അമുല്‍ വിറ്റുവരവ് 17% വര്‍ധിച്ച് 38550 കോടിയായി

അമുല്‍ വിറ്റുവരവ് 17% വര്‍ധിച്ച് 38550 കോടിയായി
  • അമുല്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് 50,000 കോടി കടന്നു
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമുല്‍ ഫെഡറേഷന്റെ വിറ്റുവരവ് 32,960 കോടി രൂപ

അഹമ്മദാബാദ്: അമുല്‍ മില്‍ക്ക്, ഡയറി ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടം സ്വന്തമാക്കി. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വിപണനം ചെയ്യുന്ന അമുല്‍ മില്‍ക്കിന്റെയും മറ്റ് പാലുല്‍പ്പന്നങ്ങളുടേയും വിറ്റുവരവ് 17 ശതമാനം ഉയര്‍ന്ന് 38550 കോടി രൂപ ആയി. അമുല്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് 50,000 കോടി കടന്ന് മുന്‍ വര്‍ഷത്തേക്കാളും 17 ശതമാനം വളര്‍ച്ച നേടിയതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റുവരവ് 32,960 കോടി രൂപ ആയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അമുല്‍ ഫെഡറേഷന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 17 ശതമാനത്തില്‍ കൂടുതലാണ്. കമ്പനിയുടെ പാല്‍ ശേഖരണം കൂടിയതിനു പുറമെ ശൃംഖലയില്‍ പുതിയ വിപണികള്‍ കൂട്ടിച്ചേര്‍ക്കുകയും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും പാല്‍ സംസ്‌കരണ ശേഷിക്ക് പുതിയ സംവിധാനം കണ്ടെത്തിയതുമൊക്കെ അമുലിന്റെ വളര്‍ച്ചയിലേക്ക് നയിച്ച ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മികച്ച വളര്‍ച്ച നേടാന്‍ അമുല്‍ ഫെഡറേഷനു കഴിഞ്ഞതായി മാനേജീംഗ് ഡയറക്റ്റര്‍ ആര്‍ എസ് സോധി പറഞ്ഞു. അമുലിന്റെ 18 അംഗ യൂണിയനുകളും 3.6 ദശലക്ഷം കര്‍ഷകരും ഗുജറാത്തിലെ 18700 വില്ലേജുകളില്‍ നിന്നായി 23 ദശലക്ഷം ലിറ്റര്‍ പാല്‍ ദിനം പ്രതി ശേഖരിക്കുന്നുണ്ട്. അമുല്‍ ബ്രാന്‍ഡിലെ പാലുല്‍പ്പന്നങ്ങള്‍ക്കു പുറമെ യൂണിയനുകള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളും കാലിത്തീറ്റയും വിപണനം ചെയ്യുന്നുണ്ട്. പാല്‍ശേഖലരണം, ബോണസ് എന്നീ വിഭാഗങ്ങളിലായി വരുമാനത്തിന്റെ 80 ശതമാനവും കര്‍ഷകരുടെ കൈയിലെത്തുകയാണെന്നും അമുല്‍ വ്യക്തമാക്കി. ഗുജറാത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ രാജ്യത്തുണ്ടായ അടച്ചുപൂട്ടല്‍ വില്‍പ്പനയില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും സോധി വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Amul, Amul sale