ഇനി ബിഎസ് 4 വില്‍പ്പന പാടില്ല

ഇനി ബിഎസ് 4 വില്‍പ്പന പാടില്ല

അതേസമയം, സുപ്രീം കോടതി ഉത്തരവ് പ്രകാരം, ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം, വിറ്റുപോകാത്ത ബിഎസ് 4 വാഹനങ്ങളുടെ പത്ത് ശതമാനം പത്ത് ദിവസത്തിനുള്ളില്‍ ഡീലര്‍മാര്‍ക്ക് വില്‍ക്കാം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ ദിവസങ്ങളില്‍ അവസരമുണ്ടാകും

ന്യൂഡെല്‍ഹി: ഭാരത് സ്റ്റേജ് 4 (ബിഎസ് 4) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ ഇനി വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൈമാറി. ബിഎസ് 4 പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് രാജ്യത്ത് ബിഎസ് 6 പ്രാബല്യത്തില്‍ വന്നു. ബിഎസ് 5 ഒഴിവാക്കിയാണ് രാജ്യം നേരിട്ട് ബിഎസ് 6 ലേക്ക് കടക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് എവിടെയും ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

2018 ഒക്‌റ്റോബര്‍ 24 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മാര്‍ച്ച് 31 നുശേഷം രാജ്യത്ത് എവിടെയും ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനോ രജിസ്റ്റര്‍ ചെയ്യാനോ പാടില്ല. ബിഎസ് 4 വാഹനങ്ങളുടെ കാര്യത്തില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചിരുന്നു. എന്നാല്‍ ബിഎസ് 4 വില്‍പ്പന തകൃതിയായി നടക്കേണ്ട മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരി പടര്‍ന്നതോടെ വാഹന നിര്‍മാതാക്കള്‍ അങ്കലാപ്പിലായി. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലക്ഷക്കണക്കിന് ബിഎസ് 4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇരുചക്ര വാഹനങ്ങളാണ്.

ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി ഡീലര്‍മാരുടെ സംഘടനകളുടെ ഫെഡറേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇവര്‍ക്ക് കോടതിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിച്ചു. രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം വിറ്റുപോകാത്ത ബിഎസ് 4 വാഹനങ്ങളുടെ പത്ത് ശതമാനം പത്ത് ദിവസത്തിനുള്ളില്‍ വില്‍ക്കുന്നതിന് ഡീലര്‍മാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ദേശവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ ദിവസങ്ങളില്‍ അവസരമുണ്ടാകും. എന്നാല്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡെല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ ഡീലര്‍മാര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ഇവിടെ പുതിയ ബിഎസ് 4 വാഹനങ്ങള്‍ ഇനി തീരെ വില്‍ക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ സുപ്രീം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകള്‍ ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, എല്ലാ വാഹന, ഡ്രൈവിംഗ് രേഖകളുടെയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിച്ചു. ഫെബ്രുവരി ഒന്നിനും ജൂണ്‍ 30 നുമിടയില്‍ കാലാവധി അവസാനിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷനുകള്‍, പെര്‍മിറ്റുകള്‍, വാഹന ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നീ രേഖകളുടെ കാലാവധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്.

മാത്രമല്ല, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ടാക്‌സികള്‍, ബസ്സുകള്‍ പോലുള്ള വാണിജ്യ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്തവര്‍ക്ക് നികുതി ഒഴിവാക്കി കിട്ടുന്നതിന് ‘വാഹന്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ‘നോണ്‍ യൂസ്’ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണ്‍ നാളുകളില്‍ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Comments

comments

Categories: Auto
Tags: BS4 Vehicles