ആനി ഹില്‍ട്ടന്‍ ; ഉള്‍ക്കരുത്തില്‍ പറന്നുയര്‍ന്നവള്‍

ആനി ഹില്‍ട്ടന്‍ ; ഉള്‍ക്കരുത്തില്‍ പറന്നുയര്‍ന്നവള്‍

വിജയിക്കണം എന്ന ത്വയാ ആഗ്രഹം മനസിലുള്ളവര്‍ക്ക് മുന്നില്‍ ഏത് വലിയ വീഴ്ചയും ഒരു തടസമായി മാറില്ല. ഈ വസ്തുത തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് അമേരിക്കന്‍ സ്വദേശിനിയായ ആനി ഹില്‍ട്ടണ്‍. അപ്രതീക്ഷിതമായ അപകടത്തില്‍ കഴുത്തിന് സാരമായ പരിക്കേറ്റ ആനി ആര്‍ജവത്തോടെ നടന്നു കയറിയത് ഒളിപിക്സിന്റെ ട്രാക്കിലേക്കാണ്

വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് ജീവിതത്തില്‍ വിജയിച്ചിട്ടുള്ള ഭൂരിഭാഗം ആളുകളും. എന്നാല്‍ വീഴ്ചകളില്‍ കാലിടറാതെ അതിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റുന്നതിനുള്ള കഴിവും ആര്‍ജവവും ഒരു വ്യക്തിക്കുണ്ടാകേണ്ടത് അനിവാര്യമാണ്. എന്തന്നാല്‍ പത്ത് വയസ് പ്രായത്തിലാണ് ഇത്തരത്തിലൊരു വീഴ്ച സംഭവിക്കുന്നതെങ്കിലോ ? ജീവിതം എന്തെന്ന് പോലും മനസിലാകാത്ത ഒരു പ്രായത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിട്ടുകൊണ്ട് ജീവിതത്തിലേക്ക് ഇരട്ടിയാര്‍ജ്ജവത്തില്‍ തിരിച്ചെത്തിയ വ്യക്തിയാണ് ആനി ഹില്‍ട്ടണ്‍.തന്റെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് വിധിയെ പഴിചാരി പിന്തിരിയുന്നവര്‍ തീര്‍ച്ചയായും ആനിയുടെ കഥ അറിഞ്ഞിരിക്കണം.

സ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക് കാലം എന്നും മികച്ച ഫലങ്ങള്‍ എടുത്തുവയ്ക്കും എന്നതിന് ഉദാഹരണമാണ് ആനി ഹില്‍ട്ടന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം. അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ഡാനിന്റെയും മിഷേലിന്റെയും മകളായിട്ടായിരുന്നു അവളുടെ ജനനം. വളരെ ചെറിയ പ്രായത്തില്‍ തന്നെ എല്ലാവരുടെയും പൊന്നോമനയായി മാറിയ മിടുക്കിയായിരുന്നു ആനി. സമാന പ്രായത്തിലുള്ള കുട്ടികള്‍ ചിത്രം വരയും ഇന്‍ഡോര്‍ ഗെയിമുകളുടെ കഴിഞ്ഞു കൂടുമ്പോള്‍ തനിക്കൊരു ജിംനാസ്റ്റിക്ക് ആകണമെന്നാണ് ആനി സ്വപ്നം കണ്ടത്. ടിവിയില്‍ ധാരാളം ജിംനാസ്റ്റിക്ക് മത്സരങ്ങള്‍ കണ്ടുവളര്‍ന്ന ആനിക്ക് അതില്‍ നിന്നുമാണ് ജിംനാസ്റ്റിക്ക് എന്ന വിഭാഗത്തോട് താല്പര്യം വര്‍ധിച്ചത്.

ആറാം വയസ്സില്‍ അവള്‍ മാതാപിതാക്കളോടു തന്റെ ആഗ്രഹം തുറന്നു പറഞ്ഞു. തുടക്കത്തില്‍ അച്ഛനമ്മമാര്‍ അത് കാര്യമായി എടുത്തില്ല. കുട്ടികള്‍ തമാശ പറയാറുണ്ടല്ലോ, അത്തരം ഒന്നായാണ് അവര്‍ ആദ്യം കരുതിയത്. പക്ഷേ, ആനിയുടെ തീരുമാനം ഉറച്ചതായിരുന്നു. അവള്‍ തന്റേതായ നിലയില്‍ പരിശീലനം ആരംഭിച്ചു. തുടക്കം താന്‍ കണ്ട വീഡിയോകള്‍ അനുകരിച്ചു കൊണ്ടായിരുന്നു. മകളുടെ സ്ഥിരോത്സാഹം കണ്ടതോടെ ആനി തമാശയായി പറഞ്ഞതല്ല ഇക്കാര്യങ്ങള്‍ എന്ന് അച്ഛന് മനസിലായി. അദ്ദേഹം മകളുടെ ആഗ്രഹപ്രകാരം ചിട്ടയായ പരിശീലനത്തിനായി ചേര്‍ത്തു. അടുത്ത രണ്ടു വര്‍ഷത്തെ കഠിന ശ്രമം അവളെ ഒരു പ്രഫഷനല്‍ ജിംനാസ്റ്റാക്കി. എട്ടു വയസ് മുതല്‍ ജിംനാസ്റ്റിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഈ കൊച്ചുമിടുക്കി എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു.

10 വയസ്സായപ്പോഴേക്കും പല നേട്ടങ്ങളും അവള്‍ സ്വന്തമാക്കി. അത്തവണത്തെ ഒളിംപിക്‌സില്‍ ആനി അമേരിക്കയെ പ്രതിനിധീകരിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. പക്ഷേ, ആനിയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ 2011ല്‍ വിധിയുടെ കരിനിഴല്‍ വീണു. ആവണിയുടെ ജീവിതയത്തിലെ ഒരു കറുത്ത ദിനമായിരുന്നു അത്.
പരിശീലനത്തിനുള്ള കയറില്‍ നിന്നു നിലതെറ്റി അവള്‍ താഴേക്കു വീണു. അപ്രതീക്ഷിതമായ ആ വീഴ്ചയില്‍ ആനിക്ക് സാരമായി പരിക്കേറ്റു. കഴുത്ത് കുത്തിയായിരുന്നു വീഴ്ച. കഴുത്തിന്റെ എല്ലു പൊട്ടി. അവള്‍ ആശുപത്രിയിലായി. ചികിത്സയ്ക്കായി നാളുകളെടുത്തു.തങ്ങളുടെ മകളുടെ ജീവന് യാതൊരാപത്തും സംഭവിക്കരുത് എന്ന് മാത്രമായിരുന്നു ആനിയുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.എന്നാല്‍ ബോധം വീണ്ടെടുത്ത നാള്‍ മുതല്‍ തന്റെ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ആനി ഭയന്നത്.

ധൈര്യം പകര്‍ന്ന് ഡോക്റ്റര്‍മാര്‍

ഏറെ ഭയത്തോടും ആകാംഷയോടും കൂടിയാണ് ആനി തന്റെ ഭീതി ഡോക്റ്റര്‍മാരുമായി പങ്കുവച്ചത്. എന്നാല്‍ ആനിയെ ആശ്വസിപ്പിക്കുന്ന മറുപടിയാണ് അവര്‍ പറഞ്ഞത്. അധികം കഴിയാതെ തന്നെ തിരിച്ചു പരിശീലനത്തിനിറങ്ങാം എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആനിയുടെ ജീവിതത്തിലെ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ നിറങ്ങളെല്ലാം ഒരുമിച്ചു തിരിച്ചെത്തിയ നിമിഷമായിരുന്നു അത്. പിന്നീട് ആനി ഡോക്റ്റര്‍മാരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു. അതോടെ ചികിത്സക്ക് മികച്ച പുരോഗതിയുണ്ടായി.എന്നാല്‍ ആ സന്തോഷത്തിന് അധികമായുസുണ്ടായില്ല.

എംആര്‍ഐ സ്‌കാനിങ്ങില്‍ അവളുടെ നട്ടെല്ലിനു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടു. വീഴ്ചയുടെ ഫലമായുണ്ടായ പരിക്കുകള്‍ തന്നെയായിരുന്നു അവ. കഴുത്തിലെ പരിക്ക് മാത്രമാണ് തുടക്കത്തില്‍ ഡോക്റ്റര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നത്. വേദന സംഹാരികള്‍ നല്കിയിരുന്നതിനാല്‍ നട്ടെല്ലിലെ വേദന അറിഞ്ഞുമില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തിയതോടെ കാര്യത്തിന്റെ ഗൗരവം ഡോക്ടര്‍മാര്‍ ആനിയുടെ മാതാപിതാക്കളെ അറിയിച്ചു. ഒട്ടേറെ ശസ്ത്രക്രിയകള്‍ വേണ്ടിവരുന്ന തരത്തിലുള്ള ഒരു പറിക്കായിരുന്നു അത്. നട്ടെല്ലിലെ പരിക്കിന്റെ ഗൗരവം മനസിലായതോടെ ജിംനാസ്റ്റിക്കിലേക്ക് മടങ്ങിയെത്താനാകുമെന്ന വാക്ക് ഡോക്റ്റര്‍മാര്‍ പിന്‍വലിച്ചു. പഴയതുപോലെ ആനിക്കു ജിംനാസ്റ്റിക്‌സില്‍ തുടരാനാകില്ല എന്നവര്‍ തീര്‍ത്ത് പറഞ്ഞു.. മാതാപിതാക്കളും ഡോക്ടര്‍മാരും അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ശസ്ത്രക്രിയകള്‍ ഒന്നിനു പിറകെ ഒന്നായി പൂര്‍ത്തിയാക്കി. നട്ടെല്ലില്‍ സ്‌ക്രൂ ഇടേണ്ടി വന്നു. മാസങ്ങളോളം എഴുന്നേല്‍ക്കാനാകാതെ അവള്‍ കിടക്കയില്‍ വിശ്രമിച്ചു.

എന്നാല്‍ എല്ലാവരും ജിംനാസ്റ്റിക്ക് മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും ആനി അത് മനസ്സില്‍ സൂക്ഷിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന കാലം മുഴുവന്‍ അവള്‍ തന്റെ ജീവിതത്തെക്കുറിച്ചാണു ചിന്തിച്ചത്. ജിംനാസ്റ്റ് ആകുക എന്നല്ലാതെ മറ്റൊരു ജീവിതത്തെക്കുറിച്ച് അവള്‍ക്ക് ചിന്തിക്കാന്‍ പോലും താല്‍പര്യമില്ലായിരുന്നു. വിശ്രമം എന്ന അവസ്ഥയോടുതന്നെ ആനിക്ക് ദേഷ്യമായി. പതിയെ ആ ദേഷ്യം നിരാശയായി മാറി ത്തുടങ്ങി. എന്നാല്‍ അവിടെയും അസാധാരണമായ മനഃസാന്നിധ്യമാണ് ആ പത്തു വയസുകാരി കാണിച്ചത്.മാനസികവും ശാരീരികവുമായ തളര്‍ച്ച ബാധിച്ചു തുടങ്ങിയ ആനിയോട് ഉള്ളിലെ ജിംനാസ്റ്റ് സംസാരിച്ചു തുടങ്ങി. തന്റെ സ്വപ്നങ്ങളിലേക്കു മടങ്ങാന്‍ അവളുടെ ഉള്ളം നിരന്തരം പ്രേരിപ്പിച്ചു. വിശ്രമ ജീവിതത്തിന്റെ 13 മാസം കടന്നു പോയി.

വീണ്ടും ട്രാക്കിലേക്ക്

നീണ്ട കാലത്തെ വിശ്രമത്തിനു ശേഷം ആനി പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചു നടന്നു. മാസങ്ങളോളം കിടക്കയില്‍ ഒരേ കിടപ്പ് കിടന്നിരുന്നിടത്ത് നിന്നും ആനി ഉയര്‍ത്തെഴുന്നേറ്റു. പതിയെ വ്യായാമം ചെയ്തു തുടങ്ങണം എന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പുമായി വന്നു. എന്നാല്‍ മാതാപിതാക്കളുടെ വിലക്കിനെ അതിജീവിക്കാന്‍ ഡോക്റ്ററുടെ വാക്കുകള്‍ക്കായി. ചെറിയ വ്യായാമമുറകള്‍ ചെയ്യാന്‍ അദ്ദേഹം ആനിയെ അനുവദിച്ചു. അതനുസരിച്ച് വീട്ടില്‍ വച്ച് ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ആനി തുടങ്ങി വച്ചു. അതോടെ ആത്മവിശ്വാസം വര്‍ധിച്ചു. മൂന്നാഴ്ച്ച കഴിഞ്ഞപ്പോള്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി.

അത് തിരിച്ചു വരവിന്റെ നാളുകളായിരുന്നു. പതിയെ തന്റെ സ്വപ്നത്തിന്റെ ട്രാക്കിലേക്കവള്‍ ഓടിക്കയറി. പലപ്പോഴും ശരീരം വഴങ്ങിയില്ല. അത് വേദനയോടെ പ്രതികരിച്ചു. എന്നാല്‍ ആനി അതൊന്നും കാര്യമാക്കിയില്ല. പരിശീലന സമയം അവള്‍ പതിയെ കൂട്ടിത്തുടങ്ങി. ഒടുക്കം ആഴ്ചയില്‍ അഞ്ചു ദിവസവും പരിശീലനത്തിനായി മാറ്റിവച്ചു. തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ വരെ പരിശീലനം ചെയ്തു. അങ്ങനെ പഴയ വേഗവും താളവുമുള്ള ആനി തിരിച്ചെത്തി. നട്ടെല്ലിന് നിരവധി ഓപ്പറേഷനുകള്‍ നടന്ന ഒരു കുട്ടിയുടെ തിരിച്ചു വരവാണ് അതെന്ന് ആരും വിശ്വസിച്ചില്ല. രണ്ടു വര്‍ഷത്തോളം ആനി തന്റെ പരിശീലനം തുടര്‍ന്നു.ചെറിയ ചെറിയ മത്സരങ്ങളില്‍ പങ്കെടുത്ത തുടങ്ങി. ഒരിക്കല്‍ ഒഴിവാക്കിയ ജിംനാസ്റ്റിന്റെ വേഷം വീണ്ടുമെടുത്ത് അണിയാന്‍ കഴിഞ്ഞപ്പോള്‍ ജീവിതം തിരിച്ചു പിടിച്ച സന്തോഷമായിരുന്നു ആ കുഞ്ഞുമുഖത്ത്.

14 വയസ്സായപ്പോഴേക്കും വീണ്ടും ശ്രദ്ധിക്കപ്പെടുന്ന പ്രകടനവുമായി ആനി ഹില്‍ട്ടന്‍ മടങ്ങിയെത്തി. അത് മെഡിക്കല്‍ സയന്‍സിന്റെ കൂടി വിജയമായിരുന്നു. ചിട്ടയോടെ പരിശീലനം തുടരുന്ന ആനി ഒളിമ്പിക്‌സില്‍ അമേരിക്കയുടെ മുഖമായി മാറാനുള്ള തയ്യാറടുപ്പിലാണ് . ഇന്ന് ജൂനിയര്‍ ഒഒളിമ്പിക്‌സ് ടീമിലേക്കു പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട പത്തുപേരില്‍ ഒരാളാണ് ആനി ഹില്‍ട്ടന്‍. തന്റെ ശാരീരിക പരിമിതികള്‍ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കാനായതോടെ ആനി ലോകത്തിനു തന്നെ വലിയ പ്രചോദനമായി മാറി.ആത്മവിശ്വാസം, ഇച്ഛാശക്തി,അര്‍പ്പണ മനോഭാവം ഇതാണ് ആനിയെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍.

Categories: FK Special, Slider
Tags: Annie Hilton