ഡെല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവമാക്കി ധനമന്ത്രി

ഡെല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവമാക്കി ധനമന്ത്രി
  • ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് മുന്‍പുതന്നെ വമ്പന്‍ പ്രഖ്യാപനം ഉണ്ടായേക്കും
  • ജിഡിപിയുടെ 2-3% വരുന്ന ഉത്തേജക പാക്കേജാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ ലോകം

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ഉത്തേജക പാക്കേജാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് ഇത് വേണ്ടത്. ഉപഭോക്തൃ ആവശ്യകതയെയും ആദ്യ പ്രഖ്യാപിച്ച പാക്കേജുകളെയും പിന്തുണക്കുന്നതാവണം നടപടികള്‍. ആദ്യ ഘട്ടത്തിലെ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ മൂന്നിരട്ടിയെങ്കിലും വലിപ്പമുള്ളതാവണം പാക്കേജ്

-ഡി കെ ശ്രീവാസ്തവ, മുഖ്യ നയ ഉപദേഷ്ടാവ്, ഇവൈ ഇന്ത്യ

ന്യൂഡെല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയില്‍ നിശ്ചലമായ രാജ്യത്തെ വ്യവസായ മേഖലകളെ കൈപിടിച്ചുയര്‍ത്താനും തൊഴിലുകള്‍ സംരക്ഷിക്കാനും ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന വലിയ സാമ്പത്തിക ഉത്തേജക പാക്കേജിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മന്ത്രി-ഉദ്യോഗസ്ഥ തലത്തില്‍ സജീവമായി. കോവിഡ്-19 ലോക്ക്ഡൗണ്‍ രാജ്യത്ത് രണ്ടാഴ്ച പിന്നിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ രണ്ടാം സാമ്പത്തിക പാക്കേജിനായുള്ള മുറവിളി കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുണ്ട്. വ്യവസായ ലോകം അക്ഷമരാകുന്നെന്ന തിരിച്ചറിവിലാണ് പാക്കേജ് തയാറാക്കലിന് വേഗം കൂടിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഒപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സാമ്പത്തിക പാക്കേജിന്റെ കരട് തയാറാക്കുന്നത്. രാത്രി വൈകിയും ഈ കൂടിയാലോചകള്‍ നടന്നു വരികയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പാക്കേജ് എപ്പോഴത്തേക്ക് പ്രഖ്യാപിക്കുമെന്നതിനെക്കുറിച്ച് കേന്ദ്രം സൂചന നല്‍കിയിട്ടില്ല. എങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് മുന്‍പുതന്നെ വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വൃത്തങ്ങള്‍ അനുമാനിക്കുന്നത്.

കൊറോണ വൈറസ് സാമ്പത്തിക മേഖലയിലുണ്ടാക്കിയിരിക്കുന്ന ആഘാതം പരിഹരിക്കുക, ആസന്നമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളിലായിരിക്കും വ്യവസായ മേഖലയ്ക്കായുള്ള പ്രക്യേത സാമ്പത്തിക പാക്കേജ് ഊന്നുക. രാജ്യത്തെ ഉല്‍പ്പാദന, സേവന മേഖലകളില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞമാസം 24 ന് ആരംഭിച്ച ലോക്ക്ഡൗണിന്റെ ആദ്യ 10 ദിവസത്തെ വിലയിരുത്തലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. റെയ്ല്‍വേ മുതല്‍ വിമാനക്കമ്പനികള്‍ വരെ സ്തംഭനാവസ്ഥയിലാണ്. മിക്കവാറും സ്റ്റീല്‍, സിമെന്റ്, ഓട്ടോമൊബീല്‍ കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുന്നു. ഹോട്ടലുകളും റെസ്റ്ററെന്റുകളും ഫാക്റ്ററികളും അടഞ്ഞുകിടക്കുന്നു. നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന ഫാക്റ്ററികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. മൂന്നാഴ്ചത്തെ സ്തംഭനാവസ്ഥയില്‍ നിന്ന് ഉല്‍പ്പാദനം സാധാരണ ഗതിയിലേക്ക് വരാന്‍ വീണ്ടും ആഴ്ചകളെടുക്കുമെന്നിരിക്കെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സര്‍ക്കാര്‍ വരുമാനം വലിയതോതില്‍ ചുരുങ്ങും. വരുമാനത്തിലുണ്ടാകാവുന്ന ഇടിവും ചെലവിലുണ്ടായേക്കാവുന്ന വര്‍ധനയും ധനമന്ത്രാലയം പോയദിവസങ്ങളില്‍ കാര്യമായി പരിശോധിച്ചിട്ടുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് വന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയെന്ന ദുഷ്‌കരമായ ദൗത്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയം.

വരുമാന നഷ്ടം കാര്യമായി സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഖജനാവിലേക്ക് കാര്യമായി പണമെത്തിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. 2.1 ലക്ഷം കോടി രൂപയാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എണ്ണവില 20-30 ഡോളറില്‍ നില്‍ക്കുന്നതിനാല്‍ ഇറക്കുമതി ചെലവ് കുറഞ്ഞത് ആശ്വാസമാണ്. ലോക്ക്ഡൗണിന് ശേഷം വാഹനഗതാഗതം പുനസ്ഥാപിക്കുന്നതോടെ ഇന്ധനത്തില്‍ നിന്നുള്ള നികുതി വരുമാനം ലഭിക്കാനാരംഭിക്കുന്നത് ഖജനാവിലെ സമ്മര്‍ദ്ദം കുറയ്ക്കും. ഫെബ്രുവരി 28 ന് അടയ്ക്കുന്നത് വരെയുള്ള കാലയളവില്‍ 30% ഇടിഞ്ഞ ഓഹരി വിപണിയെയും സര്‍ക്കാരിന് ഉത്തേജക പാക്കേജില്‍ കാര്യമായി പരിഗണിക്കേണ്ടി വരും.

സിഇഒമാര്‍ പറയുന്നു

വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത കമ്പനി സിഇഒമാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അന്തിമ പാദത്തിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും 10% വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു. ലാഭം 5% വരെ ഇടിയാമെന്നും ആശങ്കയുണ്ട്. നാലില്‍ ഒന്ന് സിഇഒമാരും തൊഴില്‍ നഷ്ടം പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ ജിഡിപിയുടെ 2-3% വരുന്ന സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐഐ ഡയറക്റ്റര്‍ ജനറല്‍ ചന്ദ്രജീത് ബാനര്‍ജി പറയുന്നു.

Categories: FK News, Slider