ദുബായ് ക്രീക്ക് ഹാര്‍ബര്‍ ഉള്‍പ്പടെ ഇമാറിന്റെ പ്രധാന പ്രോജക്ടുകളുടെ നിര്‍മാണം നിര്‍ത്തിവെച്ചു

ദുബായ് ക്രീക്ക് ഹാര്‍ബര്‍ ഉള്‍പ്പടെ ഇമാറിന്റെ പ്രധാന പ്രോജക്ടുകളുടെ നിര്‍മാണം നിര്‍ത്തിവെച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇമാര്‍ പ്രഖ്യാപിച്ചിരുന്നു

ദുബായ്: പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാര്‍ കമ്പനിയുടെ എല്ലാ സുപ്രധാന പദ്ധതികളിലെയും നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. ദുബായ് ക്രീക്ക് ഹാര്‍ബര്‍ അടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവെച്ചതായി വിശ്വസിനീയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബുര്‍ജ് ഖലീഫയേക്കാളും ഉയരം അവകാശപ്പെടുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ ടവറിന്റെ നിര്‍മാണവും ഇമാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

നിര്‍മാണം പൂര്‍ത്തിയായാല്‍ ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഇമാറിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായിരിക്കും ദുബായ് ക്രീക്ക് ഹാര്‍ബറെന്നാണ് അനുമാനം.

കോവിഡ്-19 മൂലം ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇമാര്‍ ജീവനക്കാരുടെ ശമ്പളഘടന പരിഷ്‌കരിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന പദ്ധതികളുടെ നിര്‍മാണം ഇമാര്‍ നിര്‍ത്തിവെക്കുന്നുവെന്ന വാര്‍ത്ത. കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അലബ്ബര്‍ ശമ്പളം പൂര്‍ണമായി വേണ്ടെന്നുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ തുടങ്ങി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ ശമ്പളഘടന പ്രകാരമായിരിക്കും കമ്പനി ശമ്പളവിതരണം നടത്തുക. കമ്പനിയിലെ സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ (ഗ്രേഡ് 13-9) ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കും. മിഡില്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ (ഗ്രേഡ് 8-7) ശമ്പളം 40 ശതമാനവും ജൂനിയര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 30 ശതമാനവും വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

പകര്‍ച്ചവ്യാധി മൂലം ഇമാറിന്റെ ചില ഹോട്ടലുകള്‍ താത്കാലികമായി അടച്ചിരുന്നു.

Comments

comments

Categories: Arabia

Related Articles