രണ്ട് മാസത്തേക്ക് ഇന്റെര്‍നെറ്റ് കോളിംഗ് പ്ലാന്‍ സൗജന്യമാക്കി എത്തിസലാത്

രണ്ട് മാസത്തേക്ക് ഇന്റെര്‍നെറ്റ് കോളിംഗ് പ്ലാന്‍ സൗജന്യമാക്കി എത്തിസലാത്

നിലവില്‍ ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ സൗജന്യ സേവനത്തിനായി അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത ശേഷം വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യണം

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റെര്‍നെറ്റ് കോളിംഗ് സൗകര്യമേര്‍പ്പെടുത്തി യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്. എത്തിസലാതിന്റെ പ്രതിമാസ ഇന്റെര്‍നെറ്റ് കോളിംഗ് പ്ലാന്‍ അടുത്ത രണ്ട് മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്ത് വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ സഹായമൊരുക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.

ഏപ്രില്‍, മേയ് മാസങ്ങളില്‍ എത്തിസലാത്തിന്റെ ഇന്റെര്‍നെറ്റ് കോളിംഗ് പ്ലാന്‍ സേവനം സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ എത്തിസലാത്ത് അറിയിച്ചിരിക്കുന്നത്. പ്ലാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വോയിസ്, വീഡിയോ കോളുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ ഈ പ്ലാന്‍ ഉപയോഗിക്കുന്ന വരിക്കാര്‍ സൗജന്യ സേവനം ലഭിക്കുന്നതിനായി പ്ലാന്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യണമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വോയിസ് ഓവര്‍ ഐപി ആപ്പുകളായ ബോട്ടിം, സിഎംഇ എന്നിവ ഉപയോഗിച്ചും വരിക്കാര്‍ക്ക് വീഡിയോ, ഓഡിയോ കോളുകള്‍ നടത്താം.

മാര്‍ച്ചില്‍ എത്തിസലാതും യുഎഇയിലെ മറ്റൊരു ടെിലകോം കമ്പനിയായ ഡുവും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിംഗ് സാധ്യമാക്കുന്നതിനായി മൊബീല്‍ ഫോണ്‍ മുഖേനയുള്ള ഇന്റെര്‍നെറ്റ് ഡാറ്റ പാക്കേജുകള്‍ നല്‍കാന്‍ സമ്മതം അറിയിച്ചിരുന്നു. വീടുകളില്‍ ഇന്റെര്‍നെറ്റ് സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ഇ-ലേണിംഗിന് സൗകര്യമൊരുക്കണമെന്ന രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിട്ടിയില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ മൊബീല്‍ സേവനങ്ങള്‍ വിച്ഛേദിക്കരുതെന്നും രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ടിആര്‍എ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Comments

comments

Categories: Arabia

Related Articles