ഗള്‍ഫിലെ അഞ്ച് ബാങ്കിംഗ് സംവിധാനങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് താഴ്ത്തി

ഗള്‍ഫിലെ അഞ്ച് ബാങ്കിംഗ് സംവിധാനങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് താഴ്ത്തി

എണ്ണവിലത്തകര്‍ച്ചയിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലും ബാങ്കുകളുടെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ മോശമായതാണ് കാരണം

ദുബായ്: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറില്‍ അഞ്ച് രാജ്യങ്ങളിലെയും ബാങ്കിംഗ് സംവിധാനങ്ങളുടെ വളര്‍ച്ചാ അനുമാനം മൂഡീസ് സ്റ്റേബിളില്‍ നിന്നും നെഗറ്റീവ് ആയി വെട്ടിക്കുറച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ബാങ്കിംഗ് മമേഖലയുടെ വളര്‍ച്ചാ കാഴ്ചപ്പാടാണ് എണ്ണവിലത്തകര്‍ച്ചയുടെയും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെയും പശ്ചാത്തലത്തില്‍ മൂഡീസ് വെട്ടിക്കുറച്ചത്. മറ്റൊരു ജിസിസി രാജ്യമായ ഒമാനിലെ ബാങ്കിംഗ് സംവിധാനത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് നെഗറ്റീവില്‍ തുടരുകയാണ്.

എണ്ണവില തകര്‍ച്ചയും കൊറോണ വൈറസും മൂലം ബാങ്കുകളുടെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ മോശമായതാണ് സൗദി അറേബ്യയില്‍ ബാങ്കിംഗ് രംഗത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് സ്റ്റേബിളില്‍ നിന്നും നെഗറ്റീവ് ആയി താഴാനുള്ള കാരണം. പകര്‍ച്ചവ്യാധി മൂലം സാമ്പത്തിക ക്രയവിക്രയങ്ങള്‍ മന്ദഗതിയിലാകുന്നതും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും ബാങ്ക് ആസ്തികളുടെ ഗുണനിലവാരത്തെയും ലാഭത്തെയും സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്ന് മൂഡീസ് വൈസ് പ്രസിഡന്റ് നിതീഷ് ഭോജ്‌നഗര്‍വാല പറഞ്ഞു. എണ്ണവിലത്തകര്‍ച്ച സര്‍ക്കാര്‍ ഖജനാവിനെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ ഇതുവരെ ശക്തമായിരുന്ന ബാങ്കുകളുടെ ഫണ്ടിംഗ് പ്രൊഫൈലും സമ്മര്‍ദ്ദത്തിലാകും. മാത്രമല്ല, കുറഞ്ഞ പലിശനിരക്കുകള്‍ ബാങ്കുകളുടെ ലാഭത്തെയും സമ്മദ്ദത്തിലാക്കുമെന്ന് നിതീഷ് കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും എണ്ണവിലത്തകര്‍ച്ചയില്‍ സര്‍ക്കാര്‍ വരുമാനം ഇടിഞ്ഞതും സാമ്പത്തിക രംഗത്തെ തളര്‍ത്തിയതാണ് കുവൈറ്റില്‍ ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചാ അനുമാനം നെഗറ്റീവ് ആകാനുള്ള കാരണം. ശക്തമായ മൂലധനവും പണലഭ്യതയുമുള്ള കുവൈറ്റിലെ ബാങ്കുകള്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങളെ മറികടക്കാനുള്ള ശേഷിയുണ്ട്. പക്ഷേ, വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നടപടികള്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും പ്രവര്‍ത്തന സാഹചര്യങ്ങള്‍ മോശമായത് ബാങ്കുകളുടെ വായ്പ പോര്‍ട്ട്‌ഫോളിയോ ദുര്‍ബലമാക്കിയെന്നും ഇത് വായ്പകളിലൂടെയുള്ള നഷ്ടം വര്‍ധിക്കാനിടയാക്കുമെന്നും മൂഡീസ് പറയുന്നു. വായ്പാ വളര്‍ച്ച കുറയുന്നതിനൊപ്പം ഇത്തരം പ്രതികൂല ഘടകങ്ങളും ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്ന് നിതീഷ് വിശദീകരിച്ചു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിലത്തകര്‍ച്ചയും മൂലം ബാങ്കുകളുടെ പ്രവര്‍ത്തന സാഹചര്യം മോശമായതാണ് ഖത്തറിലും വളര്‍ച്ചാ അനുമാനം സ്‌റ്റേബിളില്‍ നിന്നും നെഗറ്റീവ് ആകാനുള്ള കാരണം. മികച്ച മൂലധനവും ലാഭവും ആവശ്യം വന്നാല്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ടെങ്കിലും ജനജീവിതവും ബിസിനസ് പ്രവര്‍ത്തനങ്ങളും തടസപ്പെടുന്നത് മൂലം ബാങ്കുകളില്‍ വായ്പാ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും ലാഭം കുറയുമെന്നും മൂഡീസ് പറയുന്നു. മാത്രമല്ല, ബാങ്കുകള്‍ കൂടുതലായി വിദേശഫണ്ടിംഗിനെ ആശ്രയിക്കുന്നതോടെ പണലഭ്യതയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.

വായ്പകളുടെ ഗുണനിലവാരവും ലാഭവും ദുര്‍ബലപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎഇയിലെ ബാങ്കിംഗ് സംവിധാനത്തിന്റെ വളര്‍ച്ചാ അനുമാനം നെഗറ്റീവിലേക്ക് താഴ്ത്തിയതെന്ന് മൂഡീസ് അറിയിച്ചു. ടൂറിസം, ഗതാഗതം, വ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ ഉള്‍പ്പടെ എണ്ണ-ഇതര മേഖലകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ നിലവിലെ സാഹചര്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക യുഎഇ സമ്പദ് വ്യവസ്ഥയ്ക്കാണെന്നും എണ്ണവില തകരുന്നത് ബാങ്കുകളിലേക്കുള്ള സര്‍ക്കാര്‍ നിക്ഷേപം കുറയാന്‍ ഇടയാക്കുമെന്നും കുറഞ്ഞ പലിശനിരക്കും ബാങ്കുകളുടെ ലാഭത്തിന് വെല്ലുവിളിയാകുമെന്നും നിതീഷ് വിശദീകരിച്ചു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ എണ്ണവിലത്തകര്‍ച്ചയിലും കൊറോണ വൈറസ് വ്യാപനത്തിലും സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായതാണ് ബഹ്‌റൈന്‍ ബാങ്കിംഗ് സംവിധാനത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് നെഗറ്റീവ് ആകാനുള്ള കാരണം. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി ദുര്‍ബലമാകുന്നത് ബാങ്കുകളുടെ വായ്പാ പ്രൊഫൈലിനെ ബാധിക്കും. അതേസമയം ഫണ്ടിംഗ്, ലാഭ വെല്ലുവിളികളെ ശക്തമായ മൂലധന നിലവാരവും ധനശേഖരവും ഉപയോഗിച്ച് നേരിടണമെന്ന് നിതീഷ് പറഞ്ഞു.

ഒമാന്‍ ബാങ്കുകളുടെ വളര്‍ച്ചാ അനുമാനം നേരത്തയുള്ളത് പോലെ നെഗറ്റീവില്‍ തുടരുകയാണ്. ബാങ്ക് ആസ്തികളുടെ ഗുണനിലവാരവും ലാഭവും കുറയുമെന്നും ദുര്‍ബലമായ ഫണ്ടിംഗ്, പണലഭ്യത സാഹചര്യങ്ങളും ആവശ്യം വന്നാല്‍ ബാങ്കുകളെ സഹായിക്കാനുള്ള ശേഷി ഒമാന്‍ സര്‍ക്കാരിനുണ്ടാകില്ല തുടങ്ങിയ കാര്യങ്ങളും വിലയിരുത്തിയാണ് ബാങ്കിംഗ് സംവിധാനത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് നെഗറ്റീവില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് നിതീഷ് വിശദീകരിച്ചു.

Comments

comments

Categories: Arabia
Tags: GCC, Moody's