ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപം തുടരുമെന്ന് അഡ്‌നോക്

ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപം തുടരുമെന്ന് അഡ്‌നോക്

ഐസിവി പരിപാടിയിലൂടെ യുഎഇ സമ്പദ് വ്യവസ്ഥയിലേക്ക് 44 ബില്യണ്‍ ദിര്‍ഹമാണ് രാജ്യത്തെ എണ്ണക്കമ്പനി ഭീമന്‍ എത്തിച്ചത്

അബുദാബി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും 2030ലെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ലാഭത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും ഊന്നല്‍ നല്‍കിയുള്ള നിക്ഷേപ പരിപാടികള്‍ തുടരുമെന്ന് യുഎഇയിലെ പ്രമുഖ ഊര്‍ജ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ളതും ആശ്രയിക്കാനാകുന്നതുമായ ഊര്‍ജവിതരണം ഉറപ്പാക്കുന്നതിനായി ഉല്‍പ്പാദ ശേഷി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ നാലുവര്‍ഷമായി കമ്പനിക്കുള്ളില്‍ നടന്ന പരിവര്‍ത്തനങ്ങളുടെ ഭാഗമായി ഡിമാന്‍ഡ് ഇടിവും എണ്ണവിലത്തകര്‍ച്ചയും അടക്കമുള്ള നിലവിലെ വിപണി സാഹചര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുന്ന നിലയിലേക്ക് അഡ്‌നോക് ഉയര്‍ന്നതായി അഡ്‌നോക് ഗ്രൂപ്പ് സിഇഒയും യുഎഇ സഹമന്ത്രിയുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജബെര്‍ അവകാശപ്പെട്ടു. കമ്പനിയുടെ ശക്തമായ സാമ്പത്തിക സ്ഥിതിയും ആഗോളതലത്തില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന മെച്ചപ്പെട്ട വിലയും ദേശീയ സമ്പദ് വ്യവസ്ഥയെ സുസ്ഥിര വികസനത്തിലേക്ക് നയിക്കാനുള്ള അഡ്‌നോകിന്റെ ശേഷിയാണ് വെളിവാക്കുന്നതെന്നും അഹമ്മദ് അല്‍ ജബെര്‍ പറഞ്ഞു.

2020 അവസാനത്തോടെ പ്രതിദിന എണ്ണ ഉല്‍പ്പാദന ശേഷി 4 മില്യണ്‍ ബാരലിലേക്കും 2030ഓടെ 5 മില്യണ്‍ ബാരലിലേക്കും ഉയര്‍ത്താനുള്ള കമ്പനിയുടെ തന്ത്രപ്രധാന വികസന പദ്ധതികള്‍ക്കും നയങ്ങള്‍ക്കും 2018 നവംബറില്‍ അബുദാബിയിലെ സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. 2019നും 2023നും ഇടയില്‍ 486 ബില്യണ്‍ ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്. യുഎഇയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയിലെ വാണിജ്യ അവസരങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനുമായി ഐസിവി(ഇന്‍ കണ്‍ട്രി വാല്യൂ) രംഗത്തുള്ള നിക്ഷേപം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അഡ്‌നോകിന്റെ പദ്ധതി. 2018ന് ശേഷം ഐസിവി പരിപാടിയിലൂടെ യുഎഇ സമ്പദ് വ്യവസ്ഥയില്‍ 22 ബില്യണ്‍ ദിര്‍ഹം തിരികെ എത്തിച്ചെന്നും സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 1,500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Arabia
Tags: Adnoc