ശതകോടീശ്വരരുടെ 2.5 വര്‍ഷത്തെ സമ്പാദ്യം

ശതകോടീശ്വരരുടെ 2.5 വര്‍ഷത്തെ സമ്പാദ്യം
  • ഏറ്റവും വലിയ 100 ധനാഢ്യരുടെ 408 ബില്യണ്‍ ഡോളര്‍ ആസ്തി രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ടു
  • ഹൂറണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ 100 ബില്യണര്‍മാരില്‍ 86 പേരുടെയും ആസ്തിയില്‍ വലിയ ഇടിവ്
  • അദാനിയും ശിവ് നാടാരും ഉദയ് കൊട്ടാക്കും ആദ്യ 100 ല്‍ നിന്ന് പുറത്തായി; അംബാനി 17 ാമത്

മുംബൈ/ഷാംഗ്ഹായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധി, ലോകത്തെ ശതകോടീശ്വരന്‍മാരുടെയെല്ലാം കീശ കാര്യമായി ചോര്‍ത്തിയെന്ന് ഹൂറണ്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ 100 ധനാഢ്യരുടെ 408 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ചോര്‍ന്നു പോയത്. ആകെ ആസ്തിയുടെ 13% വരും ഇത്. രണ്ടര വര്‍ഷത്തിനിടെ ലോകത്തെ ശതകോടീശ്വരര്‍ സമ്പാദിച്ച ആസ്തിയത്രയും മാര്‍ച്് 31 വരെയുള്ള രണ്ടു മാസം കൊണ്ട് കൊറോണ വൈറസ് ഇല്ലാതാക്കി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികള്‍ക്ക് സംയുക്തമായി 125 ബില്യണ്‍ ഡോളര്‍ ആസ്തി നഷ്ടമായെന്ന് ഹൂറണ്‍ തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 31 വരെയുള്ള ആസ്തികള്‍ വിശകലനം ചെയ്ത് തയാറാക്കിയ ഹൂറണ്‍ റിച്ച് ലിസ്റ്റിന്റെ ചുവടുപിടിച്ചാണ് കോവിഡ് നഷ്ടക്കണക്കുകളുടെ പുതിയ റിപ്പോര്‍ട്ടും പുറത്തു വിട്ടിരിക്കുന്നത്.

ഹൂറണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ 100 ബില്യണര്‍മാരില്‍ 86 പേര്‍ക്കും കഴിഞ്ഞ രണ്ട് മാസത്തിനിടെ ആസ്തിയിടിവുണ്ടായി. 9% പേരുടെ ആസ്തി മാത്രമാണ് ഉയര്‍ന്നത്. 5 പേര്‍ക്ക് നഷ്ടമോ ലാഭമോ ഉണ്ടായില്ല. ഓഹരി വിപണികളിലെ കനത്ത ഇടിവും കറന്‍സികളുടെ മൂല്യശോഷണവുമാണ് അതിസമ്പന്നര്‍ക്ക് തിരിച്ചടിയായത്. യുഎസിലെ ഡൗ ജോണ്‍സ് വിപണി 21 ശതമാനവും ഇന്ത്യ, ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നിവിടങ്ങളിലേത് കാല്‍ ശതമാനം വീതവും ജപ്പാന്‍ വിപണി 18 ശതമാനവും ഇടിഞ്ഞു. 0.2% മുന്നേറിയ ചൈനീസ് വിപണി മാത്രമാണ് പിടിച്ചുനിന്നത്. ചൈനീസ് ശതകോടീശ്വരര്‍ക്ക് ഇതിന്റെ ഗുണവും ലഭിച്ചു. ആസ്തി വര്‍ധിപ്പിച്ച ഒന്‍പത് ബില്യണര്‍മാരും ചൈനക്കാരാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളും മാസവ്യാപാരികളും ഇതിലുള്‍പ്പെടുന്നു. ലോകമെങ്ങും വെന്റിലേറ്ററുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ആവശ്യകത ഉയര്‍ന്നതോടെ ഇവയുടെ നിര്‍മാതാക്കളായ മിന്‍ഡ്രേയുടെ ഉടമ, അലക്‌സ് സു ഹാംഗിന്റെ ആസ്തി 26% ഉയര്‍ന്ന് 13.5 ബില്യണ്‍ ഡോളറായി. 77% ആസ്തി വര്‍ധന നേടിയ, വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂമിന്റെ ഉടമ എറിക് യുവാന്‍ സെംഗാണ് കഴിഞ്ഞ രണ്ടുമാസക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായി. ആറ് ചൈനക്കാര്‍ പുതിയതായി പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യക്ക് മൂന്നു പേരെയും യുഎസിന് രണ്ടുപേരെയും നഷ്ടമായി. രണ്ടു മാസത്തിനിടെ 30 ബില്യണ്‍ ഡോളര്‍ ആസ്തി നഷ്ടപ്പെട്ട ആഢംബര ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ ഉടമ ബെര്‍നാഡ് അര്‍നോള്‍ട്ടാണ് നഷ്ടക്കണക്കില്‍ ലോകത്ത് ഒന്നാമത്.

ഇന്ത്യയുടെ നഷ്ടം

ഹൂറുണ്‍ ശതകോടീശ്വര പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. മൂന്ന് ഇന്ത്യക്കാര്‍ ആദ്യ 100 ല്‍ നിന്ന് പുറത്തായി. 37% ഇടിവോടെ ആസ്തി ആറ് ബില്യണിലേക്ക് താഴ്ന്ന ഗൗതം അദാനിയും 26% ഇടിവോടെ ആസ്തി അഞ്ച്് ബില്യണിലെത്തിയ ശിവ് നാടാരും 28% ഇടിവോടെ നാല് ബില്യണിലേക്ക് ആസ്തി ചുരുങ്ങല്‍ സംഭവിച്ച ഉദയ് കൊട്ടാക്കുമാണ് പുറത്തായത്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനി, 17 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 28% ഇടിഞ്ഞ് അംബാനിയുടെ ആസ്തി 48 ബില്യണ്‍ ഡോളറിലെത്തി.

റാങ്ക് വ്യവസായി കമ്പനി ആസ്തി(ബി. ഡോളര്‍) നഷ്ടം

1 ജെഫ് ബെസോസ് ആമസോണ്‍ 131 6%

2 ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് 91 14%

3 വാറന്‍ ബഫറ്റ് ബര്‍ക്കഷെയര്‍ ഹതാവേ 83 19%

4 ബെര്‍നാഡ് അര്‍നോള്‍ട്ട് എല്‍വിഎംഎച്ച് 77 28%

5 മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക് 71 15%

6 അമാന്‍സിയോ ഒര്‍ട്ടേഗ ഇന്‍ഡിടെക്‌സ് 64 21%

7 സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റ് 60 11%

8 ആലീസ് വാള്‍ട്ടന്‍ വാള്‍മാര്‍ട്ട് 58 2%

9 ജിം വാള്‍ട്ടന്‍ വാള്‍മാര്‍ട്ട് 56 2%

10 സെര്‍ജി ബ്രിന്‍ ഗൂഗിള്‍ 55.5 18%

17 മുകേഷ് അംബാനി റിലയന്‍സ് 48 28%

Categories: FK News, Slider
Tags: Rich List