആംഗലേയഭാഷയില്‍ പേര് എഴുതുമ്പോള്‍ വി കഴിഞ്ഞ് ‘ഐ’ എന്നല്ല ‘വൈ’ എന്നാണ് ഉപയോഗിക്കുന്നത്. റിമിനി ആസ്ഥാനമായ വൈറസിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് അല്‍യെന്‍ 988 എന്ന സൂപ്പര്‍ബൈക്ക്.

ഡുകാറ്റി 1299 പാനിഗാലെ മോട്ടോര്‍സൈക്കിളിന്റെ എന്‍ജിനാണ് വൈറസ് അല്‍യെന്‍ സ്‌പോര്‍ട്ട്‌ബൈക്ക് ഉപയോഗിക്കുന്നത്. ഈ സൂപ്പര്‍ക്വാഡ്രോ എന്‍ജിന്‍ 202 ബിഎച്ച്പി കരുത്ത്
ഉല്‍പ്പാദിപ്പിക്കുന്നു.

ഫ്രെയിം, സ്വിംഗ്ആം, ബോഡിവര്‍ക്ക് എന്നിവ വൈറസ് തന്നെയാണ്
രൂപകല്‍പ്പന ചെയ്തത്. ബോഡി പാനലുകള്‍, ചക്രങ്ങള്‍ എന്നിവയെല്ലാം കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചു. മഗ്‌നീഷ്യം ഉപയോഗിച്ചാണ് ഇരട്ട തണ്ടുകളോടുകൂടിയ ‘ഡബിള്‍ ഒമേഗ’ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അനാവരണം ചെയ്ത ബൈമോട്ടയുടെ ‘ടെസി എച്ച്2’ മോട്ടോര്‍സൈക്കിള്‍ പോലെ ഹബ് കേന്ദ്രീകൃത സ്റ്റിയറിംഗ് സംവിധാനത്തിലാണ് വൈറസ് അല്‍യെന്‍ ഓടുന്നത്. മുന്നിലെ രണ്ട് സ്വിംഗ്ആമുകളിലാണ് സ്റ്റിയറിംഗ് പ്രവര്‍ത്തിക്കുന്നത്.

മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന അനുപമമാണ്. അതേസമയം ബൈമോട്ട ടെസി എച്ച്2 മോട്ടോര്‍സൈക്കിളുമായി സമാനതകള്‍ കാണാം. രണ്ട് ബൈക്കുകളും രൂപകല്‍പ്പന ചെയ്തത് ഒരാള്‍ തന്നെയാണ് എന്നതാണ് കാരണം. അസ്‌കാനിയോ റോഡ്രിഗോയാണ് ഡിസൈനര്‍.

നിലവില്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മാത്രമാണ് വൈറസ് വെളിപ്പെടുത്തിയിരിക്കുന്നത്. അല്‍യെന്‍ സൂപ്പര്‍ബൈക്കിന് എത്രമാത്രം വില വരുമെന്ന് കമ്പനി മിണ്ടിയില്ല. എന്നാല്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, ലുക്ക്, വാഹനഘടകങ്ങള്‍, സവിശേഷ സ്റ്റിയറിംഗ് എന്നിവ കണക്കിലെടുക്കുമ്പോള്‍ പലര്‍ക്കും താങ്ങാന്‍ കഴിയില്ല.

Comments

comments

Categories: Auto