വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് ടീസര്‍ ചിത്രത്തില്‍നിന്ന് മനസ്സിലാകുന്നത്

വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് ടീസര്‍ ചിത്രത്തില്‍നിന്ന് മനസ്സിലാകുന്നത്

ന്യൂഡെല്‍ഹി: പരിഷ്‌കരിച്ചതും ബിഎസ് 6 പാലിക്കുന്നതുമായ ഹോണ്ട ജാസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ടീസര്‍ ചിത്രം ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഗ്രില്‍, ചക്രങ്ങള്‍, ബോഡിലൈനുകള്‍ എന്നിവ സംബന്ധിച്ച ഡിസൈന്‍ വിശദാംശങ്ങള്‍ പുതിയ ജാസിന്റെ ഇരുണ്ട ടീസറില്‍ കാണാം.

ബിഎസ് 6 ലേക്ക് മാറുമ്പോള്‍ ഹാച്ച്ബാക്കിന്റെ പുറമേ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് ടീസര്‍ ചിത്രത്തില്‍നിന്ന് മനസ്സിലാകുന്നത്. ചക്രങ്ങള്‍, ഹെഡ്‌ലൈറ്റ്, ഗ്രില്‍ എന്നിവ ബിഎസ് 4 മോഡലുമായി ഏറെക്കുറേ സമാനമാണ്. ബംപറിന്റെ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റത്തിന് സാധ്യത കാണുന്നു.

നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നവിധം പരിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോട്ടോര്‍ തുടര്‍ന്നും 90 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 100 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ബിഎസ് 6 പാലിക്കും. ഈയിടെ പരിഷ്‌കരിച്ച ഹോണ്ട അമേസ് സബ്‌കോംപാക്റ്റ് സെഡാന്‍ ഉപയോഗിക്കുന്ന അതേ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ബിഎസ് 6 ഹോണ്ട ജാസ് ഹാച്ച്ബാക്കില്‍ നല്‍കും. രണ്ട് എന്‍ജിനുകള്‍ക്കും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡ് ആയിരിക്കും. അതേസമയം 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ തുടര്‍ന്നും ഉണ്ടായിരിക്കും. ഹോണ്ട അമേസില്‍ നല്‍കിയ ഡീസല്‍ എന്‍ജിന്‍ – സിവിടി ചങ്ങാത്തം പുതിയ ജാസില്‍ പ്രതീക്ഷിക്കാം.

കാറിനകത്തെ രൂപകല്‍പ്പനയിലും സജ്ജീകരണങ്ങളിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഇന്‍ഡിക്കേറ്ററുകളോടുകൂടിയ വിംഗ് മിററുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ടോപ് സ്‌പെക് വേരിയന്റില്‍ തുടര്‍ന്നും ഉണ്ടായിരിക്കും.

ഇന്ത്യന്‍ വിപണിയിലെ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളായ മാരുതി സുസുകി ബലേനോ, ടാറ്റ അള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായ് ഐ20 എന്നിവയാണ് എതിരാളികള്‍. ബിഎസ് 4 കാലത്ത് സെഗ്മെന്റിലെ ഉയര്‍ന്ന ശ്രേണിയിലായിരുന്നു ഹോണ്ട ജാസ്. അതായത് 7.45 ലക്ഷം മുതല്‍ 9.41 ലക്ഷം വരെ വില (ഡെല്‍ഹി എക്‌സ് ഷോറൂം).

ചിത്രം: നിലവിലെ ഹോണ്ട ജാസ്

Comments

comments

Categories: Auto