സൗദി അറേബ്യ അടിയന്തര ഒപെക് പ്ലസ് സമ്മേളനം വിളിച്ചു

സൗദി അറേബ്യ അടിയന്തര ഒപെക് പ്ലസ് സമ്മേളനം വിളിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫോണിലൂടെ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി

റിയാദ്: എണ്ണവിപണിയെ സന്തുലിതമാക്കാനുള്ള ശ്രമമെന്നോണം സൗദി അറേബ്യ അടിയന്തര ഒപെക് പ്ലസ് സമ്മേളനത്തിന് ആഹ്വാനം ചെയ്തു. എണ്ണവിപണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യ ഒപെക് പ്ലസ് യോഗം വിളിച്ചത്.

നേരത്തെ ഒപെക് പ്ലസുമായി ധാരണയിലെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ അത് വേണ്ടത്ര വിജയകരമായില്ലെന്ന് സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സൗദി അറേബ്യയിലെ മറ്റ് കൂട്ടാളികളുടെയും താല്‍പ്പര്യപ്രകാരമാണ് നിലവില്‍ യോഗത്തിനായി മുന്‍കൈ എടുക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ലോകമെങ്ങുമുള്ള ഊര്‍ജ വിപണികളുടെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ട്രംപ് സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ചതായി സൗദിയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എണ്ണ ഉല്‍പ്പാദന നിയന്ത്രണം സംബന്ധിച്ച് സൗദി അറേബ്യയ്ക്കും റഷ്യയ്ക്കുമിടയില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കമാണ് എണ്ണവിപണിയെ വില യുദ്ധത്തില്‍ എത്തിച്ചത്. സൗദി-റഷ്യ എണ്ണപ്പോരില്‍ ബലിയാടായത് അമേരിക്കയിലെ എണ്ണ വ്യവസായമാണ്. എണ്ണവില ബാരലിന് ഇരുപത് ഡോളറിനടുത്തേക്ക് കൂപ്പുകുത്തിയതോടെ അമേരിക്കയിലെ എണ്ണ ഉല്‍പ്പാദകര്‍ നഷ്ടം രുചിച്ച് തുടങ്ങി. ഇതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. സൗദിയും റഷ്യയും ഉടന്‍ തന്നെ സമവായത്തില്‍ എത്തുമെന്നാണ് കരുതുന്നതെന്നും മുമ്പുള്ളത് പോലെ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കി തുടങ്ങുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും റഷ്യന്‍ പ്രസിഡന്റ് ്‌വളാദിമര്‍ പുടിനുമായും താന്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു.

Comments

comments

Categories: Arabia
Tags: OPEC