1.5 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

1.5 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
  • അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് തൊഴില്‍ നഷ്ടം രൂക്ഷമാകും
  •  പ്രതിസന്ധി ഏറെയും ചെറുകിട ഐടി സ്ഥാപനങ്ങളില്‍

മുംബൈ: രാജ്യത്തെ ഐടി മേഖലയില്‍ കോവിഡ് 19 വന്‍ ആഘാതമേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ ബിസിനസ് തകര്‍ച്ചയില്‍ അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.

ചെറുകിട ഐടി സ്ഥാപനങ്ങളാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതില്‍ മുന്‍പന്തിയില്‍. പ്രധാനമായും വന്‍കിട ഉപഭോക്താക്കളെ ആശ്രയിച്ചു നിലനിന്ന ഐടി സ്ഥാപനങ്ങള്‍ക്ക് ബിസിനസ് തകര്‍ച്ചയില്‍ പിടിച്ചി നില്‍ക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നിരിക്കുന്ന അവസ്ഥായാണെന്നും സ്റ്റാഫ് റിക്രൂട്ടിംഗ് സ്ഥാപനമായ സില്‍ എച്ച് ആര്‍ സര്‍വീസസ് സിഇഒ ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു. വന്‍കിട, മധ്യനിര ഐടി സ്ഥാപനങ്ങളിലും വെട്ടിക്കുറയ്ക്കല്‍ അത്ര കുറവല്ലെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. 45 ലക്ഷം മുതല്‍ 50 ലക്ഷം പേര്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10-12 ലക്ഷം പേരും ചെറുകിട ഐടി സ്ഥാപനങ്ങളിലെ ജോലിക്കാരാണ്. ഏറ്റവും മുന്‍നിരയിലുള്ള അഞ്ച് ഐടി സ്ഥാപനങ്ങളില്‍ മാത്രം 10 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബിസിനസ് ഓര്‍ഡറുകള്‍ ഏറ്റെടുക്കാനാകാതെ വരുന്നതാണ് ഐടി സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. മാന്യുഫാക്ചറിംഗ് പാടെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ നിര്‍ദിഷ്ടമേഖലയിലെ പ്രതിസന്ധിക്കും കാഠിന്യമേറും. മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ വരുകാല പാദത്തിലെ പ്രകടനത്തെ കുറിച്ച് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

നിലവില്‍ ചില രാജ്യങ്ങളില്‍ അടച്ചുപൂട്ടല്‍ മേയ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. പുറം രാജ്യങ്ങളിലെ ബിസിനസ് ഏറ്റെടുത്തു ചെയ്യുന്ന ഐടി സ്ഥാപനങ്ങള്‍ നിലവിലെ സാഹചര്യം വന്‍ പ്രതിസന്ധി സൃഷ്ടിക്കും. അനിശ്ചിതാവസ്ഥ എപ്പോള്‍ അവസാനിക്കുമെന്നോ, ബിസിനസ് പഴയ പടി ആകാനുള്ള കാലയളവോ മുന്‍കൂട്ടി പറയാനാകുന്നില്ല എന്നതും ഐടി സ്ഥാപനങ്ങളെ തകര്‍ക്കുന്നുതായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചില സ്ഥാപനങ്ങള്‍ ജീവനക്കാരെ ഒഴിവാക്കാതെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചെറുകിട ഐടി സ്ഥാപനങ്ങള്‍ ഓരോ പ്രോജക്റ്റും നഷ്ടമാകുന്നതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യാത്രാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിപിഒ സ്ഥാപനമായ ഫെയര്‍പോര്‍ട്ടല്‍ 300 ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ കത്ത് നല്‍കിക്കഴിഞ്ഞു. വെറും രണ്ട് മണിക്കൂര്‍ നോട്ടീസ് കാലാവധി നല്‍കിയാണ് ജീവനക്കാരോട് രാജി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടത്. ഫെയര്‍പോര്‍ട്ടലിന്റഎ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യ സംഭവമാണ്. പ്രധാനമായും എയര്‍ലൈന്‍ ബിസിനസിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കഴിഞ്ഞ മാസം മാത്രം 85 ശതമാനം ഇടിവുണ്ടായതായാണ് സൂചന. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതടക്കം സിഇഒയുടെ വേതനം ഒരു ഡോളര്‍ കുറവ് വരുത്തിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: job loss