പൂര്‍ണമായും കാഷ്‌ലെസാകാന്‍ യുഎഇയില്‍ വിസയുമായി കൈകോര്‍ത്ത് നൂണ്‍ ഡോട്ട് കോം

പൂര്‍ണമായും കാഷ്‌ലെസാകാന്‍ യുഎഇയില്‍ വിസയുമായി കൈകോര്‍ത്ത് നൂണ്‍ ഡോട്ട് കോം

സൗദി അറേബ്യയിലും ഭൂരിഭാഗം പണമിടപാടുകളും നൂണ്‍ കാര്‍ഡ്-ഓണ്‍ലി ആക്കിയിട്ടുണ്ട്

അബുദാബി: യുഎഇയില്‍ നൂറു ശതമാനം കോണ്ടാക്ട്‌ലെസ് പണമിടപാടുകള്‍ സാധ്യമാക്കുന്നതിനായി പശ്ചിമേഷ്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് റീറ്റെയ്ല്‍ ഭീമനായ നൂണ്‍ ഡോട്ട് കോം പേയ്‌മെന്റ് കമ്പനിയായ വിസയുമായി പങ്കാളിത്തത്തില്‍. പകര്‍ച്ചവ്യാധി കാലത്ത് യുഎഇയിലെ ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നൂണ്‍ പൂര്‍ണമായും കാഷ്‌ലെസ് ആകാന്‍ തീരുമാനിച്ചത്.

സമ്പര്‍ക്ക വിലക്കിനെ തുടര്‍ന്ന് ആളുകള്‍ കൂടുതല്‍ സമയവും വീടുകളില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ യുഎഇയിലും സൗദി അറേബ്യയിലും നൂണിന്റെ ഹോം ഡെലിവറി സേവനം ഇരട്ടിച്ചതായി കമ്പനി വ്യക്തമാക്കി. സൗദി അറേബ്യയില്‍ ഭൂരിഭാഗം പണമിടപാടുകള്‍ കാര്‍ഡ്-ഓണ്‍ലി ഇടപാടുകള്‍ ആക്കിയിട്ടുണ്ട്. മാത്രമല്ല കോണ്ടാക്ട്‌ലെസ് ഡെലിവറിക്കായി ‘ലീവ് അറ്റ് മൈ ഡോര്‍’ ഓപ്ഷനും കമ്പനി പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ഇ-കൊമേഴ്‌സ് ഡിമാന്‍ഡുകള്‍ വര്‍ധിച്ചതിനൊപ്പം ഓണ്‍ലൈന്‍ ഡെലിവറികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയും ഇവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് നൂണ്‍ സിഇഒ ആയ ഫറസ് ഖാലിദ് പറഞ്ഞു. ഈ ആശങ്ക പരിഹരിക്കുന്നതിനും ഡെലിവറി ഏജന്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് യുഎഇയില്‍ കാര്‍ഡ്-ഓണ്‍ലി പണമിടപാട് മാതൃകയിലേക്ക് മാറിയതെന്ന് ഫറസ് വ്യക്തമാക്കി. സൗദി അറേബ്യയില്‍ വലിയൊരു വിഭാഗം ഉല്‍പ്പന്നങ്ങളുടെയും പേയ്‌മെന്റ് കാര്‍ഡ്-ഓണ്‍ലി ആക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. വിസയുമായി സഹകരിച്ചുള്ള ഈ ഉദ്യമത്തിലൂടെ മേഖലയില്‍ കാഷ്‌ലെസ് ഇ-കൊമേഴ്‌സ് വ്യാപകമാക്കാന്‍ കമ്പനിക്ക് സാധിക്കും. കാഷ്‌ലെസ് പേയ്‌മെന്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വിസയുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം തുടരുമെന്നും ഫറസ് അറിയിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ മേഖലയിലെ മൂന്നില്‍ രണ്ട് വിഭാഗം ഉപഭോക്താക്കളും പണത്തെക്കാളേറെ കാര്‍ഡ് ഇടപാടുകള്‍ നടത്താനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് വിസയുടെ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക വിഭാഗം ജനറല്‍ മാനേജര്‍ മര്‍സെല്ലോ ബാരികോര്‍ഡി പറഞ്ഞു. പല തലത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയുള്ള പണമിടപാടുകളാണ് വിസയുടേതെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കാഷ്‌ലെസ് ഇടപാടുകളെന്നും ബാരികോര്‍ഡി കൂട്ടിച്ചേര്‍ത്തു. പങ്കാളിത്തത്തിന്റെ ഭാഗമായി യുഎഇയിലും സൗദി അറേബ്യയിലുമുള്ള വിസ കാര്‍ഡുടമകള്‍ക്ക് നൂണിലെ ആദ്യ ഓര്‍ഡറിന് 10 ശതമാനം, 50 ദിര്‍ഹം/റിയാല്‍ വരെ ഇളവ് ലഭിക്കും.

Comments

comments

Categories: Arabia