ഭില്‍വാര മോഡല്‍ പരീക്ഷിക്കാന്‍ കേന്ദ്രം

ഭില്‍വാര മോഡല്‍ പരീക്ഷിക്കാന്‍ കേന്ദ്രം
  • രാജ്യത്തെ മറ്റ് കൊറോണ പ്രഭവകേന്ദ്രങ്ങളിലും ഭില്‍വാര മാതൃകയില്‍ നടപടികള്‍ കര്‍ശനമാക്കിയേക്കും
  • 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഭില്‍വാരയില്‍ മാര്‍ച്ച് 30 ന് ശേഷം രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രം
  • ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും ആവശ്യം കേന്ദ്രം പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ കേന്ദ്രങ്ങളെയാകെ ഐസൊലേഷനിലാക്കി പകര്‍ച്ചവ്യാധിയെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാജസ്ഥാനിലെ ഭില്‍വാരയില്‍ പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റ് സംസ്ഥാനങ്ങളിലെ കൊറോണ പ്രഭവകേന്ദ്രങ്ങളിലും നടപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയം തയാറെടുക്കുന്നത്. ഭില്‍വാര മോഡല്‍, കൊറോണ പ്രതിരോധത്തിന് വളരെയേറെ ഫലപ്രദമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ആശയവിനിമയത്തിനിടെ കേന്ദ്ര കാബ്‌നെറ്റ് സെക്രട്ടറി രാജീവ് ഗൗബ ചൂണ്ടിക്കാട്ടി. ഭില്‍വാരക്ക് പുറമെ കിഴക്കന്‍ ഡെല്‍ഹി, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും ഈ തന്ത്രം വിജയം കണ്ടിട്ടുണ്ട്.

27 രോഗികളുമായി ചുരുങ്ങിയ സമയം കൊണ്ട് രാജസ്ഥാനിലെ കൊറോണ കേന്ദ്രമായി മാറിയ ഭില്‍വാരയെ രക്ഷിച്ചത് ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലും കടുത്ത നടപടികളുമാണ്. മാര്‍ച്ച് 19 നാണ് ടെക്‌സ്റ്റൈല്‍ ബിസിനസിന്റെ കേന്ദ്രമായ ഭില്‍വാരയില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്റ്ററായിരുന്നു ആദ്യ രോഗി. മണിക്കൂറുകള്‍ കൊണ്ട് രോഗികളുടെ എണ്ണം പലയിരട്ടിയായി വര്‍ധിച്ചു. ജില്ലാ അതിര്‍ത്തികള്‍ അടച്ച് കര്‍ഫ്യൂ പ്രഖ്യാപിച്ചശേഷം വന്‍തോതില്‍ രോഗനിര്‍ണയ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം അടിയന്തരമായി ചെയ്തത്. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന 2,000 പേര്‍ വീടുവീടാന്തരം കയറിയിറങ്ങി 28 ലക്ഷം ആളുകളെ പരിശോധനക്ക് വിധേയമാക്കി. പനിയുടെ ലക്ഷണം കാണിച്ച എല്ലാവരെയും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു. ഇതിന്റെയെല്ലാം ഫലമായി മാര്‍ച്ച് 30 ന് ശേഷം രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. മൂന്നുഘട്ടമായി നടപ്പാക്കി വിജയിച്ച പരിപാടി, രാജ്യത്തെ കൊറോണ ബാധിത പ്രദേശങ്ങള്‍ക്കെല്ലാം മാതൃകയായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നു.

ഒരാളില്‍ നിന്ന് 406 പേരിലേക്ക്

കോവിഡ് ബാധിതനായ വ്യക്തിയെ ഐസൊലേഷനിലാക്കിയില്ലെങ്കില്‍ 30 ദിവസം കൊണ്ട് അയാള്‍ ശരാശരി 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. ആര്‍നോട്ട് (ഞ0) എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നത്. ലോക്ക്ഡൗണിന്റെയും സാമൂഹിക അകലം പാലിക്കലിന്റെയും പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് കേന്ദ്ര ആരോഗ്യ ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നീട്ടണോ?

കൊറോണ പകര്‍ച്ച തടയാന്‍ രാജ്യമാകെ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടണോയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. വിവിധ സംസ്ഥാനങ്ങലും ആരോഗ്യ, ദുരന്ത നിവാരണ മേഖലകളിലെ വിദഗ്ധരും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ പിന്‍പറ്റിയുള്ള രോഗവ്യാപനമാണ് കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചത്. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍ രോഗവ്യാപനം 30 ശതമാനത്തിലേറെ കുറയുമായിരുന്നു. എല്ലാ സാധ്യതകളും വിശകലനം ചെയ്ത് വരികയാണെന്നും ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യ ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പ്രതികരിച്ചു.

Categories: FK News, Slider