ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍

ലോക്ക്ഡൗണിന് ശേഷമുള്ള കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്ന കൃത്യമായ ധാരണ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വേണം

കൊറോണ മഹാമാരി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ അവസാനിക്കാറായിരിക്കുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും എടുത്തുകളയുമെന്ന് കരുതാന്‍ വയ്യ. ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജ്യത്തെ 62 ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. ഇതില്‍ കേരളത്തിലെ ജില്ലകളുമുണ്ട്. ലോക്ക് ഡൗണ്‍ മാറുന്ന മറ്റ് ജില്ലകളിലാണെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പെട്ടെന്ന് പഴയ രീതിയിലാകുമെന്ന് വിചാരിക്കുന്നതില്‍ ഒരു യുക്തിയുമില്ല.

അതേസമയം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയം കഴിഞ്ഞാല്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന കൃത്യമായ ധാരണ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വേണം. സാമൂഹ്യ അകലം പാലിക്കുന്നതും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും പോലുള്ള ശീലങ്ങള്‍ നിര്‍ബന്ധമായും തുടരേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തണം. കടകളില്‍ ആളുകള്‍ കൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. എല്ലാത്തിനുമുപരി സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കാനും പാവങ്ങളുടെ കൈയ്യിലേക്ക് പണവും ഭക്ഷ്യ സാധനങ്ങളും എത്താനുള്ള നടപടികള്‍ ദേശീയ തലത്തില്‍ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കണം.

അടുത്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ അത് കുറച്ചുകൂടി വിശാലമാണെന്ന് ഉറപ്പാക്കപ്പെടണം. വികസിത രാജ്യങ്ങളിലെ കൊറോണ പ്രതിസന്ധി പാക്കേജുകള്‍ പോലും അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ വിപണിയിലേക്കുള്ള പണമൊഴുക്ക് മെച്ചപ്പെട്ടതാക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. ഇപ്പോള്‍ ധനകമ്മിയെ കുറിച്ചൊന്നും ചിന്തിക്കാതെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമുള്ള സമാശ്വാസ പാക്കേജുകളില്‍ മാത്രം ശ്രദ്ധ നല്‍കുന്നതാണ് നല്ലത്.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിലേക്ക് ഏതെങ്കിലും വിഭാഗങ്ങള്‍ വീണാല്‍ പിന്നെ ലോക്ക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം അപ്രസക്തമാകും. അതില്‍ തര്‍ക്കമൊന്നും വേണ്ട. അതിനാല്‍ തന്നെ ഏറെക്കാലത്തേക്ക് അടച്ചുപൂട്ടല്‍ തുടരാനാകില്ല. മുന്‍കരുതലോടു കൂടി പല മേഖലകളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന വാദങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത.

പാവപ്പെട്ടവരിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കേരളത്തിന്റെ മാതൃകയില്‍ കമ്യൂണിറ്റി കിച്ചന്‍ പോലുള്ള സംവിധാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും പരീക്ഷിക്കാവുന്നതാണ്.

ലോക്ക്ഡൗണില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ വരുത്തിയാലും സ്‌കൂളുകളും കോളെജുകളും സിനിമാ തിയറ്ററുകളും ആരാധനാലയങ്ങളുമൊന്നും ഉടന്‍ തുറക്കാന്‍ യാതൊരു കാരണവശാലും അനുമതി നല്‍കരുത്. റെസ്റ്ററന്റുകളില്‍ പാഴ്‌സല്‍ സംവിധാനം മാത്രം ഏര്‍പ്പെടുന്നതായിരിക്കും കുറച്ച് കാലത്തേക്ക് കൂടി അഭികാമ്യം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്റ്റര്‍മാര്‍ക്കും സാമൂഹ്യ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണങ്ങളുണ്ടായിരുന്നു. ഇത് ഇനിയും ആവര്‍ത്തിക്കരുത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി തന്നെ എടുക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടമായാല്‍ കോവിഡിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം തന്നെ അപ്രസക്തമാകും. അവര്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്നത് പരമപ്രധാനമാണ്.

Categories: Editorial, Slider
Tags: Lockdown