ഉല്‍പ്പാദന നിയന്ത്രണ കരാറില്‍ അമേരിക്കയും പങ്കാളിയാകണമെന്ന് ഒപെക് പ്ലസ് ആവശ്യപ്പെട്ടേക്കും

ഉല്‍പ്പാദന നിയന്ത്രണ കരാറില്‍ അമേരിക്കയും പങ്കാളിയാകണമെന്ന് ഒപെക് പ്ലസ് ആവശ്യപ്പെട്ടേക്കും

അമേരിക്ക പങ്കെടുത്താല്‍ മാത്രമേ എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തിന് തയാറാകുകയുള്ളുവെന്ന് ഒപെക് അംഗങ്ങള്‍

റിയാദ്: എണ്ണവിപണിയെ സന്തുലിതാവസ്ഥയില്‍ തിരികെ എത്തിക്കുന്നതിനുള്ള ഉദ്യമത്തില്‍ അമേരിക്കയും പങ്കാളിയായാല്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ സൗദി അറേബ്യയും റഷ്യയും ഉള്‍പ്പടെയുള്ള പ്രധാന ഉല്‍പ്പാദകര്‍ തയ്യാറായേക്കുമെന്ന് സൂചന. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എണ്ണവിപണിക്കുണ്ടാകുന്ന നഷ്ടം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ചേരുന്ന ഒപെക് പ്ലസ് യോഗത്തില്‍ ഉല്‍പ്പാദകര്‍ ഇക്കാര്യം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് എണ്ണയ്ക്ക് 30 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞിരുന്നു. മാത്രമല്ല, ഉല്‍പ്പാദന നിയന്ത്രണത്തിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സൗദി അറേബ്യയും റഷ്യയും അനിയന്ത്രിതമായി എണ്ണ ഉല്‍പ്പാദിപ്പിച്ചതിനെ തുടര്‍ന്ന് വിപണികളില്‍ എണ്ണ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. ദീര്‍ഘകാലമായി വിപണി നേരിടുന്ന അത്യന്തം ദോഷകരമായ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണക്കയറ്റുമതി രാജ്യങ്ങളും റഷ്യ ഉള്‍പ്പെടുന്ന മറ്റ് ഉല്‍പ്പാദകരും വീണ്ടും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഒപെക് ഇതര എണ്ണ ഉല്‍പ്പാദകരും, പ്രത്യേകിച്ച് അമേരിക്ക ഈ ഉദ്യമത്തില്‍ പങ്കാളിയാകണമെന്നതാണ് ഇവരുടെ ആവശ്യം.

അമേരിക്കയില്ലാതെ എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ ഒരു കരാര്‍ ഉണ്ടാകില്ലെന്നാണ് ഒരു ഒപെക് വൃത്തം പറയുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഒപെക് പ്ലസ് യോഗം ചേരുക.

വിപണിയെ വീണ്ടും സ്ഥിരതയിലേക്കെത്തിക്കാന്‍ ആഗോള എണ്ണ വിപണിയിലെ 10-15 ശതമാനം എണ്ണയുടെ വിതരണം നിയന്ത്രിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതെങ്കിലും ഉല്‍പ്പാദന നിയന്ത്രണത്തില്‍ അമേരിക്ക പങ്കെടുക്കുമെന്ന് ഇതുവരെ ഒരു ഉറപ്പും അവര്‍ നല്‍കിയിട്ടില്ല. അമേരിക്കയില്‍ നിലവിലുള്ള ആന്റിട്രസ്റ്റ് നിയമങ്ങള്‍ ഇത്തരമൊരു സഹകരണത്തിന് അമേരിക്കന്‍ ഉല്‍പ്പാദകരെ അനുവദിക്കില്ല. പകരം ഉല്‍പ്പാദന നിയന്ത്രണത്തിനായി മറ്റ് ഉല്‍പ്പാദകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ അമേരിക്ക നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ബന്ധിത ഉല്‍പ്പാദന നിയന്ത്രണത്തെ അമേരിക്കന്‍ എണ്ണക്കമ്പനികളും അനുകൂലിക്കുന്നില്ല. അത്തരത്തിലൊരു നീക്കമുണ്ടായാല്‍ അത് അമേരിക്കയെ സംബന്ധിച്ച് തീര്‍ത്തും അസാധാരണമായിരിക്കും.

വെള്ളിയാഴ്ച സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി20 ഊര്‍ജമന്ത്രിമാരും ചില അന്താരാഷ്ട്ര സംഘടനകളും യോഗം ചേരുന്നുണ്ട്. ഉല്‍പ്പാദന നിയന്ത്രണ കരാറില്‍ അമേരിക്കയെയും ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: OPEC

Related Articles