കടുവയ്ക്ക് കോവിഡ്-19 പരിശോധനയില്‍ ഫലം പോസിറ്റീവ്

കടുവയ്ക്ക് കോവിഡ്-19 പരിശോധനയില്‍ ഫലം പോസിറ്റീവ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഒരു കടുവയ്ക്കു കോവിഡ്-19 പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവാണെന്നു തെളിഞ്ഞു. ഞായറാഴ്ചയാണ് മൃഗശാല അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. ബ്രോങ്ക്്സ് മൃഗശാലയിലെ നാല് വയസുകാരി നാദിയ എന്ന മലയന്‍ കടുവയുടെ (Malayan tiger) പരിശോധനാ ഫലമാണു പോസിറ്റീവാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ കടുവയ്‌ക്കൊപ്പം കഴിയുന്ന മറ്റ് മൂന്ന് കടുവകള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായും അധികൃതര്‍ പറഞ്ഞു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറാണ് നാദിയയെ വെറ്റിറനറി ലാബില്‍ പരിശോധിച്ചത്. കൊറോണ വൈറസ് ബാധയുള്ളതായി കണ്ടെത്തിയ ലോകത്തിലെ ആദ്യ മൃഗമായി ഇതോടെ ഈ കടുവ മാറുകയും ചെയ്തു. മൃഗശാലയില്‍ നാദിയക്കൊപ്പം കഴിയുന്ന കടുവകളും സിംഹങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല വിശപ്പ് കുറയുന്നതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണു പരിശോധിച്ചത്.

മൃഗശാലയില്‍ കോവിഡ്-19 ബാധിതന്റെ ലക്ഷണങ്ങളുള്ള ഒരു പരിചാരകനില്‍നിന്നായിരിക്കാം കടുവയ്ക്കു വൈറസ് ബാധിച്ചതെന്നു കരുതുന്നുണ്ട്. അമേരിക്കയില്‍ ഏറ്റവുമധികം കോവിഡ്-19 ബാധിച്ച പ്രദേശങ്ങളിലൊന്നാണു ന്യൂയോര്‍ക്ക്. 4,000 ത്തോളം പേരാണു വൈറസ് ബാധയെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ മരണമടഞ്ഞത്. മാര്‍ച്ച് 16 മുതല്‍ ന്യൂയോര്‍ക്കിലെ എല്ലാ മൃഗശാലകളും അക്വേറിയവും അടച്ചിട്ടിരിക്കുകയാണ്. കോവിഡ്-19 മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു വ്യാപിച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഹോങ്കോങില്‍ നിരവധി മൃഗങ്ങള്‍ പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നു.

Comments

comments

Categories: FK News
Tags: Covid 19, tiger

Related Articles