ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 വിട പറഞ്ഞു

ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 വിട പറഞ്ഞു

രണ്ട് കമ്യൂട്ടര്‍ ബൈക്കുകളും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിക്കില്ല

ന്യൂഡെല്‍ഹി: ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിര്‍ത്തി. രണ്ട് കമ്യൂട്ടര്‍ മോഡലുകളും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിക്കില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നു ബജാജ് ഓട്ടോയുടെ തീരുമാനം. ബജാജ് നിരയില്‍ ഏറ്റവും പഴക്കംചെന്ന നെയിംപ്ലേറ്റുകളിലൊന്നായിരുന്നു ഡിസ്‌കവര്‍. കഴിഞ്ഞ പതിനാറ് വര്‍ഷമായി വ്യത്യസ്ത ഡിസ്‌പ്ലേസ്‌മെന്റുകളില്‍ ഡിസ്‌കവര്‍ ബൈക്കുകള്‍ വിറ്റിരുന്നു.

പതിനാറ് വര്‍ഷത്തിനിടെ നിരവധി ഡിസ്‌കവര്‍ മോഡലുകളാണ് ബജാജ് ഓട്ടോ വിപണിയിലെത്തിച്ചത്. 125 സിസി മോഡലാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും പിന്നീട് 100 സിസി, 135 സിസി, 150 സിസി ഡിസ്‌കവര്‍ മോഡലുകള്‍ പുറത്തിറക്കി. ഇത്രയും കാലത്തിനിടെ ഡിസ്‌കവര്‍ നെയിംപ്ലേറ്റില്‍ മുപ്പതോളം വേരിയന്റുകളാണ് വിറ്റത്. പരിഷ്‌കരിച്ച ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 മോഡലുകള്‍ 2018 ലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ബജാജ് ഡിസ്‌കവര്‍ ബൈക്കുകളുടെ കയറ്റുമതി കൂടി നിര്‍ത്തിയോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. മറ്റു പല വികസ്വര വിപണികളിലും ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ല. നിലവില്‍ കയറ്റുമതി ചെയ്യുന്ന ബിഎസ് 4 ഡിസ്‌കവര്‍ 125 തുടര്‍ന്നും ഈ വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ ഡിസ്‌കവര്‍ ബ്രാന്‍ഡ് പുതിയ അവതാരത്തില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto