ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള അവസരം അമേരിക്കയ്ക്ക് നഷ്ടപ്പെട്ടെന്ന് ഹസ്സന്‍ റൂഹാനി

ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള അവസരം അമേരിക്കയ്ക്ക് നഷ്ടപ്പെട്ടെന്ന് ഹസ്സന്‍ റൂഹാനി

ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു

ടെഹ്‌റാന്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ചരിത്രപരമായ അവസരം അമേരിക്കയ്ക്ക് നഷ്ടമായതായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കയുടെ ഉപരോധം കൊറോണ വൈറസിനെതിരായ ഇറാന്റെ പോരാട്ടത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇറാനും മറ്റ് രാജ്യങ്ങള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ഉപരോധം അവസാനിപ്പിച്ചേക്കുമെന്നതിന് വ്യക്തമായ സൂചനകളൊന്നും പോംപിയോ നല്‍കിയിരുന്നില്ല.

ഉപരോധം പിന്‍വലിക്കുന്നതിനുള്ള മികച്ച അവസരമാണ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത മന്ത്രിസഭാ യോഗത്തില്‍ റൂഹാനി പറഞ്ഞു. ‘ക്ഷമാപണത്തിനും അന്യായമായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനുമുള്ള മികച്ച അവസരമായിരുന്നു അത്്. ആ അവസരം അമേരിക്കയ്ക്ക് വിനിയോഗിക്കാമായിരുന്നു. തങ്ങള്‍ക്കെതിരല്ല അവരെന്ന് ഇറാനോട് പറയാമായിരുന്നു. ഇറാനോടുള്ള അവരുടെ വിദ്വേഷം കൂടുതല്‍ വ്യക്തമായിരിക്കുന്നു,’ റൂഹാനി പറഞ്ഞു.

പശ്ചിമേഷ്യയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജ്യമായിരുന്നു ഇറാന്‍. 44,606 പേരാണ് ഇറാനില്‍ വൈറസ് ബാധിതരായത്. 2,898 രോഗികള്‍ ഇതുവരെ രോഗബാധിതരായി മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ചൈനയും ഐക്യരാഷ്ട്രസഭയും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഉപരോധങ്ങള്‍ നിലനില്‍ക്കെ തന്നെ ഇറാനെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുഎഇ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ഖത്തര്‍, തുര്‍ക്കി ഉള്‍പ്പടെ പല രാജ്യങ്ങളും ഇറാനിലേക്ക് മാസ്‌കുകളും കയ്യുറകളും അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചിരുന്നു.

ലോകശക്തികളും ഇറാനും തമ്മിലുള്ള 2015ലെ ആണവ കരാറില്‍ നിന്നും 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് പിന്മാറുകയും ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ലക്ഷ്യമിട്ട് വീണ്ടും ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള വൈരം വര്‍ധിച്ചത്. പരമാവധി സമ്മര്‍ദ്ദമെന്ന തന്ത്രത്തിലൂടെ ഇറാനെ കീഴ്‌പ്പെടുത്തി അവരുടെ ആണവ, മിസൈല്‍ പദ്ധതികളുടെ മുനയൊടിക്കുകയും ഇറാഖിലെയും യെമനിലെയും ലെബനനിലെയും വിമത സംഘങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കുകയുമാണ് അമേരിക്കയുടെ ലക്ഷ്യം.

പകര്‍ച്ചവ്യാധി തടയുന്നതിന് മാനുഷിക പരിഗണനയോടെയുള്ള സഹായം നല്‍കാമെന്ന് നേരത്തെ അമേരിക്ക അറിയിച്ചിരുന്നെങ്കിലും ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി അത് നിഷേധിച്ചു. അമേരിക്കയുടെ ഉപരോധം വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് നേരത്തെ ഇറാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധിക്കെതിരായ ഇറാന്റെ പോരാട്ടം തകര്‍ക്കുന്നതില്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് ഇന്നലെ റൂഹാനി അവകാശപ്പെട്ടത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ ഉപകരണങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതില്‍ തങ്ങള്‍ സ്വയം പര്യാപ്തരായിരുന്നുവെന്നും വൈറസിനെതിരായ പോരാട്ടത്തില്‍ മറ്റ് പല രാജ്യങ്ങളേക്കാള്‍ മുന്നിലായിരുന്നു തങ്ങളെന്നും റൂഹാനി അവകാശപ്പെട്ടു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ക്കുമെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പോംപിയോ പറഞ്ഞത്. ഉപരോധ വിഷയങ്ങളില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന സൂചനയാണ് പോംപിയോയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്. മാനുഷിക പരിഗണനയോടെ ഇറാന് അവശ്യസാധനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഉപരോധ ലംഘനമാകില്ലെന്നും പോംപിയോ വ്യക്തമാക്കി. നയങ്ങളില്‍ നിരന്തരമായി പുനര്‍വിചിന്തനം നടത്താറുള്ളതിനാല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീര്‍ച്ചയായും പുനരാലോചന നടത്തുമെന്നും പോംപിയോ പറഞ്ഞു.

Comments

comments

Categories: Arabia
Tags: Rouhani