ജനകീയ മുഖ്യമന്ത്രിയായുള്ള പിണറായിയുടെ പരിണാമം

ജനകീയ മുഖ്യമന്ത്രിയായുള്ള പിണറായിയുടെ പരിണാമം

ആപല്‍സന്ധി നേതാക്കളെ സൃഷ്ടിക്കുന്നു’ എന്നൊരു ചൊല്ലുണ്ട്. കൊറോണയുടെ സംഹാര താണ്ഡവം മൂലം കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ പ്രതിസന്ധിഘട്ടം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയിലും നേതാവിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധതന്ത്രം ആവിഷ്‌കരിക്കുന്നതിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും ഏകോപിക്കുന്നതിലും പിണറായി സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്

പി വേണുഗോപാല്‍

പി വേണുഗോപാല്‍

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹത്തെപ്പറ്റി ഉയര്‍ന്ന പ്രധാന ആരോപണം അദ്ദേഹത്തിന് ഒരു ഭജനകീയ മുഖം’ ഇല്ല എന്നതാണ്. ഭഇരട്ട ചങ്കന്‍’ എന്ന് അദ്ദേഹത്തിന് ഒരു പരിഹാസപ്പേര് വന്നതുതന്നെ അദ്ദേഹത്തെ ധാര്‍ഷ്ട്യനും പിടിവാശിക്കാരനുമായി പലരും ചിത്രീകരിച്ചതുകൊണ്ടാണ്. വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ജനം ചിരിച്ചു കണ്ടിട്ടുള്ളു. പത്രക്കാരുടെ ഒരു പേടിസ്വപ്നമായിരുന്നു പിണറായി. പല അവസരങ്ങളിലും അവരോടു വളരെ പരുഷമായിട്ടാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അദ്ദേഹത്തിന്റെ പത്രക്കാരോടുള്ള ഭകടക്കു പുറത്ത്’ എന്ന സുപ്രസിദ്ധമായ പ്രയോഗം തന്നെ ഉദാഹരണം.
മന്ത്രിസഭയില്‍ ഒരാളും അദ്ദേഹത്തോട് ഭകമാ’ എന്നൊരക്ഷരം പറയാന്‍ ധൈര്യപ്പെടുകയില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് സംസാരിക്കാന്‍ ചങ്കൂറ്റമുള്ള ഒരാളും മന്ത്രിമാരുടെയോ ഉദ്യോഗസ്ഥരുടെയോ ഇടയിലില്ല.

അയ്യപ്പ വിശ്വാസികളോടുള്ള ഏറ്റുമുട്ടല്‍

ഇത് ഏറ്റവും പ്രകടമായത് ശബരിമല യുവതീ പ്രവേശന വിഷയം സജീവമായിരുന്ന സമയത്താണ്. തന്ത്രപരമായ സമീപനം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു പ്രശനം പിണറായിയുടെ നിര്‍ബന്ധബുദ്ധിമൂലം ലോകമാസകലമുള്ള ഹിന്ദു വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും അവരെ പ്രക്ഷോഭത്തിലേക്ക് തള്ളി വിടുകയും ചെയ്തു. രണ്ടു യുവതികളെ വേഷപ്രച്ഛന്നരായി പൊലീസിന്റെ സഹായത്തോടെ പരിപാവനമായ ശബരിമല നടയില്‍ എത്തിക്കുക വഴി പിണറായി ഹിന്ദു വിശ്വാസികളുടെ ഹൃദയത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് ഏല്‍പ്പിച്ചത്. വിശ്വാസ സംരക്ഷണത്തിന് പ്രവര്‍ത്തിച്ച ആയിരക്കണക്കിന് ഹിന്ദു യുവാക്കള്‍ ഇന്നും പോലീസ് കേസുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ശബരിമല കേസ് പുനഃപരിശോധിക്കുന്നതിന് സുപ്രീം കോടതി തീരുമാനിച്ചിട്ടും ഈ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല.

ശബരിമല വിഷയത്തില്‍ കുറച്ചുകൂടി പ്രായോഗികമായ സമീപനം വേണമെന്ന് ചില മന്ത്രിസഭാംഗങ്ങളും പാര്‍ട്ടി നേതാക്കളും പറഞ്ഞെങ്കിലും അദ്ദേഹം അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഒരു പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു മുഖ്യമന്ത്രിക്കുവേണ്ട നയകുശലതയും വിശാലഹൃദയവും പക്വതയും ഇല്ല എന്നുമുള്ള വിമര്‍ശനം അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണി നേരിട്ട കനത്ത പരാജയം പിണറായിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഇരുത്തി ചിന്തിപ്പിച്ചു. പിന്നീട് വന്ന ശബരിമല തീര്‍ത്ഥാടന കാലത്ത് വിശ്വാസികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ കാതലായ മാറ്റം വന്നു. ശബരിമല യുവതീ പ്രവേശനം ഇപ്പോഴും സുപ്രീം കോടതി നിരോധിച്ചിട്ടില്ല എങ്കിലും കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലം തികച്ചും സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു. അനുഭവത്തില്‍ നിന്ന് അവര്‍ പാഠം പഠിച്ചു എന്നുവേണം കരുതാന്‍.

ആപല്‍സന്ധി നേതാക്കളെ സൃഷ്ടിക്കുന്നു

കേരളം ഒരിക്കലും നേരിടാത്ത ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരി സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം കേരളത്തിന്റെ സമ്പദ്ഘടന തകര്‍ച്ച നേരിടുകയാണ്. കേരള സര്‍ക്കാരും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. സാമൂഹ്യ ജീവിതം സ്തംഭിച്ചിരിക്കുന്നു. ഭആപല്‍സന്ധി നേതാക്കളെ സൃഷ്ടിക്കുന്നു’ എന്നൊരു ചൊല്ലുണ്ട്. കൊറോണയുടെ സംഹാര താണ്ഡവം മൂലം കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ പ്രതിസന്ധിഘട്ടം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയിലും നേതാവിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള യുദ്ധതന്ത്രം ആവിഷ്‌കരിക്കുന്നതിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും സന്നദ്ധ സംഘടനകളെയും ഏകോപിക്കുന്നതിലും പിണറായി സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

2018 ലെ മഹാപ്രളയ കാലത്ത് പിണറായി വിജയന്റെ നേതൃത്വ പാടവം ഇത്രമാത്രം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല. മാത്രമല്ല അന്ന് അണക്കെട്ടുകളുടെ ഷട്ടര്‍ തുറക്കുന്നതില്‍ വന്ന കാലതാമസത്തെ തുടര്‍ന്നുള്ള കെടുതികളും പിന്നീട് പ്രളയ ദുരിതാശ്വാസ നിധി വിതരണം ചെയ്യുന്നതിലുള്ള പാകപ്പിഴകളും അഴിമതിയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായി കാണിക്കുന്ന നേതൃത്വ പാടവവും ആത്മാര്‍ഥതയും അദ്ദേഹത്തെ സംബന്ധിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം കൂടിയാണിത്.

കേരളം ഇന്ത്യക്ക് മാതൃക

കേന്ദ്രം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പുതന്നെ കേരളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടന്നുകൂടാ എന്ന ഉദ്ദേശ്യത്തോടെ ഞൊടിയിടയ്ക്കുള്ളില്‍ ഇവിടുത്തെ പൊതുവിതരണ ശൃംഖല പുനഃസംഘടിപ്പിക്കുകയും സംസ്ഥാനത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ കൊറോണ വ്യാപനം തടയുന്നതിന് ഇവിടുത്തെ പൊതുആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിലും പിണറായി സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു. എന്തിന്, ഇവിടുത്തെ തെരുവ് നായ്ക്കള്‍ക്കും ആനകളുള്‍പ്പടെ മറ്റ് ജീവജാലങ്ങള്‍ക്കുപോലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതില്‍ സര്‍ക്കാരും സന്നദ്ധ സേനകളും ബദ്ധശ്രദ്ധരായിരിക്കുന്നു. ലോക്ക്ഡൗണ്‍ മൂലം നാട്ടിലെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട പലര്‍ക്കും സഹായമെത്തിക്കുന്നതിന് പിണറായി നേരിട്ട് ഇടപെട്ടിട്ടുണ്ട്.

ഒരു ദേശീയ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കൊറോണ പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെയും ഇടപെടലുകളെ, വാനോളം പുകഴ്ത്തി എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. കൊറോണ പ്രതിരോധകാര്യത്തില്‍ കേരളം ഇന്ന് ഇന്ത്യക്കു മാതൃകയായിരിക്കുകയാണ്. കേരളം എടുത്ത പല നടപടികളും ഇന്ന് മറ്റു പല സംസ്ഥാനങ്ങളും അനുകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

ഒരു രാത്രികൊണ്ട് പിണറായി പത്രക്കാരുടെ സ്‌നേഹഭാജനമായി മാറിയിരിക്കുന്നു. പത്രക്കാരുമായി ദിവസേന ആശയവിനിമയം നടത്തുന്നതിലും ഈ മഹാമാരിക്കിടയില്‍ അവര്‍ക്ക് തൊഴില്‍പരമായി വേണ്ട സംരക്ഷണം നല്‍കുന്നതിലും അദ്ദേഹം മുന്‍പന്തിയിലാണ്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിലും അവരുടെ ആശങ്ക അകറ്റുന്നതിലും അദ്ദേഹത്തിന്റെ ദൈനംദിന പത്രസമ്മേളനം വളരെ സഹായകരമാണ്. ജനങ്ങളോട് അവരുടെ ഭാഷയില്‍ സംസാരിക്കുന്നതിന് പിണറായിക്കു കഴിയുന്നു. ചരുക്കത്തില്‍ ഈ പ്രതിസന്ധി അദ്ദേഹത്തെ ഒരു മാസ്റ്റര്‍ കമ്മ്യൂണിക്കേറ്റര്‍ ആക്കിയിരിക്കുന്നു; സോഷ്യല്‍ മീഡിയ സ്റ്റാറും. ഒരു പാര്‍ട്ടി മുഖ്യമന്ത്രി എന്ന നിലയില്‍നിന്ന് ജനകീയ മുഖ്യമന്ത്രി എന്ന നിലയിലേക്കുള്ള പിണറായി വിജയന്റെ പരിണാമം കൂടിയാണിത്.

രണ്ടു സാരഥികള്‍, വ്യത്യസ്ത ശൈലികള്‍

കൊറോണ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പിണറായിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നവരുണ്ട്. രാഷ്ട്രത്തോടുള്ള മോദിയുടെ ആദ്യത്തെ രണ്ട് അഭിസംബോധനകളില്‍ പ്രതിസന്ധി നേരിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് ഒന്നും പ്രഖാപിച്ചില്ലെന്നും ജനങ്ങള്‍ വീട്ടിലിരിക്കുന്ന കാര്യം മാത്രമേ പറഞ്ഞുള്ളെന്നുമാണ് അവര്‍ പറയുന്നത്. കേരളത്തിലെ ഒരു മന്ത്രി മോദിയുടെ പ്രസംഗത്തെ മല എലിയെ പ്രസവിക്കുന്നതിനു തുല്യം എന്നുവരെ പറഞ്ഞു. എന്നാല്‍ പിണറായി തന്റെ ആദ്യ പത്രസമ്മേളനത്തില്‍ തന്നെ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖാപിച്ചു എന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, പിണറായി ചെയ്യുന്നതുപോലെ മോദി ദിവസവും പത്രസമ്മേളനം നടത്തുന്നില്ല എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ആദ്യ ആഴ്ചതന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും അതുസംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. മോദി ഒരു പ്രത്യേക പ്രവര്‍ത്തന ശൈലിയാണ് പിന്തുടരുന്നത്. പത്രക്കാരോട് സംസാരിക്കുന്നതിനു പകരം അദ്ദേഹം ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നു. രാഷ്ട്രത്തോടുള്ള പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം ചെയ്തത് തന്റെ മണ്ഡലമായ വാരണാസിയിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയാണ്.
എന്നാല്‍ മോദി പത്രക്കാരെ അഭിസംബോധന ചെയ്യുന്നില്ല, അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നില്ല, ഏകദിശാ സംസാരത്തിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം എന്നും മറ്റുമുള്ള ആക്ഷേപം നിലനില്‍ക്കുന്നു. കൂട്ടുത്തരവാദിത്വമുള്ള ഭരണ സംവിധാനത്തില്‍ പ്രധാനമന്ത്രി നേരിട്ട് എപ്പോഴും പത്ര സമ്മേളനം നടത്തണോ എന്നത് പ്രസക്തമായ ചോദ്യമാണ്. അതിനു കാബിനറ്റ് മന്ത്രിമാരുണ്ടല്ലോ. ഇന്ന് ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ പ്രതികരണമറിയുന്നതിനു സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ്പ് തുടങ്ങിയ ശക്തമായ സംവിധാനങ്ങളുണ്ട്. ഭകുറച്ചു സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക’ എന്നതിനല്ലേ പ്രാധാന്യം നല്‍കേണ്ടത്.

കൊറോണ പ്രതിസന്ധി നേരിടുന്നതിന് മോദി സര്‍ക്കാരിന് വ്യക്തമായ പദ്ധതിയുണ്ട് എന്നുവേണം കരുതുവാന്‍. വ്യവസായമടക്കകം മറ്റു മേഖലകളിലേക്കുള്ള പാക്കേജ് താമസിയാതെ പ്രഖ്യാപിക്കും എന്ന് നിര്‍മല സീതാരാമന്‍ സൂചന നല്‍കിയിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ ശക്തികാന്ത ദാസ് പത്രസമ്മേളനം നടത്തി സാമ്പത്തിക ഉദാര നടപടികള്‍ പ്രഖ്യാപിക്കുകയുണ്ടായി.

കെ കെ ഷൈലജ അടുത്ത മുഖ്യമന്ത്രിയാകുമോ?

പിണറായി വിജയന്‍ കഴിഞ്ഞാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടിതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചത് ആരോഗ്യ മന്ത്രി കെ കെ ഷൈലജയാണ്. എല്ലായിടത്തും ഓടിനടന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അവര്‍ ഫലപ്രദമായ പങ്ക് വഹിച്ചുവരുന്നു. കേരളത്തിലെ 2018 ലെ നിപ്പ വൈറസ് ബാധയുടെ കാലത്ത് അവരുടെ സ്തുത്യര്‍ഹമായ സേവനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനം മൂലം നിപ്പ വൈറസ് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഒതുക്കി നിര്‍ത്തുന്നതിനും മരണ സംഖ്യ 17 ആയി കുറക്കുന്നതിനും സാധിച്ചു.
നിപ്പ വൈറസ് നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കൈവരിച്ച വിജയത്തിനുള്ള അംഗീകാരം എന്ന നിലയ്ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി പിണറായി വിജയനും കെ കെ ഷൈലജക്കും പുരസ്‌കാരം നല്‍കുകയുണ്ടായി.

പിണറായി വിജയന് ശേഷം ആര് എന്ന ചോദ്യത്തിന് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന പേരുകളിലൊന്ന് കെ കെ ഷൈലജയുടേതാണ്. എന്നാല്‍ ഭരണതലത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടി പ്രസംഗിക്കുന്ന സിപിഎം മുഖ്യമന്ത്രിയുടെ കാര്യം വരുമ്പോള്‍ സ്ത്രീയെ വീണ്ടും തഴയുമോ എന്ന് കാണേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലെ സമുന്നത നേതാക്കളായിരുന്ന കെ ആര്‍ ഗൗരിയമ്മക്കും സുശീല ഗോപാലനും മുഖ്യമന്ത്രി പദം സ്വപ്നം കാണാനേ കഴിഞ്ഞുള്ളു. 1966 ല്‍ സുശീല ഗോപാലന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. 1987 ല്‍ കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്‍നിര്‍ത്തിയാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. ഭകേരം തിങ്ങും കേരളനാട് കെ ആര്‍ ഗൗരി ഭരിച്ചീടും’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞു നായനാര്‍ക്കാണ് മുഖ്യമന്ത്രി പദത്തിനുള്ള നറുക്ക് വീണ്ടും വീണത്. അതുപോലെയാകുമോ കെ കെ ഷൈലജയുടെയും കാര്യം എന്നത് വലിയ ചോദ്യ ചിഹ്നമാണ്.

കൊറോണയും വരുന്ന തെരഞ്ഞെടുപ്പുകളും

ഏതാനും മാസങ്ങള്‍ക്കകം കേരളത്തില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടക്കേണ്ടതായിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പും നടക്കണം. കൊറോണ പ്രതിരോധത്തിലുള്ള സര്‍ക്കാരിന്റെ മികച്ച പ്രകടനം രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരണ മുന്നണിക്ക് സഹായകരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രളയം ജനം മറന്നേക്കാം. എന്നാല്‍ ശബരിമല അത്ര എളുപ്പം മറക്കുമോ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ പല രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞത് ഭരണ മുന്നണിക്ക് ഇതിലും വലിയ ആഘാതം സംഭവിക്കാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കുമെന്നാണ്. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ മോഡി ഭരണം സംബന്ധിച്ച ജനവിധി ആയിരുന്നു എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് ജനം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്. ശബരിമല വിഷയത്തിന്റെ ആഘാതം കുറയ്ക്കാന്‍ കൊറോണ പ്രധിരോധ പ്രവര്‍ത്തനത്തിലെ മികച്ച പ്രകടനം ഭരണ മുന്നണിയെ സഹായിക്കുമോ? കാത്തിരുന്ന് കാണാം.

(കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Categories: FK Special, Slider