ബിഎസ് 6 പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ 180എഫ് പുറത്തിറക്കി

ബിഎസ് 6 പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ 180എഫ് പുറത്തിറക്കി

യഥാക്രമം 1,04,652 രൂപയും 1,07,315 രൂപയുമാണ് ഡെല്‍ഹി, മുംബൈ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ 180എഫ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പള്‍സര്‍ എന്‍എസ് 160 മോട്ടോര്‍സൈക്കിളിന് 1,04,652 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിന് 94,195 രൂപയായിരുന്നു. ബിഎസ് 6 ബജാജ് പള്‍സര്‍ 180എഫ് മോട്ടോര്‍സൈക്കിളിന് 1,07,315 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 11,000 രൂപയോളം വര്‍ധിച്ചു.

എന്‍ജിന്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നു എന്നതൊഴിച്ചാല്‍ പള്‍സര്‍ എന്‍എസ് 160 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങളിലും ഫീച്ചറുകളിലും മാറ്റമില്ല. എന്‍എസ് 200 മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട നേക്കഡ് റോഡ്സ്റ്റര്‍ ഡിസൈന്‍, ഹാലജന്‍ ഹെഡ്‌ലൈറ്റ്, ഇരട്ട പൈലറ്റ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍, അണ്ടര്‍ബെല്ലി എക്‌സോസ്റ്റ് എന്നിവ തുടരുന്നു. ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

ബിഎസ് 6 പാലിക്കുന്ന 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 160 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 17 ബിഎച്ച്പി പരമാവധി കരുത്തും 14.6 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിന്‍ 15.3 ബിഎച്ച്പി, 14.6 എന്‍എം എന്നിങ്ങനെയാണ് പുറപ്പെടുവിച്ചിരുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും തുടര്‍ന്നും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ 260 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

പള്‍സര്‍ 180എഫ് മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ മാത്രമാണ് പരിഷ്‌കരിച്ചത്. മറ്റ് മാറ്റങ്ങള്‍ കാണാന്‍ കഴിയില്ല. 178 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഇപ്പോള്‍ കാര്‍ബുറേറ്ററിന് പകരം ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം ഉപയോഗിക്കുന്നു. മാത്രമല്ല, വലിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കി. ബിഎസ് 6 പാലിക്കുമ്പോഴും കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. തുടര്‍ന്നും 8,500 ആര്‍പിഎമ്മില്‍ 17 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു.

പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളിന്റെ അതേ സ്‌റ്റൈലിംഗ് ബിഎസ് 6 പാലിക്കുന്ന പള്‍സര്‍ 180എഫ് തുടരുന്നു. സ്‌മോക്ക്ഡ് ഹെഡ്‌ലാംപ്, ക്വാര്‍ട്ടര്‍ ഫെയറിംഗ്, മസ്‌കുലര്‍ ഇന്ധന ടാങ്ക് എന്നിവ കാണാം. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

അങ്ങിങ്ങ് ചുവപ്പ് സാന്നിധ്യത്തോടെ ഗ്ലോസ് ബ്ലാക്ക്, അങ്ങിങ്ങ് ഓറഞ്ച് സാന്നിധ്യത്തോടെ മാറ്റ് ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ബജാജ് പള്‍സര്‍ 180എഫ് തുടര്‍ന്നും ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 മോട്ടോര്‍സൈക്കിളാണ് പ്രധാന എതിരാളി.

Comments

comments

Categories: Auto