സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ 2ബില്യണ്‍ ഡോളര്‍ നഷ്ടം

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ 2ബില്യണ്‍ ഡോളര്‍ നഷ്ടം
  • കയറ്റുമതിയിലും ഉപഭോക്തൃ ഡിമാന്‍ഡിലും ഇടിവ്
  • ആവശ്യവസ്തു അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലും മാന്ദ്യം
  • മാര്‍ച്ചിലെ കയറ്റുമതിയില്‍ 27% കുറവ്

ന്യൂഡെല്‍ഹി: രാജ്യത്തൊട്ടാകെയുള്ള അടച്ചുപൂട്ടലില്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കയറ്റുമതിയിലുണ്ടാകുന്ന ഇടിവും ഉപഭോക്തൃ ഡിമാന്‍ഡിലുണ്ടാകുന്ന കുറവും കണക്കിലെടുത്താണ് മേഖലയില്‍ വന്‍ നഷ്ടമുണ്ടാകുമെന്ന് വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് പകുതിവരെ രാജ്യത്ത് കോവിഡ് ബാധ ഗുരുതരാവസ്ഥയിലെത്തിയില്ലെങ്കിലും ചൈനയിലും മറ്റു രാജ്യങ്ങളിലുമുണ്ടായ അടച്ചുപൂട്ടലുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ മാന്ദ്യം സൃഷ്ടിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. നടപ്പുവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി മൂന്നു ശതമാനം ഇടിഞ്ഞ് 153 ദശലക്ഷം യൂണിറ്റാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഇത് 158 ദശലക്ഷം യൂണിറ്റായിരുന്നു. മാര്‍ച്ചിലെ കയറ്റുമതിയില്‍പ്രതിവര്‍ഷം 27 ശതമാനത്തിന്റെ കുറവുണ്ടാകുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 14ന് അടച്ചുപൂട്ടല്‍ തീരുമെന്നത് സംബന്ധിച്ച് ഉറപ്പില്ലാത്തതിനാല്‍ ഇടിവ് വീണ്ടും ഉയരാനാണ് സാധ്യത. അടച്ചുപൂട്ടല്‍ കാലവധിയില്‍ മാത്രം രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടം മേഖലയില്‍ ഉണ്ടാകുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് പറഞ്ഞു.

അടച്ചുപൂട്ടല്‍ ദീര്‍ഘിപ്പിച്ചാല്‍ വിതരണ ശൃംഖലയിലും ചാനലുകളിലും വരുമാന നഷ്ടം ഉയരാനിടയാകും. അടച്ചുപൂട്ടലില്‍ മിക്ക ജീവനക്കാരുടേയും ജോലിയില്‍ അനിശ്ചിതാവസ്ഥ തുടങ്ങിയിരിക്കുന്നതിനാല്‍ ഉപഭോക്തൃ ഡിമാന്‍ഡും കുറഞ്ഞിട്ടുണ്ട്. വരും മാസങ്ങളില്‍ ഡിമാന്‍ഡ് കൂടുതല്‍ ഇടിയുമെന്നാണ് സൂചന. ഒറ്റ മാസത്തിനുള്ളില്‍ വേതനം കുറയുന്ന സാഹചര്യമായതിനാല്‍ ആളുകള്‍ ഭാവിയെ കുറിച്ച് ആശങ്കാകുലരാണെന്നും ചെലവ് ചുരുക്കി നിക്ഷേപത്തില്‍ ശ്രദ്ധ ചെലുത്തുകയാണെന്നും വിലയിരുത്തലുകളുണ്ട്. നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ തന്നെ ചൈനയില്‍ നിന്നുള്ള കംപൊണന്റ് വിതരണം നിലച്ചതിനാല്‍ മേഖലയില്‍ ചെറിയ തോതില്‍ മാന്ദ്യം നിഴലിച്ചിരുന്നു. നടപ്പുവര്‍ഷം പകുതിയോടെ സ്ഥിതിഗതികള്‍ അനുകൂലമായാല്‍ ഉത്സവകാലത്തോടെ സ്മാര്‍ട്ട്‌ഫോണില്‍ ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പഥക് ചൂണ്ടിക്കാട്ടി.

സ്മാര്‍ട്ട്‌ഫോണ്‍ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയും മാന്ദ്യത്തിലാണ്. നിര്‍മാണം കൂടി നിര്‍ത്തിവെക്കേണ്ടി വന്നതിനാല്‍ ആഭ്യന്തര തലത്തിലും കയറ്റുമതിയിലും ബിസനിസ് ഇടിഞ്ഞിരിക്കുകയാണ്.

Comments

comments

Categories: Business & Economy