Zoom എന്ന ആപ്പ് ജനപ്രീതി നേടുമ്പോള്‍

Zoom എന്ന ആപ്പ് ജനപ്രീതി നേടുമ്പോള്‍

ലോകമെമ്പാടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഔദ്യോഗിക ജോലികളെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങി. ഔദ്യോഗിക ജോലി ഓണ്‍ലൈനായി നിര്‍വഹിക്കാന്‍ ഇന്നു നിരവധി ടെക്‌നോളജികളുണ്ട്. മുന്‍നിര സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ വികസിപ്പിച്ച ഓണ്‍ലൈന്‍ ഓഫീസ് ടൂളുകളും ആപ്പുകളും വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കാന്‍ സഹായിക്കുന്നു. ഇതില്‍ സൂം എന്ന കമ്പനി പുറത്തിറക്കിയ സോഫ്റ്റ്‌വെയറാണ് ഇപ്പോള്‍ കൂടുതല്‍ ജനകീയമായിരിക്കുന്നത്.

വിദൂര ജോലി (remote work), ടെലി വര്‍ക്ക്, ടെലി കമ്മ്യൂട്ടിംഗ് (Telecommuting) എന്നൊക്കെ അറിയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോം ആശയം മുമ്പെങ്ങുമില്ലാത്ത വിധം പരീക്ഷിക്കപ്പെട്ട സാഹചര്യമാണ് ഈ കൊറോണക്കാലത്ത് ഉണ്ടായിരിക്കുന്നത്. അതു പോലെ തന്നെ വര്‍ക്ക് ഫ്രം ഹോം ആശയത്തെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയും നിരവധി പരീക്ഷണങ്ങള്‍ക്കു വിധേയമായി. കൊറോണ വൈറസിന്റെ വ്യാപനം തടയാനാണു വീട്ടില്‍നിന്നും ജോലി ചെയ്യുന്ന ആശയം നടപ്പിലാക്കിയത്. ഇതിന് പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ പ്രചാരമാണ് ലഭിച്ചതും. അതോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളുകള്‍, ഓഫീസ് മെസേജിംഗ് ആപ്പുകള്‍, എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ (ഒരു സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍) എന്നിവയ്ക്കു വന്‍ ജനപ്രീതി ലഭിക്കുകയും ചെയ്തു. സൂം (Zoom), സ്ലാക്ക് (Slack), മൈക്രോസോഫ്റ്റിന്റെ ടീംസ് (Microsoft Teams ), ഗൂഗിള്‍ ക്ലൗഡിന്റെ ജി സ്യൂട്ട് (Google Cloud’s G Suite) തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ക്കു സമീപ ആഴ്ചകളില്‍ വന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ടു. ഇതില്‍ തന്നെ സൂമിന് ലോകമെമ്പാടും വന്‍ സ്വീകരണമാണ് ലഭിച്ചത്. വര്‍ക്ക് ഫ്രം ഹോം, വീഡിയോ കോണ്‍ഫറന്‍സിംഗ് ആവശ്യങ്ങള്‍ക്കു ഭൂരിഭാഗം പേരും സൂം എന്ന സോഫ്റ്റ്‌വെയറിനെയാണ് ഉപയോഗിച്ചത്. ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവ മറികടന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ആയി സൂം മാറി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ വീടിനുള്ളിലേക്കു ജോലി ചുരുങ്ങിയപ്പോള്‍ സൂമിന്റെ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. അതോടെ കമ്പനിയുടെ മൂല്യനിര്‍ണയം ഉയരുകയും ചെയ്തു. സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ സൂമിനെ ആഡ് വീക്ക് എന്ന മാധ്യമം വിശേഷിപ്പിച്ചത് ‘ കിംഗ് ഓഫ് ക്വാറന്റൈന്‍ ഇക്കോണമി ‘ എന്നാണ്. അതായത്, ക്വാറന്റൈനിലായിരിക്കുന്ന ലോക സമ്പദ്‌വ്യവസ്ഥയിലെ രാജാവ് എന്ന്. ക്വാറന്റൈനിലായതോടെ എല്ലാ ബിസിനസും തകര്‍ന്നിരിക്കുകയാണല്ലോ. എന്നാല്‍ തകര്‍ച്ചയ്ക്കിടയിലും നേട്ടം കൈവരിച്ച ചുരുക്കം ചില കമ്പനികളുണ്ട്. അവയിലൊന്നാണു സൂം. അതാണു കിംഗ് ഓഫ് ക്വാറന്റൈന്‍ ഇക്കോണമി എന്നു സൂമിനെ വിശേഷിപ്പിച്ചത്.

സൂം എന്ന ആപ്പിന്റെ ചരിത്രം

സൂം എന്ന വീഡിയോ കമ്മ്യൂണിക്കേഷന്‍സ് ആപ്പ് ഇന്ന് ലോകമെങ്ങും പരിചിത നാമമായിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനമാണ് അതിന് ഒരു പരിധി വരെ കാരണമായിരിക്കുന്നത്. എങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പു സൂം കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ അറിയപ്പെടുന്ന തലത്തിലേക്കു വളര്‍ന്നു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ സൂം എന്ന ആപ്പ് ഡെവലപ്പ് ചെയ്യുന്ന കമ്പനിയുടെ മൂല്യം 15 ബില്യന്‍ ഡോളറായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ഉയര്‍ന്ന് 38.5 ബില്യന്‍ ഡോളറായി. കൃത്യമായി പറഞ്ഞാല്‍ വുഹാനില്‍ 2019 ഡിസംബര്‍ അവസാനത്തോടെ കൊറോണ വൈറസ് ബാധയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതോടെയാണു സൂമിന്റെ മൂല്യം ഉയര്‍ന്നത്. ഓണ്‍ലൈന്‍ ഗതാഗത ശൃംഖലയായ ഊബറും, ലിഫ്റ്റും സംയോജിപ്പിച്ചാല്‍ ഉണ്ടാവുന്ന മൂല്യത്തേക്കാളുമധികം വരും സൂമിന്റെ ഇപ്പോഴത്തെ മൂല്യം.

ചൈനയില്‍നിന്നും 27-ാം വയസില്‍ സിലിക്കണ്‍ വാലിയിലേക്കു കുടിയേറിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എറിക് യുവാന്‍ 2011 ല്‍ ആരംഭിച്ചതാണു സൂം. സൂം ആരംഭിക്കുന്നതിനു മുമ്പ് സിസ്‌കോ (Cisco)എന്ന പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു എറിക്. ഇന്നു സൂം വിപണിയിലെ എതിരാളികളായ സ്‌കൈപ്പ്, മൈക്രോസോഫ്റ്റിന്റെ ടീംസ് എന്നിവയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ലളിതമായ സവിശേഷതകള്‍ സൂം എന്ന ആപ്പിലുണ്ടെന്നതാണ് എതിരാളികളില്‍നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് സ്‌പേസില്‍ അമേരിക്കയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് എങ്ങനെയാണ് ഒരു പ്രധാന ശക്തിയായി മാറിയത് ? അത് അറിയണമെങ്കില്‍ 2010 ലേക്ക് തിരിഞ്ഞു നോക്കേണ്ടി വരും. 2010-കളുടെ തുടക്കത്തില്‍ കമ്പനികള്‍ക്കു ടെലികോണ്‍ഫറന്‍സിംഗിന് ബൃഹത്തായ അഥവാ വലിയ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആവശ്യമായി വന്നിരുന്നു. അതായത്, നിരവധി ഹാര്‍ഡ്‌വെയറുകള്‍ ആവശ്യമായി വന്നിരുന്നു. ഇത് സജ്ജീകരിക്കാന്‍ ഒരു ലക്ഷം ഡോളറോളം ചെലവ് വരികയും ചെയ്തിരുന്നു. മാത്രമല്ല പരിപാലിക്കാനായി ഒരു പ്രത്യേക ഐടി സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെലവ് കുറഞ്ഞ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഹാര്‍ഡ്‌വെയറുകളുടെ ആവശ്യകത ഇല്ലാതാക്കി. സൂം മുന്നോട്ടുവച്ച ആശയവും ഇതു തന്നെയായിരുന്നു. സൂം പ്രവര്‍ത്തനമാരംഭിച്ച ആദ്യ കാലങ്ങളില്‍ വിപണിയില്‍നിന്നും സ്‌കൈപ്പ്, ഗൂഗിള്‍, സിസ്‌കോ തുടങ്ങിയ കമ്പനികളില്‍നിന്നും ശക്തമായ മത്സരത്തെ നേരിടേണ്ടി വന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടതോടെ സൂമിന്റെ വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന വ്യക്തിഗത പങ്കാളികളുടെ (individual participants) എണ്ണം 40 ദശലക്ഷത്തിലധികമായി. തുടക്കത്തില്‍, ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഉപകരണങ്ങളിലോ ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പുകള്‍ പോലുള്ള മറ്റേതെങ്കിലും ഉപകരണങ്ങളിലോ വീഡിയോ കോളുകള്‍ സ്ട്രീം ചെയ്യുന്നതിന് സൂം ഒരു സൗജന്യ ഉത്പന്നം വാഗ്ദാനം ചെയ്തിരുന്നു. അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ആ ഓഫര്‍ സൂമിന് ഇപ്പോഴുമുണ്ടെന്നതാണ് രസകരമായ ഒരു കാര്യം. എന്നാല്‍ ബിസിനസ് ക്ലൈന്റുകള്‍ക്കു കൂടുതല്‍ സവിശേഷതകള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടതുണ്ട്.

2015 വരെ, സൂമിന് ഒരു സമര്‍പ്പിത മാര്‍ക്കറ്റിംഗ് ടീം ഇല്ലായിരുന്നു, മാത്രമല്ല അവര്‍ വളരെക്കാലം മൗത്ത് പബ്ലിസിറ്റിയെ പൂര്‍ണമായും ആശ്രയിച്ചിരുന്നു. കൂടുതല്‍ ഉപഭോക്തൃ സൗഹൃദ സ്ഥാപനം ആകുന്നതിന്, സ്ഥാപകനായ എറിക് യുവാന്‍ തന്നെ മുഴുവന്‍ ഉപഭോക്തൃ സേവന പ്രക്രിയയിലും ആഴത്തില്‍ ഇടപെട്ടിരുന്നു. മാത്രമല്ല ഉല്‍പ്പന്നത്തില്‍ സന്തുഷ്ടരല്ലാത്ത, റദ്ദാക്കാന്‍ പദ്ധതിയിടുന്ന ഉപയോക്താക്കളുമായി് ഇമെയിലിലൂടെ വ്യക്തിപരമായി പ്രതികരിക്കുകയും ചെയ്തു എറിക് യുവാന്‍.

ഒന്നല്ല, എറിക്കിന് യുഎസ് വിസ നിഷേധിച്ചത് എട്ട് തവണ

1990-കളില്‍ ബില്‍ ഗേറ്റ്‌സ് ഇന്റര്‍നെറ്റിനെക്കുറിച്ച് സംസാരിക്കുന്നത് അന്ന് 20-കാരനായിരുന്ന എറിക് യുവാന്‍ കേള്‍ക്കാനിടയായി. ഗേറ്റ്‌സിന്റെ പ്രസംഗം എറിക് യുവാനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല, യുഎസിലെ ടെക് കമ്പനികളുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയിലേക്കും പോകണമെന്ന മോഹം എറിക് യുവാനില്‍ ജനിപ്പിച്ചു. പിന്നീട് മുതിര്‍ന്നപ്പോള്‍ സ്വപ്‌നസാക്ഷാത്കാരത്തിനായി എറിക് യുഎസിലേക്കു പോകാന്‍ ശ്രമിച്ചെങ്കിലും യുഎസ് സര്‍ക്കാര്‍ വിസ അനുവദിച്ചില്ല. എട്ട് തവണയാണ് എറിക്കിനു യുഎസ് വിസ നിഷേധിച്ചത്. 1997 ല്‍ ഒന്‍പതാം തവണ ശ്രമിച്ചു. വിസ കിട്ടുകയും ചെയ്തു. കുറ്റമറ്റ രീതിയില്‍, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന വ്യക്തിയായിരുന്നില്ല എറിക്. പക്ഷേ, എറിക്കിന് കമ്പ്യൂട്ടര്‍ കോഡ് എഴുതാന്‍ നന്നായി അറിയാമായിരുന്നു. അങ്ങനെ വെബ് എക്‌സ് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എന്‍ജിനീയറായി ജോലി നേടുകയും ചെയ്തു. 2007ല്‍ വെബ് എക്‌സിനെ സിസ്‌കോ ഏറ്റെടുത്തു. എറിക് സിസ്‌കോ കോര്‍പറേറ്റിന്റെ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിജഡന്റാവുകയും ചെയ്തു. എന്നാല്‍ 2011 ല്‍ എറിക് സൂം കമ്പനി ആരംഭിക്കുകയായിരുന്നു. സിസ്‌കോയില്‍നിന്നും 40 എന്‍ജിനീയര്‍മാരും എറിക്കിനൊപ്പം അദ്ദേഹത്തിന്റെ സംരംഭത്തില്‍ ചേര്‍ന്നു. സൂം രൂപീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവനക്കാരുടെ എണ്ണം 1,700 ആയി വര്‍ധിച്ചു. വരുമാനവും ഇരട്ടിയായി. 2018 കമ്പനിയുടെ വരുമാനം 330 ദശലക്ഷം ഡോളറിലെത്തി.

Comments

comments

Categories: Top Stories
Tags: Zoom app