കുതിപ്പ് തുടരാന്‍ ബിഎസ് 6 അവെഞ്ചര്‍ സ്ട്രീറ്റ് 160, ക്രൂസ് 220

കുതിപ്പ് തുടരാന്‍ ബിഎസ് 6 അവെഞ്ചര്‍ സ്ട്രീറ്റ് 160, ക്രൂസ് 220

യഥാക്രമം 93,677 രൂപയും 1.16 ലക്ഷം രൂപയുമാണ് ക്രൂസറുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില

ബിഎസ് 6 പാലിക്കുന്ന 2020 ബജാജ് അവെഞ്ചര്‍ സ്ട്രീറ്റ് 160, അവെഞ്ചര്‍ ക്രൂസ് 220 ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 93,677 രൂപയും 1.16 ലക്ഷം രൂപയുമാണ് ക്രൂസറുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. യഥാക്രമം 12,000 രൂപയും 11,500 രൂപയും വര്‍ധിച്ചു. ബിഎസ് 4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇതോടെ ബജാജ് ഓട്ടോയുടെ എല്ലാ മോട്ടോര്‍സൈക്കിളുകളും ബിഎസ് 6 പാലിക്കുന്നതായി മാറി.

2020 ബജാജ് അവെഞ്ചര്‍ ക്രൂസ് 220 നിലവിലെ അതേ ഡിസൈന്‍ ഭാഷ തുടരുന്നു. ധാരാളം ക്രോം, മുന്നില്‍ ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ കാണാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നിലനിര്‍ത്തി. ഇന്ധന ടാങ്കിന് പുറത്ത് രണ്ടാമതൊരു ഡിസ്‌പ്ലേ ഇപ്പോഴും കാണാം. ‘ലെയ്ഡ് ബാക്ക്’ ക്രൂസറില്‍ ഡിസൈന്‍ മാറ്റങ്ങളില്ല. അതേ ഹാന്‍ഡില്‍ബാര്‍ ഉപയോഗിക്കുന്നു.

220 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബജാജ് അവെഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്ന ഈ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 18.7 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 19 ബിഎച്ച്പി കരുത്താണ് ബിഎസ് 4 എന്‍ജിന്‍ പുറപ്പെടുവിച്ചിരുന്നത്. ടോര്‍ക്ക് കണക്കില്‍ മാറ്റമില്ല. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. ഔബേണ്‍ ബ്ലാക്ക്, മൂണ്‍ വൈറ്റ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.

ഭംഗി വര്‍ധിപ്പിക്കുന്ന നടപടികളൊന്നും 2020 ബജാജ് അവെഞ്ചര്‍ സ്ട്രീറ്റ് 160 മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല. 160 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 14.8 ബിഎച്ച്പി കരുത്തും 13.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ കരുത്തില്‍ മാറ്റമില്ല. അതേസമയം ടോര്‍ക്ക് അല്‍പ്പം വര്‍ധിച്ചു. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. എബണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

രണ്ട് ബൈക്കുകളുടെയും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും നല്‍കി. അവെഞ്ചര്‍ സീരീസില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്. അവെഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളിന് നേരിട്ടൊരു എതിരാളിയില്ല. എന്നാല്‍ അവെഞ്ചര്‍ സ്ട്രീറ്റ് 160 മോട്ടോര്‍സൈക്കിള്‍ സുസുകി ഇന്‍ട്രൂഡര്‍ ബൈക്കുമായി വിപണിയില്‍ മല്‍സരിക്കും.

Categories: Auto