എന്തു കൊണ്ട് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാകുന്നു ?

എന്തു കൊണ്ട് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാകുന്നു ?

ജനറിക് മരുന്നുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയുടെ ജനറിക് മരുന്ന് ആവശ്യങ്ങളില്‍ 50 ശതമാനം വരെ ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ കോവിഡ്-19 ദുരന്തം വിതച്ച് വ്യാപിക്കുമ്പോള്‍ അതിനെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് ഉചിതമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇൗ മരുന്ന് ഏറ്റവുമധികം നിര്‍മിച്ച് വിപണനം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ഈ മാസം നാലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് അമേരിക്കയ്ക്ക് വിതരണം ചെയ്യണമെന്നു നിര്‍ദേശിക്കുകയുണ്ടായി. കോവിഡ്-19 ബാധിതരെ ചികിത്സിക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രസ്തുത മരുന്ന് ഏറ്റവുമധികം നിര്‍മിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഡ്-19 നുള്ള ചികിത്സയില്‍ ഫലപ്രദമാണെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നത് ഈ മരുന്നാണ്. സൈഡസ് കാഡില (Zydus Cadila), ഐപിസിഎ ലബോറട്ടറീസ് എന്നിവയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്രധാനപ്പെട്ട മരുന്ന് കമ്പനികള്‍. കോവിഡ്-19 ആഗോളതലത്തില്‍ വളരെ പെട്ടെന്ന് ദുരന്തം വിതച്ച് വ്യാപിക്കുന്നതിനാല്‍ ഇന്ത്യ ഈ മരുന്നും അതിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെയും (pharmaceutical ingredient) കയറ്റുമതി നിരോധിച്ചിരുന്നു. ഇതോടെ ആഗോളതലത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നിന് ഡിമാന്‍ഡ് ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനായി അഭ്യര്‍ഥന നടത്തിയത്. ഇനി ഒരു ഫ്‌ളാഷ് ബാക്കിലേക്കു പോകാം.

വര്‍ഷം: 2001.

ആഫ്രിക്ക ഒരു വലിയ ആരോഗ്യ പ്രതിസന്ധി നേരിടുകയായിരുന്നു. സബ്-സഹാറന്‍ ആഫ്രിക്കയില്‍ മാത്രം 22.5 ദശലക്ഷം എച്ച്‌ഐവി ബാധിതരുണ്ട്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വിതരണം ചെയ്യുന്ന പേറ്റന്റ് മരുന്നുകളുടെ വില ഒരു രോഗിക്ക് പ്രതിവര്‍ഷം 10,000 ഡോളറോളം വരും. ഈയൊരു ഘടകം ഒന്നു കൊണ്ടു തന്നെ ഒരു ശരാശരി രോഗിക്ക് ഈ മരുന്ന് വാങ്ങിക്കുവാനും സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിപ്ല രംഗപ്രവേശം ചെയ്തത്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വില്‍പന നടത്തിയ അതേ മരുന്നിന്റെ ജനറിക് പതിപ്പ് വില കുറച്ച് നല്‍കി. പാശ്ചാത്യ കമ്പനികള്‍ ഈടാക്കിയ വിലയുടെ ഇരുപത്തിയഞ്ചിലൊരു (1/25) വിലയ്ക്ക് ഇന്ത്യന്‍ ഫാര്‍മ മരുന്ന് ലഭ്യമാക്കി. പാശ്ചാത്യ കമ്പനികള്‍ പ്രതിവര്‍ഷം 10,000 ഡോളര്‍ ഈടാക്കിയ മരുന്ന്, ഇന്ത്യന്‍ ഫാര്‍മ 400 ഡോളറിന് ലഭ്യമാക്കി. സിപ്ലയുടെ വരവ്, മറ്റ് നിരവധി ഇന്ത്യന്‍ ജനറിക് മരുന്ന് കമ്പനികളെയും ആഫ്രിക്കയിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിക്കുകയും അത് ആഫ്രിക്കയിലെ ലക്ഷക്കണക്കിനു ജീവനുകളെ രക്ഷിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് എയ്ഡ്‌സ് ബാധിതരെ ചികിത്സിക്കുന്നതിനായി ആഫ്രിക്ക പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യ ഇല്ലായിരുന്നെങ്കില്‍ രണ്ട് ബില്യന്‍ ഡോളറിന് എയ്ഡ്‌സ് ബാധിതരെ ചികിത്സിക്കാന്‍ സാധിക്കില്ലായിരുന്നെന്നു യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിച്ചല്‍ സിഡിബെ പറയുകയുമുണ്ടായി. എച്ച്‌ഐവി ബാധിതരെ ചികിത്സിക്കാനുള്ള ആന്റി റിട്രോ വൈറല്‍ മരുന്നുകള്‍ (anti-retroviral drugs ) മാത്രമല്ല, പാശ്ചാത്യ വന്‍കിട ഫാര്‍മ കമ്പനികള്‍ ഈടാക്കുന്ന തുകയുടെ ചെറിയ ഒരു ഭാഗം മാത്രം ഈടാക്കി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആന്റി-മലേറിയ, ടി ബി (tuberculosis ) മരുന്നുകളും ആഫ്രിക്കയില്‍ വില്‍പ്പന നടത്തുന്നുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആന്റി-മലേറിയ, ടി ബി മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഇന്ത്യന്‍ കമ്പനികളാണ്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, റാന്‍ബാക്‌സി, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, സിപ്ല, ഇവയ്ക്കു പുറമേ ഡസന്‍ കണക്കിനു ചെറിയ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവ ഇല്ലെങ്കില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവര്‍ നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടാന്‍ കഴിയുമായിരുന്നില്ലെന്നു പരക്കേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മരുന്ന് കയറ്റുമതിയില്‍ മുന്‍നിരക്കാര്‍

2015 ല്‍ ഇന്ത്യ ഏകദേശം നാല് ബില്യന്‍ ഡോളര്‍ വില മതിക്കുന്ന ഔഷധ ഉത്പന്നങ്ങള്‍ ആഫ്രിക്കയിലേക്കു കയറ്റുമതി ചെയ്തു. ഈ വര്‍ഷം ഇത് 10 ബില്യന്‍ ഡോളറിലേക്കു വളരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, നൈജീരിയ, റുവാണ്ട, മഡഗാസ്‌കര്‍, സിംബാബ്‌വേ, മൊസാംബിക്ക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ പ്രധാനമായും മരുന്നു കയറ്റുമതി ചെയ്യുന്നത്. അടുത്ത കാലത്തായി ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ഇസ്രയേല്‍, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ മരുന്നു കമ്പനികളില്‍നിന്നും മത്സരം നേരിടേണ്ടി വരുന്നുമുണ്ട്.

അമേരിക്കക്കാര്‍, ചികിത്സ തേടുമ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ക്കു നിര്‍ദേശിക്കുന്ന മരുന്നുകളെ കുറിച്ച് അറിയുമ്പോള്‍ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. കാരണം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ 90 ശതമാനത്തിലധികവും ജനറിക് മെഡിസിനുകളാണ്. ഇതു മാത്രമല്ല, അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ജനറിക് മരുന്നുകളുടെ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണു നിര്‍മിക്കുന്നത്. സാധാരണക്കാരനു ചെലവ് വഹിക്കാനാകുന്ന ജനറിക് മരുന്നുകള്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതാകട്ടെ, ഇന്ത്യയെ ‘ ലോകത്തിന്റെ ഫാര്‍മസി ‘ യെന്ന ഖ്യാതിയിലേക്കു നയിക്കുകയും ചെയ്തു.

എന്താണു ജനറിക് മരുന്ന്

മരുന്നുകള്‍ രണ്ട് വിധത്തിലുണ്ട്. ഒന്ന് ബ്രാന്‍ഡഡും, രണ്ടാമത്തേത് ജനറിക്കും. ഒരു ഗവേഷണം നടത്തി മരുന്നു വികസിപ്പിക്കുന്ന കമ്പനിക്ക് ആയിരിക്കുമല്ലോ ആ മരുന്നിന്റെ പേറ്റന്റും സ്വന്തമാക്കാനാവുന്നത്. 20 വര്‍ഷമാണ് ഒരു മരുന്നിന്റെ പേറ്റന്റിന്റെ കാലാവധി. ഈ 20 വര്‍ഷവും മരുന്ന് വികസിപ്പിച്ച കമ്പനിക്ക് തന്നെയായിരിക്കും മരുന്നിന്റെ വില നിര്‍ണയിക്കാനുള്ള അധികാരവും. ഇത്തരം ബ്രാന്‍ഡഡ് മരുന്നുകള്‍ വിപണിയിലെത്തുമ്പോള്‍ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ വലിയ തുക ചെലവഴിക്കുന്നു. അതോടൊപ്പം ഉത്പാദകരും, ഇടനിലക്കാരും ലാഭം കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യും. അതോടെ ആ മരുന്ന് വാങ്ങുന്ന രോഗിക്ക് വലിയ തുക ചെലവഴിക്കേണ്ടതായി വരും. എന്നാല്‍ ജനറിക് മരുന്ന് എന്നത് ബ്രാന്‍ഡഡ് മരുന്നുകളുടെ തുല്യ പ്രവര്‍ത്തനശേഷിയുള്ളതും രാസപരമായും ഘടനാപരമായും സാമ്യമുള്ളതുമാണ്. ബ്രാന്‍ഡഡ് മരുന്നിനേക്കാള്‍ വിലയും കുറവായിരിക്കും.

ഒരു മരുന്നിന്റെ പേറ്റന്റ് കാലാവധി 20 വര്‍ഷം കഴിഞ്ഞാല്‍, ആ മരുന്ന് പിന്നീട് നിര്‍മിക്കാന്‍ ചെലവ് കുറവായിരിക്കും. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ നിര്‍മിച്ചു വിപണനം ചെയ്യാറുണ്ട്. ഇങ്ങനെ നിര്‍മിച്ചു മിക്ക കമ്പനികളും ജനറിക് മരുന്നുകളായി വില്‍പന നടത്തുകയും ചെയ്യാറുണ്ട്.

വിതരണ ശൃംഖല

അമേരിക്കയുടെ ജനറിക് മരുന്ന് ആവശ്യങ്ങളില്‍ 50 ശതമാനം വരെ ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ്-19 പ്രതിസന്ധി ഉടലെടുത്തതോടെ ആഗോളതലത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണ ശൃംഖലയിലുടനീളം തടസം അനുഭവപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതു പക്ഷേ, ഇന്ത്യയ്ക്ക് വലിയൊരു അവസരവും സമ്മാനിക്കുന്നുണ്ട്. കാരണം, ഭാവിയിലേക്കുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും ഈ പ്രതിസന്ധി സഹായകരമാകും. ഇന്ത്യയുടെ സര്‍ക്കാരിന്റെ സ്വന്തം കണക്ക് അനുസരിച്ച്, ഔഷധങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 13-ാം സ്ഥാനത്തുമാണെന്നാണ്. ഇന്ത്യയുടെ വ്യാപാര വിപുലീകരണ തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണു ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായം 2030-ാടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് വിതരണക്കാരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

Categories: Top Stories