അര്‍ഹതയുള്ളവര്‍ക്ക് സ്‌കൂള്‍ ഫീസില്‍ ഇളവ് നല്‍കുമെന്ന് ജെംസ് എജൂക്കേഷന്‍

അര്‍ഹതയുള്ളവര്‍ക്ക് സ്‌കൂള്‍ ഫീസില്‍ ഇളവ് നല്‍കുമെന്ന് ജെംസ് എജൂക്കേഷന്‍

കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ജോലി നഷ്ടപ്പെടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയോ, ശമ്പളമില്ലാ അവധിയില്‍ പ്രവേശിക്കേണ്ടതായി വരികയോ, നിലവില്‍ ഫീസ് അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം നേരിടുകയോ ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഫീസില്‍ ഇളവ് നല്‍കും

ദുബായ്: അര്‍ഹതയുള്ള ചില മാതാപിതാക്കള്‍ക്ക് ട്യൂഷന്‍ ഫീസുകളില്‍ ഇളവ് അനുവദിക്കുമെന്ന് ദുബായ് ആസ്ഥാനമായ ജെംസ് എജൂക്കേഷന്‍. അതേസമയം മാതാപിതാക്കളുടെ സാമ്പത്തി സ്ഥിതി വിലയിരുത്തിയായിരിക്കും ഫീസിളവിന് അര്‍ഹതയുള്ള മാതാപിതാക്കളെ കണ്ടെത്തുകയെന്ന് ജെംസ് എജൂക്കേഷന്‍ അറിയിച്ചു.

ജുമെയ്‌റ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് എഴുതിയ കത്തിലാണ് ദുരിതാശ്വാസ പാക്കേജിന് അപേക്ഷിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ജെംസ് വ്യക്തമാക്കിയത്. ഫീസ് വെട്ടിക്കുറയ്ക്കില്ലെന്നും എന്നാല്‍ തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഈ ആഴ്ച ആദ്യം മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ ജെംസ് എജൂക്കേഷന്‍ സിഇഒ ആയ ഡിനോ വര്‍ക്കി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ അവസാന ടേമിലെ ഫീസുകള്‍ കുറയ്ക്കണമെന്ന് മാതാപിതാക്കളില്‍ നിന്നും സമ്മര്‍ദ്ദമുയര്‍ന്നതോടെയാണ് ജെംസ് തീരുമാനം പുനഃപരിശോധിക്കാന്‍ സന്നദ്ധരായത്.

ഫീസ് വെട്ടിക്കുറയ്ക്കാന്‍ മാതാപിതാക്കളില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ യുഎഇയിലെ പല സ്‌കൂളുകളും അവസാന ടേമിലെ ഫീസുകള്‍ കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അല്‍ നജ എജൂക്കേഷന്‍ മൂന്നാംടേമിലെ ഫീസ് 20 ശതമാനം വെട്ടിക്കുറച്ചു. ഷാര്‍ജയിലെ ഒരു സ്‌കൂള്‍ ഫീസ് 50 ശതമാനം കുറച്ചതായും വിവരമുണ്ട്.

ജെംസ് എജൂക്കേഷനും വര്‍ക്കി ഫൗണ്ടേഷനും നേരത്തെ നടത്തിയിട്ടുള്ള മാനവ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം കോവിഡ്-19 സാരമായി ബാധിച്ച കുടുംബങ്ങള്‍ക്ക് ട്യൂഷന്‍ ഫീസുകളില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ഇ-മെയില്‍ സന്ദേശത്തിലൂടെ ജെംസ് എജൂക്കേഷന്‍ അറിയിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ജോലി നഷ്ടപ്പെടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയോ, ശമ്പളമില്ലാ അവധിയില്‍ പ്രവേശിക്കേണ്ടതായി വരികയോ, നിലവില്‍ ഫീസ് അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം നേരിടുകയോ ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഫീസില്‍ ഇളവ്, അടയ്ക്കാന്‍ സാവകാശം, തവണകളായി അടയ്ക്കാനുള്ള സൗകര്യം എന്നിവ നല്‍കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്‌ട്രേഷന്‍, അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷ ഫീസ് തുടങ്ങിയ എല്ലാ ഫീസുകളും റദ്ദ് ചെയ്യുമെന്നും ജെംസ് ഗ്രൂപ്പ് അറിയിച്ചു.

Comments

comments

Categories: Arabia