യുഎഇ കേന്ദ്രബാങ്ക് ഉത്തേജന പാക്കേജ് 256 ബില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തി

യുഎഇ കേന്ദ്രബാങ്ക് ഉത്തേജന പാക്കേജ് 256 ബില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തി
  • ഡിമാന്‍ഡ് ഡെപ്പോസിറ്റുകള്‍ക്കുള്ള കരുതല്‍ ശേഖര പരിധി പകുതിയാക്കി കുറച്ചു
  • ടെസ്സ് പദ്ധതിയുടെ ആനുകൂല്യം ഈ വര്‍ഷം മുഴുവന്‍ ലഭ്യമാക്കാനും തീരുമാനം

ദുബായ്: കൊറോണ വൈറസ് രാജ്യത്തുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ മറികടക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് യുഎഇ കേന്ദ്രബാങ്ക് 256 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തി. ബാങ്കിംഗുകളില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് വേണ്ടി വാണിജ്യ ബാങ്കുകള്‍ കാത്തൂസൂക്ഷിക്കേണ്ട കരുതല്‍ ശേഖര പരിധി പകുതിയാക്കാനും കേന്ദ്രബാങ്ക് തീരുമാനിച്ചു.

എല്ലാ ബാങ്കുകളിലെയും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കരുതല്‍ ശേഖര പരിധി പതിനാല് ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായാണ് കുറച്ചത്. ഇതിലൂടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ ഏതാണ്ട് 61 ബില്യണ്‍ ദിര്‍ഹം അധികമായി എത്തിച്ചേരുമെന്നാണ് കേന്ദ്രബാങ്ക് കരുതുന്നത്. യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനും പണലഭ്യത കൈകാര്യം ചെയ്യാനും ഇത് ബാങ്കുകളെ സഹായിക്കുമെന്ന് കേന്ദ്രബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ യുഎഇ സമ്പദ് വ്യവസ്ഥയെ പിന്താങ്ങുന്നതിന് ആവശ്യമായ നടപടികളുമായി സിബിയുഎഇ (സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ) മുന്നോട്ടുപോകുമെന്ന് കേന്ദ്രബാങ്ക് ഗവര്‍ണര്‍ അബ്ദുള്‍ഹമീദ് സയീദ് പറഞ്ഞു.

പകര്‍ച്ചവ്യാധി സാമ്പത്തികമായി ബാധിച്ച റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായുള്ള ടെസ്സിന്റെ (ടാര്‍ഗറ്റഡ് ഇക്കോണമിക് സപ്പോര്‍ട്ട് സ്‌കീം) കാലാവധി നീട്ടാനും കേന്ദ്രബാങ്ക് തീരുമാനിച്ചു. ഇതോടെ ഈ വിഭാഗത്തിലുള്ളവരുടെ വായ്പകളില്‍ മുതലും പലിശയും ഈടാക്കുന്നതില്‍ അനുവദിച്ച ഇളവ് ഈ വര്‍ഷം മുഴുവന്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കും സാധിക്കും. കേന്ദ്രബാങ്ക് ഫണ്ടുകൡ നിന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് പലിശരഹിത വായ്പകള്‍ ലഭ്യമാക്കിയും ബാങ്കുകളിലെ മൂലധന ശേഖരം ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കിയും കഴിഞ്ഞ മാസമാണ് കേന്ദ്രബാങ്ക് ടെസ്സ് അവതരിപ്പിച്ചത്. മൂലധന ശേഖരത്തില്‍ ബാങ്കുകള്‍ക്ക് അനുവദിച്ച ഇളവ് അടുത്ത വര്‍ഷം അവസാനം വരെ നീട്ടാനും പലിശരഹിത ഫണ്ടിംഗ് സൗകര്യം ഈ വര്‍ഷം ഡിസംബര്‍ 31 വരെ ലഭ്യമാക്കാനും കേന്ദ്രബാങ്ക് തീരുമാനിച്ചു. ടെസ്സ് പദ്ധതിയിലുള്ള ബാങ്കുകള്‍ക്ക് നിലവില്‍ നിര്‍ദ്ദിഷ്ട പണലഭ്യതശേഖരത്തിന്റെ മൂന്നിലൊന്ന് വിനിയോഗിക്കാം. ഇത്തരത്തില്‍ ആകെ 95 ബില്യണ്‍ ദിര്‍ഹം ബാങ്കുകള്‍ക്ക് ലഭ്യമാകുമെന്നാണ് കേന്ദ്രബാങ്കിന്റെ അനുമാനം.

മാര്‍ച്ച് പതിനാലിന് ശേഷം ഏകദേശം 256 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന ഉത്തേജന പദ്ധതികളാണ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചത്. ഇതില്‍ 50 ബില്യണ്‍ ദിര്‍ഹം ബാങ്കുകളിലെ മൂലധന ശേഖരം സ്വതന്ത്രമാക്കിയതിലൂടെയും 50 ബില്യണ്‍ ദിര്‍ഹം കേന്ദ്രബാങ്ക് ഫണ്ടുകളില്‍ നിന്നുള്ള പലിശരഹിത വായ്പയിലൂടെയുമാണ്. ബാക്കിയുള്ള 95 ബില്യണ്‍ പണലഭ്യത ശേഖരത്തില്‍ അനുവദിച്ച ഇളവുകളിലൂടെയും 61 ബില്യണ്‍ ദിര്‍ഹം സ്ഥിര നിക്ഷേപങ്ങളിലെ കരുതല്‍ശേഖര പരിധി കുറച്ചതിലൂടെയും ബാങ്കുകള്‍ക്ക് ലഭ്യമാകും.

പുതിയതായി പ്രഖ്യാപിച്ച സമാശ്വാസ നടപടികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം തീര്‍ത്തും ഇല്ലാതാക്കുമെന്നും ആവശ്യമുള്ള ഇളവുകള്‍ നല്‍കിയും വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഫണ്ടിംഗുകള്‍ ലഭ്യമാക്കിയും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുക എന്ന നിര്‍ണായ കടമ നിറവേറ്റാന്‍ അവരെ സഹായിക്കുമെന്നും സയീദ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ‘ബേസല്‍ ത്രീ കാപ്പിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്’ നടപ്പിലാക്കുന്നത് അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടിവെച്ചതായും കേന്ദ്രബാങ്ക് അറിയിച്ചു.

സ്വതന്ത്ര ധനകാര്യ മേഖലകളിലെ റെഗുലേറ്ററി അതോറിട്ടികളായ ഫിനാന്‍ഷ്യല്‍ സര്‍വീസ് റെഗുലേറ്ററി അതോറിട്ടി ഓഫ് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിട്ടി ഓഫ് ദുബായ് ഇന്‍രെര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിവരുമായി ചേര്‍ന്ന് ഐഎഫ്ആര്‍എസ് 9 ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് നടപ്പിലാക്കുന്നതിന് ബാങ്കുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കുമായി കേന്ദ്രബാങ്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

കൃത്യമായ ലക്ഷ്യങ്ങളോടും ദീര്‍ഘവീക്ഷണത്തോടെയും ഉള്ള വിവിധ തലങ്ങളിലുള്ള നടപടികളാണ് കേന്ദ്രബാങ്ക് സ്വീകരിച്ചിട്ടുള്ളതെന്നും തങ്ങളുടെ അധികാര പരിധിയില്‍ നിന്നുകൊണ്ട് സാധ്യമായ എല്ലാ ഉപാധികളും പൂര്‍ണതോതില്‍ ഉപയോഗിച്ചുള്ള നടപടികളാണ് കേന്ദ്രബാങ്ക് എടുക്കുന്നതെന്നും സയീദ് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെയും ഉപഭോക്താക്കളുടെയും നേട്ടത്തിന് വേണ്ടി ബാങ്കുകളും ധനകാര്യ കമ്പനികളും ടെസ്സ് സൗകര്യം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തും.

യുഎഇ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജ് 126 ബില്യണ്‍ ദിര്‍ഹമായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രബാങ്കും ഇതേ വഴി സ്വീകരിച്ചിരിക്കുന്നത്. ബിസിനസ് നടത്തിപ്പിനുള്ള ചിലവ് കുറയ്ക്കുക, ചെറുകിട ബിസിനസുകള്‍ക്ക് പിന്തുണ നല്‍കുക, സുപ്രധാന അടിസ്ഥാന സൗകര്യ പ്രോജക്ടുകള്‍ വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉത്തേജന പാക്കേജ് വര്‍ധിപ്പിച്ചതെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്.

Comments

comments

Categories: Arabia