എംഇജി ഇറക്കുമതി; സൗദിക്കെതിരായ ആന്റി ഡംപിംഗ് അന്വേഷണം ഇന്ത്യ അവസാനിപ്പിച്ചു

എംഇജി ഇറക്കുമതി; സൗദിക്കെതിരായ ആന്റി ഡംപിംഗ് അന്വേഷണം ഇന്ത്യ അവസാനിപ്പിച്ചു

പരാതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം

ന്യൂഡെല്‍ഹി: സൗദി അറേബ്യയില്‍ നിന്നുള്ള മോണോ എതിലീന്‍ ഗ്ലൈക്കോള്‍ (എംഇജി) ഇറക്കുമതിക്കെതിരെ ഇന്ത്യ നടത്തിവന്നിരുന്ന ആന്റി ഡംപിംഗ് അന്വേഷണം അവസാനിപ്പിച്ചു. പരാതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ അന്വേഷണം തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കി.

ആഭ്യന്തര വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സൗദി ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എംഇജി കയറ്റുമതി ചെയ്യുന്നുവെന്ന റിലയന്‍സിന്റെ പരാതിയില്‍ ഡിസംബറിലാണ് ഇന്ത്യ ആന്റി ഡംപിംഗ് അന്വേഷണം ആരംഭിച്ചത്. എണ്ണ, വാതക സമ്പന്ന രാജ്യങ്ങളായ കുവൈറ്റ്, ഒമാന്‍, സൗദി, അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ വിലക്കുറവില്‍ എംഇജി ലഭ്യമാകുന്ന സാഹചര്യമാണുള്ളത്. ഈ നാല് രാജ്യങ്ങളിലെ എതിലീന്‍ അസംസ്‌കൃത വസ്തുക്കളുടെ വില അന്താരാഷ്ട്ര വില നിലവാരവുമായും സിംഗപ്പൂരിന്റേത് ഏഷ്യ-പസഫിക് വിലകളുമായും ബന്ധിപ്പിക്കണമെന്നും റിലയന്‍സ് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര പെട്രോകെമിക്കല്‍ വ്യവസായ ലോകത്തിന് വേണ്ടി റിലയന്‍സ് സമര്‍പ്പിച്ച പരാതിക്ക് പിന്തുണ അറിയിച്ചുകൊണ്ട് മറ്റൊരു ആഭ്യന്തര പെട്രോകെമിക്കല്‍ കമ്പനിയായ ഇന്ത്യ ഗ്ലൈക്കോള്‍സ് ലിമിറ്റഡും രംഗത്ത് വന്നിരുന്നു.

എന്നാല്‍ സൗദിക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഫെബ്രുവരിയില്‍ റിലയന്‍സ് ആവശ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. അതേസമയം മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആന്റി ഡംപിംഗ് തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും റിലയന്‍സ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് സൗദിക്കെതിരായ അന്വേഷണം മാത്രം അവസാനിപ്പിക്കാന്‍ റിലയന്‍സ് ആവശ്യപ്പെട്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. എണ്ണ വ്യവസായ രംഗത്ത് മേല്‍പ്പറഞ്ഞ അഞ്ച് രാജ്യങ്ങളുമായും റിലയന്‍സിന് ഇടപാടുകളുണ്ട്്. സൗദിയുമായി കൂടുതല്‍ പങ്കാളിത്ത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കാം റിലയന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുക. റിലയന്‍സിന്റെ കെമിക്കല്‍സ് ബിസിനസിലെ 20 ശതമാനം ഓഹരി അവകാശം 15 ബില്യണ്‍ ഡോളറിന് സൗദി അരാംകോയ്ക്ക് കൈമാറുന്നതിന് കഴിഞ്ഞ വര്‍ഷം ഇരുകമ്പനികളും കരാറില്‍ ഒപ്പുവെച്ചിരുന്നു.

പോളിസ്റ്റര്‍ വ്യവസായ മേഖലയിലെ പ്രധാന അസംസ്‌കൃത വസ്തുക്കളില്‍ ഒന്നാണ് എംഇജി.പോളിസ്റ്റര്‍ നാരുകള്‍, പോളിസ്റ്റര്‍ ഫിലിമുകള്‍, റെസിനുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. വസ്്ത്രനിര്‍മാണ മേഖലയില്‍ ഫൈബര്‍ ട്രീറ്റ്‌മെന്റിനും പേപ്പര്‍ വ്യവസായ രംഗത്തും മഷി, പശ, സെലോഫെയ്ന്‍ വ്യവസായ മേഖലകളിലും എംഇജി ഉപയോഗിക്കാറുണ്ട്.

Comments

comments

Categories: Arabia

Related Articles