125-ാം വാര്‍ഷികനിറവില്‍ സ്‌കോഡ

125-ാം വാര്‍ഷികനിറവില്‍ സ്‌കോഡ

ബൈസൈക്കിളുകള്‍ നിര്‍മിച്ചുകൊണ്ട് 1895 ലാണ് ചെക്ക് വാഹന നിര്‍മാതാക്കളുടെ കഥ ആരംഭിക്കുന്നത്

പ്രാഗ്: 2020 ല്‍ 125-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. ആഗോളതലത്തില്‍ ഏറ്റവും പഴക്കംചെന്ന വാഹന നിര്‍മാതാക്കളിലൊന്നായ സ്‌കോഡ 1895 ല്‍ ബൈസൈക്കിളുകള്‍ നിര്‍മിച്ചുകൊണ്ടാണ് തുടങ്ങിയത്. ഇതേതുടര്‍ന്ന് 1899 ല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചുതുടങ്ങി. 1900 ലാണ് വലിയ വിജയമായി മാറിയ ‘വോയ്ചറെറ്റ് എ’ എന്ന ആദ്യ കാര്‍ നിര്‍മിച്ചത്. 1930 കളുടെ രണ്ടാം പകുതിയില്‍ വിപണിയിലെത്തിയ ‘സ്‌കോഡ പോപ്പുലര്‍’ വലിയ ജനപ്രീതി നേടി.

‘സ്‌കോഡ 440’ പുറത്തിറക്കുന്നതിന് 1950 കള്‍ സാക്ഷ്യം വഹിച്ചു. ഈ മോഡലാണ് 1959 ല്‍ ആദ്യ ഒക്ടാവിയ ആയി പരിണമിച്ചത്. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം സ്‌കോഡ നിര്‍മിച്ച എട്ടാമത്തെ മോഡല്‍ എന്ന നിലയിലാണ് ഒക്ടാവിയ എന്ന പേര് നല്‍കിയത്. പിന്നീട് 2+2 കൂപ്പെ മോഡലായ സ്‌കോഡ 110 ആര്‍, ഫെലിസിയ റോഡ്സ്റ്റര്‍, 1000 എംബി മോഡലുകള്‍ വിപണിയിലെത്തി. 1987 ലാണ് ‘സ്‌കോഡ ഫേവറിറ്റ്’ മോഡലുകള്‍ പുറത്തിറക്കിയത്.

1990 ഡിസംബറില്‍ ഫോക്‌സ് വാഗണ്‍, ഔഡി, സിയറ്റ് എന്നിവ കൂടാതെ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിലെ നാലാമത്തെ ബ്രാന്‍ഡായി സ്‌കോഡ മാറി. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ ചെക്ക് ബ്രാന്‍ഡ് അഭിവൃദ്ധി നേടി. മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സ്‌കോഡയുടെ ഉല്‍പ്പാദനം ആറ് മടങ്ങായി വര്‍ധിച്ചു. സൂപ്പര്‍ബ്, ഒക്ടാവിയ, ഫാബിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറി.

കോഡിയാക്ക്, കറോക്ക്, കാമിക്ക് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് സ്‌കോഡയുടെ എസ് യുവി കുടുംബം. ചെക്ക് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ വൈദ്യുത വാഹനത്തിന് ഇനിയാക്ക് എന്നാണ് നല്‍കിയിരിക്കുന്ന പേര്. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോം (എംഇബി) അടിസ്ഥാനമാക്കുന്ന ആദ്യ സ്‌കോഡ വാഹനമായിരിക്കും ഇനിയാക്ക് എസ് യുവി. 2022 അവസാനിക്കുന്നതിനുമുമ്പ് പത്തിലധികം പൂര്‍ണ/ഹൈബ്രിഡ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുകയാണ് സ്‌കോഡയുടെ ലക്ഷ്യം.

Comments

comments

Categories: Auto
Tags: Skoda