പ്രതിസന്ധിക്കിടയിലും എല്‍എന്‍ജി വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഖത്തര്‍ പെട്രോളിയം

പ്രതിസന്ധിക്കിടയിലും എല്‍എന്‍ജി വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഖത്തര്‍ പെട്രോളിയം
  • കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആദ്യഘട്ടത്തിലെ ലേല നടപടികള്‍ ക്യൂപി മാറ്റിവെച്ചിരുന്നു
  • ആറ് പുതിയ നിര്‍മാണ പ്ലാന്റുകളില്‍ നിന്നുള്ള ഉല്‍പ്പാദനം 2025ഓടെ ആരംഭിച്ചേക്കുമെന്ന് സിഇഒ സാദ് അല്‍ കാബി

ഖത്തര്‍: അമിത വിതരണം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) വികസന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഖത്തര്‍ പെട്രോളിയം സിഇഒ സാദ് അല്‍ കാബി. ലേല നടപടിക്രമങ്ങളിലെ കാലതാമസം മൂലം പുതിയ പ്ലാന്റുകളില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നത് 2025ലേക്ക് നീട്ടിയേക്കുമെന്ന് അല്‍ കാബി സൂചന നല്‍കി. എന്നാല്‍ ആറ് പുതിയ എല്‍എന്‍ജി നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്നും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് അവ ആവശ്യമാണെന്നും കാബി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പ്രതിവര്‍ഷം 77മില്യണ്‍ ടണ്‍ (എംടിപിഎ) പ്രകൃതിവാതകമാണ് ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം (ക്യൂപി) ഉല്‍പ്പാദിപ്പിക്കുന്നത്. എല്‍എന്‍ജി വികസനത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുക വഴി 2024ഓടെ ഉല്‍പ്പാദനം 110 എംടിപിഎ ആയി വര്‍ധിപ്പിക്കുകയാണ് ക്യൂപിയുടെ ലക്ഷ്യം. നാല് പുതിയ പ്ലാന്റുകള്‍ ഉള്‍പ്പെട്ട ആദ്യഘട്ടത്തിലെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിക്ക് വേണ്ടി കരാറുകാരില്‍ നിന്നും അവസാനഘട്ട താല്‍പ്പര്യ പത്രത്തിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആഗോള ലോക്ഡൗണ്‍ കാരണം താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അവരുടെ ആവശ്യം പരിഗണിച്ച് ലേല പ്രക്രിയ നീട്ടിവെച്ചതായും അല്‍ കാബി അറിയിച്ചു. ഇത് മറ്റ് എഞ്ചിനീയറിംഗ്, നടത്തിപ്പ്, നിര്‍വ്വഹണ ജോലികളുമായി ബന്ധപ്പെട്ട അന്തിമ കരാറുകളെയും ബാധിക്കും. ഈ സാഹചര്യത്തില്‍ വികസന പദ്ധതികളുടെ ഭാഗമായുള്ള ആദ്യഘട്ട എല്‍എന്‍ജി ഉല്‍പ്പാദനം 2025ഓടെയോ ആരംഭിക്കാനാകൂ എന്ന് അല്‍ കാബി പറഞ്ഞു. ആഗോളതലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയിലുള്ള വാണിജ്യ ലേലങ്ങള്‍ക്കാണ് സാധ്യതയെന്നും അല്‍ കാബി സൂചിപ്പിച്ചു.

അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ പല എല്‍എന്‍ജി പദ്ധതികളും നിര്‍ത്തിവെക്കുകയും കമ്പനികള്‍ മൂലധന ചിലവിടലുകള്‍ കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദ്രവീകൃത പ്രകൃതിവാതകത്തിന് ഡിമാന്‍ഡ് ഉണ്ടാാകുമെന്ന് തന്നെയാണ് ക്യൂപിയുടെ പ്രതീക്ഷ. ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന് വിലയിടിഞ്ഞതോടെ വികസന പദ്ധതികള്‍ക്കുള്ള പങ്കാളികളെ കണ്ടെത്തുന്നത് ക്യൂപി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. അവസാന ഘട്ട ലേലം നടപടികള്‍ക്കൊപ്പം തന്നെ പങ്കാളികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയും നടക്കുമെന്നും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അതുണ്ടാകുമെന്നും അല്‍ കാബി അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30 ശതമാനം പങ്കാളിത്തത്തിനായി ആറ് അന്താരാഷ്ട്ര എണ്ണക്കമ്പനികളുടെ പേരാണ് ക്യൂപി പരിഗണിക്കുന്നത്.

നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പ്രോജക്ട് എന്ന പേരിലുള്ള രണ്ടാംഘട്ടത്തിലൂടെ 2027ഓടെ എല്‍എന്‍ജി ഉല്‍പ്പാദനശേഷി 126 എംടിപിഎ ആക്കി ഉയര്‍ത്താനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തില്‍ രണ്ട് പുതിയ പ്ലാന്റുകള്‍ നിര്‍മിക്കാനാണ് പദ്ധതി. രണ്ടാംഘട്ടത്തിന് കാലതാമസം ഉണ്ടാകില്ലെന്ന് അല്‍ കാബി പറഞ്ഞു.

എല്‍എന്‍ജി ഡിമാന്‍ഡും ഇടിഞ്ഞു

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വ്യാവസായിക ഉല്‍പ്പാദനം തടസപ്പെട്ടതോടെ ആഗോളതലത്തില്‍ എല്‍എന്‍ജിക്ക് ഡിമാന്‍ഡ് ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ ചരക്ക് വാങ്ങുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്യൂപിക്ക് നോട്ടീസ് അയച്ചു. എല്‍എന്‍ജി ഇറക്കുമതിയില്‍ ഖത്തറുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ അവിചാരിതമായ ബാഹ്യ ഘടകങ്ങള്‍ കാരണമാണ് ബാധ്യതകളില്‍ നിന്ന് താത്കാലികമായി പിന്മാറുന്നതായി കാണിച്ച് ഖത്തറിന് നോട്ടീസ് അയച്ചിരിക്കുന്നത്. പെട്രോചൈനയും എല്‍എന്‍ജി അടക്കം ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാരണം യൂറോപ്പിലും പ്രകൃതിവാതകത്തിന് ഡിമാന്‍ഡ് ഇടിഞ്ഞത് ഖത്തറിനെ പോലുള്ള എല്‍എന്‍ജി വിതരക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതെത്തുടര്‍ന്ന്് സ്‌പോട്ട് മാര്‍ക്കറ്റുകളില്‍ ഏഷ്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് എല്‍എന്‍ജി വില്‍ക്കുന്നതടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇവര്‍. ചില ഉപഭോക്താക്കള്‍ എല്‍എന്‍ജി വാങ്ങുന്നതില്‍ സാവകാശം തേടുകയും മറ്റ് ചിലര്‍ ഇറക്കുമതി താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ഉപഭോക്താക്കള്‍ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാന്‍ തയാറാകുന്നുണ്ടെന്നും അല്‍ കാബി പറഞ്ഞു. സ്‌പോട്ട് മാര്‍ക്കറ്റില്‍ ക്യൂപി എല്‍എന്‍ജി വിറ്റതായും അല്‍ കാബി വ്യക്തമാക്കി. ദീര്‍ഘകാല പങ്കാളികളെന്ന നിലയില്‍ പ്രതിസന്ധിഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പ്രതിസന്ധി മൂലം ക്യൂപി സ്ഥിരമായി നടത്തിവരുന്ന, അടിയന്തരമല്ലാത്ത ചില അറ്റകുറ്റപ്പണികള്‍ നീട്ടിവെച്ചതായും കാബി വ്യക്തമാക്കി. അതേസമയം എല്‍എന്‍ജി ഉല്‍പ്പാദനം നിര്‍ത്തിവെക്കാനോ കുറയ്ക്കാനോ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia