തന്ത്രപ്രധാന സംഭരണം ശക്തമാക്കാന്‍ യുഎഇ; വിസ അനുബന്ധ പിഴകളില്‍ വര്‍ഷം മുഴുവന്‍ ഇളവ്

തന്ത്രപ്രധാന സംഭരണം ശക്തമാക്കാന്‍ യുഎഇ; വിസ അനുബന്ധ പിഴകളില്‍ വര്‍ഷം മുഴുവന്‍ ഇളവ്
  • ഗള്‍ഫിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഏഴായിരത്തിനടുത്തെത്തി
  • ഏറ്റവും കൂടുതല്‍ രോഗികളും മരണവും സൗദി അറേബ്യയില്‍

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന അവശ്യവസ്തുക്കളുടെ സംഭരണം ശക്തമാക്കാന്‍ യുഎഇ തീരുമാനം. താമസ വിസയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഈ വര്‍ഷം മുഴുവന്‍ വേണ്ടെന്നുവെക്കാനും യുഎഇ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ തീരുമാനങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ചത്. 1,800ലധികം വൈറസ് കേസുകളും പത്ത് മരണവും റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് സമ്പൂര്‍ണമായ പിന്തുണ നല്‍കണമെന്ന് രാജ്യത്തെ ഫാക്ടറികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ഷേഖ് മുഹമ്മദ് അറിയിച്ചു. അതേസമയം ഏതൊക്കെ അവശ്യവസ്തുക്കളുടെ സംഭരണമാണ് വര്‍ധിപ്പിക്കുകയെന്നോ വിസ അനുബന്ധ പിഴകളുടെ കൂടുതല്‍ വിശദാംശങ്ങളോ ഷേഖ് മുഹമ്മദ് വ്യക്തമാക്കിയിട്ടില്ല.

രോഗബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയതിന് ശേഷം യുഎഇയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ രാജ്യത്ത് ശക്തമാക്കി. ദുബായില്‍ ശനിയാഴ്ച ആരംഭിച്ച ലോക്ഡൗണ്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കും.

യുകെയില്‍ കുടുങ്ങിക്കിടക്കുന്ന എണ്‍പതിലധികം എമിറാറ്റികളെ രണ്ട് വിമാനങ്ങളിലായി ഈ ആഴ്ച തന്നെ രാജ്യത്തെത്തിക്കുമെന്ന് യുകെയിലെ യുഎഇ എംബസി അറിയിച്ചിട്ടുണ്ട്. യുഎഇയിലെ ദേശീയ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഭാഗികമായി യാത്രാവിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം യുകെയിലേക്ക് മടങ്ങാന്‍ സാധിക്കാതെ യുഎഇയില്‍ കുടുങ്ങിയ 345 ഓളം ബ്രിട്ടീഷ് പൗരന്മാരെ എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടിലെത്തിച്ചതായും യുഎഇ എംബസി അറിയിച്ചു.

ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി ആകെ ഏഴായിരത്തോളം കൊറോണ വൈറസ് കേസുകളും 54 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്. പുതിയതായി അഞ്ച് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ആകെ 2,385 രോഗബാധിതരാണ് സൗദിയില്‍ ഉള്ളത്. വിദേശങ്ങളിലുള്ള സൗദി പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലുള്ള പ്രായമായവരെയും ഗര്‍ഭിണികളെയും തിരികെ എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പൗരന്മാരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി 11,000 ഹോട്ടല്‍ മുറികള്‍ സജ്ജമാക്കിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സൗദി ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചിരുന്നു. ജൂലൈയില്‍ ആരംഭിക്കേണ്ടിയിരുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി കാത്തിരിക്കണമെന്നും അധികൃതര്‍ മുസ്ലീം മതവിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് പലിശരഹിത വായ്പകള്‍ ലഭ്യമാക്കാന്‍ തദ്ദേശീയ ബാങ്കുകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് രംഗത്തെത്തി. ഖത്തര്‍ അമീറിന്റെ നിര്‍ദ്ദേശപ്രകാരം ധനമന്ത്രാലയവുമായും കേന്ദ്രബാങ്കുമായും രാജ്യത്തെ മറ്റ് ബാങ്കുകളുമായും ചേര്‍ന്നാണ് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് പദ്ധതി നടപ്പിലാക്കുക.

Comments

comments

Categories: Arabia
Tags: UAE