കേന്ദ്ര സര്‍ക്കാരിന് അപായ സന്ദേശമയച്ച് സംസ്ഥാനങ്ങള്‍

കേന്ദ്ര സര്‍ക്കാരിന് അപായ സന്ദേശമയച്ച് സംസ്ഥാനങ്ങള്‍

കേരളമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ജിഎസ്ടി നഷ്ടപരിഹാരവും ധനസഹായവും ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളും, 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടലും മൂലം സാമ്പത്തിക ഞെരുക്കം തീവ്രമായെന്ന് സംസ്ഥാന സര്‍ക്കാരുകള്‍. ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ നിന്ന് ലഭിക്കേണ്ടതായ നഷ്ടപരിഹാര തുക ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതോടൊപ്പം കോവിഡിനെ നേരിടുന്നതിനുള്ള ചെലവുകള്‍ക്കായി കൂടുതല്‍ വായ്പകള്‍ സ്വീകരിക്കുന്നതിനുള്ള അനുവാദവും സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നു. ജിഎസ്ടി കുടിശിക ഇനത്തിലുള്ള 2,000 കോടിയും, നഷ്ടപരിഹാരത്തുകയായ 6,000 കോടിയും ഉടന്‍ കൈമാറണമെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് 11,000 കോടി രൂപ നല്‍കാനുണ്ടെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കോവിഡിനെ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന 1.6 ലക്ഷം കോടിയുടെ അധിക ചെലവ്, അവര്‍ക്ക് സാരമായ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ധനം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുള്‍പ്പടെയുള്ള വരുമാനങ്ങളാവട്ടെ അടച്ചുപൂട്ടല്‍ മൂലം നിലച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3% വരെ ധനക്കമ്മിയേ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പാടുള്ളൂ. ഇതില്‍ 1-4 ശതമാനത്തിന്റെ ഇളവ് ആവശ്യമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറയുന്നു. ആരോഗ്യം, റേഷന്‍ എന്നീ വകയില്‍ അധിക ചെലവ് വരുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം ആവശ്യമാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യ മന്ത്രി സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. ഏറ്റവും മോശം സാഹചര്യത്തേക്കുറിച്ച് ഉടന്‍ തന്നെ കേന്ദ്ര മന്ത്രി സഭയെ അറിയിക്കുമെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍ പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പറഞ്ഞു.

Comments

comments

Categories: FK News