സൗദിയിലെ അല്‍മറായ്‌യുടെ ആദ്യപാദ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധന

സൗദിയിലെ അല്‍മറായ്‌യുടെ ആദ്യപാദ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധന
  • അറ്റാദായം 383 മില്യണ്‍ സൗദി റിയാലായി
  • കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബിസിനസിനെ സാരമായി ബാധിച്ചില്ലെന്ന് വിലയിരുത്തല്‍
  • ഡാങ്കോ മരാസിനെ സിഎഫ്ഒ ആയി നിയമിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ക്ഷീരോല്‍പ്പന്ന നിര്‍മാതാക്കളും വിതരണക്കാരുമായ അല്‍മറായ്‌യുടെ ആദ്യപാദ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധന. വരുമാനത്തിലുണ്ടായ വര്‍ധനവാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബിസിനസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് കമ്പനി വ്യക്തമാക്കി.

മാര്‍ച്ച് 31ന് അവസാനിച്ച 2019ലെ ആദ്യ മൂന്ന് മാസ കാലയളവില്‍ ഓഹരിയുടമകള്‍ക്ക് അവകാശപ്പെട്ട അറ്റാദായം 383 മില്യണ്‍ സൗദി റിയാലായി ഉയര്‍ന്നതായി കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്ത സൗദി അറേബ്യയിലെ തദവുള്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ അല്‍മറായ് അറിയിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 336 മില്യണ്‍ റിയാല്‍ ആയിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ലാഭം 22.8 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ 311.9 മില്യണ്‍ റിയാലാണ് കമ്പനി അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വില്‍പ്പനയിലും വരുമാനത്തിലുമുള്ള ശക്തമായ വളര്‍ച്ചയാണ് അല്‍മറായ്‌യുടെ ലാഭവളര്‍ച്ചയ്ക്ക് പിന്നിലെന്ന ഈജിപ്ഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഇഎഫ്ജി ഹെര്‍മ്‌സിലെ അനലിസ്റ്റുകളുടെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട്.

ആദ്യപാദത്തിലെ വരുമാനം 8.6 ശതമാനം ഉയര്‍ന്ന് 3.59 ബില്യണ്‍ റിയാലായി. സൗദി അറേബ്യ, ജിസിസി, മറ്റ് വിപണികള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 7.9 ശതമാനം, 6.5 ശതമാനം, 19 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കുന്ന ക്ഷീര ഉല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി തുടങ്ങിയ മൂന്ന് ഉല്‍പ്പന്ന വിഭാഗങ്ങളാണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തത്. ഒമാന്‍ ഒഴികെ അല്‍മറായ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ എല്ലാംതന്നെ മികച്ച പ്രകടനമാണ് കഴിഞ്ഞ പാദം കമ്പനി കാഴ്ചവെച്ചത്. ക്ഷീര ഉല്‍പ്പന്ന വിപണിയില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്ന ഒമാനില്‍ അല്‍മറായ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു. തൊഴിലാളികള്‍ക്കുള്ള ശമ്പളം, കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ എന്നീ ഇനങ്ങളിലുള്ള ചിലവുകള്‍ വര്‍ധിച്ചതിനാല്‍ വില്‍പ്പന,വിതരണ ചിലവുകള്‍ 8.3 ശതമാനം വര്‍ധിച്ച് 47 മില്യണ്‍ റിയാലായി. മറ്റ് പൊതുചിലവുകളിലും പ്രവര്‍ത്തനച്ചിലവുകളിലും 5.4 ശതമാനം വര്‍ധന രേഖപ്പെടുത്തി.

പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഭക്ഷ്യ വ്യവസായ മേഖലയെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നിലവില്‍ കൊറോണ വൈറസ് പ്രശ്‌നം ബിസിനസിനെ സാരമായി ബാധിച്ചിട്ടില്ലെന്ന് അല്‍മറായ് അറിയിച്ചു. എന്നാല്‍ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ മാനേജ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ മൊത്തത്തിലുള്ള ലാഭത്തിലേക്ക് വിവിധ ബിസിനസ് വിഭാഗങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ ചുരുങ്ങിയതോടെ പശ്ചിമേഷ്യയിലെ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ അല്‍മറായ്‌യുടെ വരുമാനത്തില്‍ സമീപകാലത്തായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് മാനേജ്‌മെന്റ് തലത്തില്‍ ചില അഴിച്ചുപണികള്‍ നടത്താനും കമ്പനി നിര്‍ബന്ധിതരായി. കഴിഞ്ഞ ഡിസംബറിലാണ് മജീദ് നൗഫലിനെ അല്‍മറായ് സിഇഒ ആയി നിയമിച്ചത്. ജോര്‍ജെസ് സ്‌കോര്‍ഡ്രെറ്റില്‍ നിന്നും ഈ വര്‍ഷം തുടക്കത്തിലാണ് നൗഫല്‍ സിഇഒ പദവി ഏറ്റൈടുത്തത്. കഴിഞ്ഞ ഏപ്രിലില്‍ സിഇഒ ആയി നിയമിതനായ അലോയിസ് ഹോഫ്‌ബോര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മുമ്പ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും സിഇഒയും ആയിരുന്ന സ്‌കോര്‍ഡ്രെറ്റിനെ കമ്പനി സര്‍വീസിലേക്ക് തിരികെ വിളിച്ചത്. കമ്പനിയുടെ പുതിയ സിഎഫ്ഒ ആയി ഡാങ്കോ മരാസിനെ നിയമിച്ചതായി കമ്പനി അറിയിച്ചു. നിലവിലെ സിഎഫ്ഒ ആയ പോള്‍ ലൂയിസ് ഗെ വിരമിക്കുന്ന ഒഴിവിലേക്കാണ് മരാസിന്റെ നിയമനം.

ഓഹരിയൊന്നിന് 0.85 റിയാല്‍ വീതം ലാഭവിഹിതം വിതരണം ചെയ്യാനുള്ള ബോര്‍ഡ് നിര്‍ദ്ദേശം ഓഹരിയുടമകള്‍ അംഗീകരിച്ചതായി അല്‍മറായ് വ്യക്തമായി. മൊത്തത്തില്‍ 850 മില്യണ്‍ റിയാലാണ് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്യുക.

Comments

comments

Categories: Arabia