ലിമോസിനായി മാറിയ ലിയര്‍ജെറ്റ് വിമാനമാണ് 18 സീറ്റര്‍ പാര്‍ട്ടി ബസ് എന്ന വിശേഷണം ലഭിച്ച ‘ലിയര്‍മോസിന്‍’

ലിമോസിനായി മാറിയ ലിയര്‍ജെറ്റ് വിമാനമാണ് 18 സീറ്റര്‍ പാര്‍ട്ടി ബസ് എന്ന വിശേഷണം ലഭിച്ച ‘ലിയര്‍മോസിന്‍’

ന്യൂയോര്‍ക്ക്: ജെറ്റ് വിമാനത്തില്‍നിന്ന് ലിമോസിനായി രൂപാന്തരം പ്രാപിച്ച ‘ലിയര്‍മോസിന്‍’ ലേലം ചെയ്യുന്നു. ഈ വരുന്ന മെയ് 12 നും 17 നുമിടയില്‍ ജെറ്റ് ലിമോസിന്റെ ലേലം നടക്കും. ലിയര്‍ജെറ്റ് വിമാനമാണ് ലിമോസിനായി മാറ്റിയത്. കന്‍സാസിലെ വിചിത ആസ്ഥാനമായ സ്വകാര്യ ജെറ്റ് നിര്‍മാതാക്കളാണ് ലിയര്‍ജെറ്റ്.

42 അടി നീളവും എട്ട് അടി വീതിയുമുള്ള ‘ലിയര്‍മോസിന്‍’ നിരത്തുകളിലൂടെ ഓടിക്കാന്‍ കഴിയും. അതായത് സ്ട്രീറ്റ് ലീഗല്‍ വാഹനമാണ് ഈ ജെറ്റ് ലിമോസിന്‍. 2005 ലാണ് ലിയര്‍മോസിന്‍ പ്രോജക്റ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2018 ല്‍ ഡാളസില്‍ ലിയര്‍മോസിന്‍ പൊതു അരങ്ങേറ്റം നടത്തി.

18 സീറ്റര്‍ പാര്‍ട്ടി ബസ്സാണ് ലിയര്‍മോസിന്‍. 4 സ്‌പോക്ക് സ്റ്റിയറിംഗ് വളയമാണ് ഡ്രൈവര്‍ പിടിക്കേണ്ടത്. ആദ്യ തലമുറ ഷെവര്‍ലെ സില്‍വറാഡോ പിക്കപ്പ് ട്രക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കടമെടുത്തു. വിവിധ കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നാല് സ്‌ക്രീനുകള്‍ സ്ഥാപിച്ചു. 42 ഇഞ്ച് വലുപ്പമുള്ള ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍, മിനി ബാര്‍, സ്പീക്കറുകള്‍ സഹിതം 17,000 വാട്ട് സൗണ്ട് സിസ്റ്റം, ഇന്‍ഫിനിറ്റി ഫ്‌ളോര്‍, നിയോണ്‍ ലൈറ്റുകള്‍ എന്നിവ സവിശേഷതകളാണ്.

വാഹനത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച 8.1 ലിറ്റര്‍, വി8 എന്‍ജിനാണ് ലിയര്‍മോസിന് കരുത്തേകുന്നത്. പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും. വാഹനത്തിനകത്ത് വലിയ സ്പീക്കറുകള്‍ വഴി ജെറ്റ് എന്‍ജിന്റെ ശബ്ദമായിരിക്കും കേള്‍ക്കുന്നത്.

മെയ് 12 മുതല്‍ 17 വരെ ഇന്ത്യാന സ്റ്റേറ്റ് ഫെയര്‍ഗ്രൗണ്ട്‌സില്‍ നടക്കുന്ന ഈ വര്‍ഷത്തെ മീക്കം ഇന്‍ഡി ലേല പരിപാടിയിലാണ് ‘ലിയര്‍മോസിന്‍’ ലേലം ചെയ്യുന്നത്.

Comments

comments

Categories: Auto