2020ല്‍ യുഎഇ 2.5 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്

2020ല്‍ യുഎഇ 2.5 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്
  • എണ്ണ-ഇതര മേഖലയുടെ ജിഡിപി വളര്‍ച്ച 0.1 ശതമാനത്തിലേക്ക് കൂപ്പുകുത്തും
  • എണ്ണയുല്‍പ്പാദനത്തിലെ എട്ട് ശതമാനം വളര്‍ച്ച സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകും
  • കൊറോണ വൈറസില്‍ ടൂറിസം മേഖല തളരും

ദുബായ്: യുഎഇയിലെ എണ്ണ-ഇതര സമ്പദ് വ്യവസ്ഥ 2020 ആദ്യ പകുതിയില്‍ സ്തംഭനാവസ്ഥയില്‍ ആയിരിക്കുമെന്ന് ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍സി ബോഡിയായ ഐസിഎഇഡബ്ല്യൂ. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പരിണിതഫലങ്ങളും എണ്ണവിലത്തകര്‍ച്ചയും പൊതു ചിലവിടലിനെ താത്കാലികമായി ബാധിക്കുന്നത് കൊണ്ടാണിതെന്നും എന്നാല്‍ ഒപെക് പ്ലസ് കരാര്‍ കലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ എണ്ണ-ഇതര സാമ്പത്തിക രംഗത്തെ മാന്ദ്യം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതത്തെ മറികടക്കാമെന്നും ഐസിഎഇഡബ്ല്യൂവിന്റെ ഇക്കോണമിക് അപ്‌ഡേറ്റില്‍ പറയുന്നു. 2020ല്‍ യുഎഇ 2.5 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് ഐസിഎഇഡബ്ല്യൂ പ്രവചിക്കുന്നത്. സമീപകാലത്തെ ഏറ്റവും ശക്തമായ വളര്‍ച്ചാ അനുമാനമാണിത്. എന്നാല്‍ എണ്ണ-ഇതര മേഖലയുടെ മുന്‍ ജിഡിപി വളര്‍ച്ച അനുമാനമായ 2.5 ശതമാനം കേവലം 0.1 ശതമാനമായി കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിഎഇഡബ്ല്യൂവും ഓക്‌സ്‌ഫോഡ് ഇക്കോണമിക്‌സും സഹകരിച്ചാണ് ഇക്കോണമിക് അപ്‌ഡേറ്റ്: മിഡില്‍ഈസ്റ്റ് ക്യൂവണ്‍ 2020 എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താരതമ്യേന, യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണവൈറസ് കേസുകള്‍ കുറവാണെങ്കിലും രാജ്യത്തെ സാമ്പത്തികരംഗം അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. 2019 രണ്ടാംപകുതിയില്‍ തന്നെ ബിസിനസ് വളര്‍ച്ച മന്ദഗതിയിലായിരുന്നു. ഫെബ്രുവരിയില്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 2009ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് എത്തി. അടുത്ത വര്‍ഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ കേവലം 39 ശതമാനം മാത്രമാണെന്ന് പിഎംഐ സര്‍വേ ഡാറ്റ വ്യക്തമാക്കുന്നു.

യൂറോപ്പ് പുതിയ വൈറസ് പ്രഭവ കേന്ദ്രമായി മാറിയതോടെ യുഎഇയുടെ എണ്ണ-ഇതര സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ ടൂറിസം മേഖലയും ഭീഷണിയിലാണ്. യുഎഇയുടെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം വിപണിയാണ് യൂറോപ്പ്. ലോകത്തിലെ വിവിധ കോണുകളില്‍ ഉള്ള യാത്രാവിലക്കുകളും വിലക്കുകള്‍ ഇല്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ യാത്രകളോട് കാണിക്കുന്ന വിമുഖതയും മൂലം ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും ഹോട്ടലുകളിലെ താമസ നിരക്കും കുത്തനെ ഇടിഞ്ഞു. ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളും റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും അടഞ്ഞുകിടക്കുകയോ കുറച്ച് സമയം മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് മൂലം വിദേശ വിനോദ സഞ്ചാരികളുടെ നഷ്ടം പ്രാദേശിക സന്ദര്‍ശകരിലൂടെ തീര്‍ക്കാമെന്ന മോഹവും വെറുതെയാണ്. മാര്‍ച്ച് അവസാനവും ഏപ്രില്‍ തുടക്കത്തിലുമായി പ്രഖ്യാപിക്കുന്ന കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രണ്ടാംപാദത്തിലും സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ചലനമുണ്ടാകില്ലെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങള്‍ നീട്ടിയാല്‍ വളര്‍ച്ചാ അനുമാനം കൂടുതല്‍ താഴേക്ക് പോകുമെന്ന് ഇക്കോണമിക് അപ്‌ഡേറ്റില്‍ പറയുന്നു. എന്നാല്‍ ഇന്ധന മേഖലയുടെ മികച്ച പ്രകടനത്തിലൂടെ എണ്ണ-ഇതര മേഖലയുടെ ക്ഷീണത്തെ മറികടക്കാമെന്നാണ് ഐസിഎഇഡബ്ലൂവിന്റെ അഭിപ്രായം.

മറ്റ് പ്രാദേശിക എണ്ണ ഉല്‍പ്പാദകരെ പോലെ നേരത്തെ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കിയിരുന്ന യുഎഇ, ഒപെക് പ്ലസ് കരാറിന് സാധുത നഷ്ടപ്പെട്ടതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം എണ്ണ ഉല്‍പ്പാദനത്തില്‍ എട്ട് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ന് ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ചാനിരക്കാണിത്. എണ്ണവിലത്തകര്‍ച്ച താത്കാലികമായി യുഎഇയുടെ സാമ്പത്തികസ്ഥിതിയെ ഉലയ്ക്കുമെങ്കിലും കഷ്ടകാലസമയത്തും പൊതുചിലവിടല്‍ വേണ്ടരീതിയില്‍ നിലനിര്‍ത്താനുള്ള സാമ്പത്തികശേഷി യുഎഇക്കുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായാണ് ദുബായ് സര്‍ക്കാര്‍ ഈ വര്‍ഷം ആരംഭിച്ചത്. എക്‌സ്‌പോ 2020 ദുബായ് വിജയകരമായി നടത്താനുള്ള പ്രതിബദ്ധതയാണ് എമിറേറ്റിന്റെ ഭീമമായ ബജറ്റില്‍ പ്രതിഫലിക്കുന്നത്. 2018 രണ്ടാംപകുതിയില്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുമായി അബുദാബിയും ഒപ്പമുണ്ട്.

കോവിഡ്-19യുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറുന്നതിനായി അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് അടിയന്തരമായി വേണ്ടുന്ന ദുരിതാശ്വാസ നടപടികള്‍ എന്തൊക്കെയാണെന്ന് വളരെ വേഗത്തില്‍ കണ്ടെത്തിയ യുഎഇയുടെ സമീപനം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് എഫ്‌സിഎയുടെയും ഐസിഎഇഡബ്ല്യൂവിന്റെയും പ്രാദേശിക ഡയറക്ടര്‍ മിഷേല്‍ ആംസ്‌ട്രോംഗ് പറഞ്ഞു. പ്രതിസന്ധി സമയത്തും ജി20യുടെ 5 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജിനെ പിന്തുണയ്ക്കുമെന്ന അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനവും എടുത്തുപറയേണ്ടതാണ്. എക്‌സ്‌പോ 2020 മാറ്റിവെക്കാനുള്ള തീരുമാനം രണ്ടാംപാദത്തില്‍ ശക്തമായ സാമ്പത്തിക തിരിച്ചുവരവിനുള്ള അവസരം ഇല്ലാതാക്കുമെങ്കിലും ഒരു വര്‍ഷത്തേക്ക് പരിപാടി മാറ്റിവെക്കുന്നത് എക്‌സ്‌പോയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും ആംസ്‌ട്രോംഗ് കൂട്ടിച്ചേര്‍ത്തു.

യുഎഇ കേന്ദ്രബാങ്കും ഫെഡറല്‍ സര്‍ക്കാരും നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ബാങ്കുകള്‍ക്ക് പലിശരഹിത വായ്പ, ധനശേഖരം ഉപയോഗപ്പെടുത്താന്‍ ബാങ്കുകളെ അനുവദിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. വാടകയില്‍ ഇളവ്, വൈദ്യുതി, ജല നിരക്കുകള്‍ റദ്ദ് ചെയ്യല്‍ അടക്കം ബിസിനസുകള്‍ക്ക് താങ്ങാവുന്ന പല പ്രഖ്യാപനങ്ങളും ദുബായ്, അബുദാബി സര്‍ക്കാരുകള്‍ നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പൂര്‍ണമായും മറികടക്കാന്‍ ഇത്തരം ദുരിതാശ്വാസ നടപടികളിലൂടെ സാധിക്കില്ലെങ്കിലും പതുക്കെയുള്ള തിരിച്ചുവരവിന് ഇവ ശക്തിപകരും.

പണപ്പെരുപ്പം നെഗറ്റീവില്‍ തുടരുകയും 2019ല്‍ ഉപഭോക്തൃ വില സൂചിക 1.9 ശതമാനത്തിലേക്ക് താഴുകയും ചെയ്ത സാഹചര്യത്തില്‍ സാമ്പത്തികരംഗത്തിന്റെ തളര്‍ച്ച ഉല്‍പ്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിച്ചേക്കും. പ്രോപ്പര്‍ട്ടി വിപണിയില്‍ വാടകനിലവാരം കുത്തനെ താഴേക്ക് പോയി. വിപണിയിലെ അമിതവിതരണത്തെ നേരിടാന്‍ അധികൃതര്‍ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും പാര്‍പ്പിടങ്ങളുടെ വിലനിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സമീപഭാവിയിലൊന്നും പ്രോപ്പര്‍ട്ടി വിപണിയുടെ തിരിച്ചുവരവുണ്ടാകില്ലെന്നാണ് ഐസിഎഇഡബ്ല്യൂ പറയുന്നത്.

Comments

comments

Categories: Arabia