സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ യുഎഇയിലെ ലിസ്റ്റഡ് കമ്പനികള്‍ക്ക് 45 ദിവസം അധികസമയം

സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ യുഎഇയിലെ ലിസ്റ്റഡ് കമ്പനികള്‍ക്ക് 45 ദിവസം അധികസമയം

ഓഹരി വില നഷ്ടത്തിനുള്ള കുറഞ്ഞ പരിധി പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ എസ്‌സിഎ നേരത്തേ തീരുമാനിച്ചിരുന്നു

ദുബായ്: കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷം ആദ്യ പാദത്തിലെയും സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലിസ്റ്റഡ് കമ്പനികള്‍ക്ക് 45 ദിവസം അധികമായി അനുവദിക്കാന്‍ യുഎഇയിലെ വിപണി നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിക്ഷേപകരിലും മൂലധന വിപണികളിലും ഉണ്ടാക്കിയ ആഘാതം മൂലമുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാണ് കമ്പനികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.

2019 സാമ്പത്തിക വര്‍ഷത്തെ വരുമാന വിവരങ്ങള്‍ മേയ് 14ന് മുമ്പായും ഈ വര്‍ഷം ആദ്യപാദത്തിലെ വിവരങ്ങള്‍ ജൂണ്‍ 30ന് മുമ്പായും റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് എസ്‌സിഎ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. യുഎഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ തദ്ദേശീയ, വിദേശ കമ്പനികള്‍ക്കും എസ്‌സിഎയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈസന്‍സുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ക്കും ഈ ഇളവുകള്‍ ബാധകമാണ്.

നിക്ഷേപകരില്‍ ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുന്നതിനായി ഓഹരികളുടെ വിലത്തകര്‍ച്ചയുടെ പരിധി പകുതിയാക്കി കുറയ്ക്കാന്‍ എസ്‌സിഎ തീരുമാനിച്ചിരുന്നു. ഈ പരിധി പിന്നിട്ടാല്‍ ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തുന്ന സ്ഥിതിയുണ്ടാകും. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ അസ്ഥിരത വര്‍ധിച്ചതോടെയാണ് വില കുറയുന്നതിനുള്ള കുറഞ്ഞ പരിധി പത്ത് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ എസ്‌സിഎ തീരുമാനിച്ചത്.കുവൈറ്റിലെ ഓഹരി നിയന്ത്രണ അതോറിട്ടിയാണ് ഇത്തരത്തില്‍ ആദ്യമായി വിലനഷ്ടത്തിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനമെടുത്തത്. കുവൈറ്റിലെ പ്രീമിയര്‍ വിപണി ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ പത്ത് ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്നായിരുന്നു പരിധി അഞ്ച് ശതമാനമാക്കാനുള്ള തീരുമാനം.

പ്രാദേശിക ഓഹരി വിപണികളെ പിന്തുണയ്ക്കുന്നതിനായി വ്യാപാരത്തെ ദോഷകരമായി ബാധിക്കാതെ ലിസ്റ്റഡ് കമ്പനികള്‍ക്ക് ഓഹരികള്‍ തിരികെ വാങ്ങാനുള്ള സൗകര്യമൊരുക്കുമെന്നും എസ്‌സിഎ അറിയിച്ചു. സുരക്ഷിതമായ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെ മാത്രമേ ജനറല്‍ അസംബ്ലി മീറ്റിംഗുകള്‍ നടത്താവുള്ളുവെന്നും എസ്‌സിഎ ലിസ്റ്റഡ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ ഒന്നാകെ അസ്ഥിരത പിടിമുറുക്കിയ സാഹചര്യത്തിലാണ് വിപണികളെയും ലിസ്റ്റഡ് കമ്പനികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി എസ്‌സിഎ രംഗത്തെത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആഗോള ഓഹരി വിപണികള്‍ ഏതാണ്ട് 20 ട്രില്യണ്‍ ഡോളറിന്റെ നഷ്ടത്തിനാണ് വേദിയായത്.

Comments

comments

Categories: Arabia

Related Articles