ഇന്ത്യയില്‍ ഹോണ്ട ബിആര്‍- വി നിര്‍ത്തി

ഇന്ത്യയില്‍ ഹോണ്ട ബിആര്‍- വി നിര്‍ത്തി

ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ബിആര്‍- വി ഇനിയില്ല. 7 സീറ്റര്‍ വാഹനത്തെ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌ക്കരിക്കില്ല. വില്‍പ്പന കുറവായതാണ് കാരണം.

2016 മെയ് മാസത്തിലാണ് ഹോണ്ട ബിആര്‍- വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ക്രോസ്ഓവറിന് സമാനമായ സ്‌റ്റൈലിംഗ് സൂചകങ്ങള്‍, ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന സൗകര്യം എന്നിവയോടെയാണ് ഹോണ്ട ബിആര്‍-വി വിപണിയിലെത്തിയത്. ഒരേ പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കുന്ന ഹോണ്ട മൊബീലിയോ മോഡലുമായി ബിആര്‍- വി എന്ന 7 സീറ്ററിന് ജനങ്ങള്‍ സാമ്യം കണ്ടു. എസ് യുവികളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന ഇന്ത്യക്കാര്‍ എംപിവി ലക്ഷണങ്ങളുമായി വന്ന ബിആര്‍- വി മോഡലിനോട് കൂടുതല്‍ അടുത്തില്ല.

മാത്രമല്ല, വിപണിയില്‍ അവതരിപ്പിക്കുന്ന സമയത്ത് പല അവശ്യ ഫീച്ചറുകളും നല്‍കിയിരുന്നില്ല. പിന്നീട് ഫീച്ചറുകള്‍ പലതും നല്‍കിയെങ്കിലും വില്‍പ്പന വര്‍ധിക്കുന്നതില്‍ കലാശിച്ചില്ല.

2017 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 20,000 യൂണിറ്റ് ബിആര്‍-വിയാണ് ഹോണ്ട കാര്‍സ് ഇന്ത്യ വിറ്റത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 11,563 യൂണിറ്റായി കുറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 5,213 യൂണിറ്റ് മാത്രമാണ് വിറ്റത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 2020 ജനുവരി അവസാനം വരെ 1,959 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ വിജയമായില്ലെങ്കിലും ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് പോലുള്ള വിപണികളില്‍ ജനപ്രീതി നേടാന്‍ ഹോണ്ട ബിആര്‍- വി എന്ന 7 സീറ്ററിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ വിപണികളില്‍ ഫേസ് ലിഫ്റ്റ് ചെയ്ത ഹോണ്ട ബിആര്‍- വി അവതരിപ്പിക്കുകപോലും ചെയ്തു.

ഇതോടെ സിആര്‍- വി, സിവിക്, അമേസ്, ഡബ്ല്യുആര്‍- വി, ജാസ്, സിറ്റി എന്നീ മോഡലുകളായിരിക്കും ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ വില്‍ക്കുന്നത്. പുതു തലമുറ ഹോണ്ട സിറ്റി വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Honda BRV