മേയ് മുതല്‍ എണ്ണക്കയറ്റുമതിയിലും റെക്കോഡിടാന്‍ ഒരുങ്ങി സൗദി; 10.6 മില്യണ്‍ ബിപിഡി ആക്കും

മേയ് മുതല്‍ എണ്ണക്കയറ്റുമതിയിലും റെക്കോഡിടാന്‍ ഒരുങ്ങി സൗദി; 10.6 മില്യണ്‍ ബിപിഡി ആക്കും

എണ്ണവില തകര്‍ച്ചയെ കുറിച്ചും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദകരില്‍ അവയുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കയറ്റുമതി ഉയര്‍ത്തുമെന്ന സൗദിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്

റിയാദ് മേയ് മുതല്‍ എണ്ണക്കയറ്റുമതി റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന സൂചനയുമായി സൗദി അറേബ്യ. പ്രതിദിന കയറ്റുമതി 10.6 മില്യണ്‍ ബാരലാക്കി ഉയര്‍ത്തുമെന്നാണ് സൗദി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ അമിത വിതരണമെന്ന പ്രശ്‌നത്തെ നേരിടുന്ന എണ്ണവിപണിക്ക് സൗദിയുടെ പുതിയ പ്രഖ്യാപനം ഇരുട്ടടിയാകും. മേയ് മുതല്‍ പ്രതിദിന പെട്രോളിയം കയറ്റുമതിയില്‍ 600,000 ബാരലിന്റെ വര്‍ധനവ് വരുത്താന്‍ രാജ്യം പദ്ധതിയിടുന്നതായി ഊര്‍ജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ എണ്ണ കയറ്റുമതി 10.6 മില്യണ്‍ ബിപിഡി ആയി ഉയരും. ഏപ്രില്‍ മുതല്‍ ഉല്‍പ്പാദനം കുത്തനെ കൂട്ടുമെന്ന് നേരത്തെ തന്നെ സൗദി വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണവില തകര്‍ച്ചയെ കുറിച്ചും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദകരില്‍ അവയുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കയറ്റുമതി ഉയര്‍ത്തുമെന്ന സൗദിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഊര്‍ജ മന്ത്രിമാര്‍ മുഖേന എണ്ണവില സംബന്ധിച്ച് അമേരിക്ക-റഷ്യ ചര്‍ച്ചകള്‍ നടത്താനും രണ്ട് നേതാക്കളും സമ്മതം അറിയിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചതിന് പിന്നാലെ ഡിമാന്‍ഡ് ഇടിഞ്ഞ് എണ്ണവില കഴിഞ്ഞ ദിവസം 17 വര്‍ഷത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. മുമ്പ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി ചേര്‍ന്ന് ഉല്‍പ്പാദന നിയന്ത്രണത്തിന് നേതൃത്വം നല്‍കിയിരുന്ന സൗദിക്കും റഷ്യയ്ക്കുമിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില സൗദി ക്രമാതീതമായി വെട്ടിക്കുറച്ചിരുന്നു.റഷ്യയുമായി വിലയുദ്ധത്തിന് തുടക്കമിട്ട് കൊണ്ട് ഏപ്രില്‍ മുതല്‍ പരമാവധി എണ്ണയുല്‍പ്പാദനം നടത്തുമെന്നും സൗദി പ്രഖ്യാപിച്ചു. ഇതോടെ പകര്‍ച്ചവ്യാധി മൂലമുള്ള ഡിമാന്‍ഡ് തകര്‍ച്ചയെ തുടര്‍ന്ന് വിലയിടിവ് നേരിട്ട എണ്ണവിപണിയില്‍ അമിത വിതരണമെന്ന പ്രതിസന്ധിയും ഉടലെടുത്തു.

റഷ്യ ഉള്‍പ്പടെ ഇരുപത്തി നാലോളം എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒപെക് പ്ലസ് സംഖ്യത്തിലെ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ പ്രകാരം പ്രതിദിനം 7 മില്യണ്‍ ബാരല്‍ എണ്ണക്കയറ്റുമതിയാണ് നേരത്തെ സൗദി നടത്തിയിരുന്നത്. ഉല്‍പ്പാദന നിയന്ത്രണ കരാര്‍ പരാജയപ്പെട്ടതോടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ സൗദി സൂചിപ്പിച്ചിരുന്നു. വിപണി പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഏപ്രില്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം 10 മില്യണ്‍ ബിപിഡിയില്‍ നിന്നും 12.3 മില്യണ്‍ ബിപിഡി ആയി ഉയര്‍ത്താനാണ് സൗദിയുടെ തീരുമാനം.

എണ്ണവിലത്തകര്‍ച്ച സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ തിരിച്ചടിയേകുന്നുണ്ടെങ്കിലും അമേരിക്കയിലെ ഷെയില്‍ ഉല്‍പ്പാദകര്‍ ഉള്‍പ്പടെ വമ്പന്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി കൊണ്ട് വിപണി പങ്കാളിത്തം വന്‍തോതില്‍ ഉയര്‍ത്തുന്നതിനുള്ള ദീര്‍ഘകാല തന്ത്രമാണ് സൗദി പയറ്റുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. കനപ്പെട്ട നാണ്യശേഖരവും ആവശ്യം വന്നാല്‍ വായ്പ വാങ്ങാനുള്ള ശേഷിയും കണക്കിലെടുക്കുമ്പോള്‍ ഒറ്റയാള്‍ പോരാളിയാകാനുള്ള ശ്രമമാണ് സൗദിയുടേതെന്ന് ജെബിസി എനര്‍ജി ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഷെയില്‍ ഉല്‍പ്പാദകരും കനേഡിയന്‍ ഓയില്‍ സാന്‍ഡ് കമ്പനികളും ഉള്‍പ്പടെ വിപണിയിലെ മറ്റെല്ലാ ഉല്‍പ്പാദകരും എണ്ണവിലത്തകര്‍ച്ച മൂലം അതി കഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

മറ്റ് ഉല്‍പ്പാദകരെ പാപ്പരാക്കുന്ന തീര്‍ത്തും അക്രമോത്സുകമായ തന്ത്രമാണ് സൗദിയുടേതെന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയാണ് സൗദി കഠിനമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. എണ്ണവിപണികളെ സന്തുലിതമാക്കുന്നതിനായി എല്ലാ ത്യാഗവും സഹിക്കുന്ന സഹാനുഭാവിയായ ഉല്‍പ്പാദകരായി തുടരില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സൗദി നല്‍കുന്നത്. എണ്ണവില നിയന്ത്രിക്കുന്നതിന് പകരം വിപണി പങ്കാളിത്തം നേടുന്നതിനുള്ള നയത്തിന് രൂപം നല്‍കിയത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണെന്നാണ് സൂചന. വിലയെ സമ്മര്‍ദ്ദത്തിലാക്കി കൊണ്ട് വില കൂടിയ എണ്ണയിനങ്ങളെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്തുക മാത്രമല്ല, കുറച്ചു കാലത്തേക്കെങ്കിലും പുനരുപയോഗ ഊര്‍ജ വിപണിയെ ഫോസില്‍ ഇന്ധനങ്ങളുമായുള്ള മത്സരത്തിന് അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യവും സൗദിക്കുണ്ട്.

തിങ്കളാഴ്ച എണ്ണവില ബാരലിന് 22.58 ഡോളര്‍ വരെ എത്തിയിരുന്നു. പതിനേഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ലോകത്തിലെ ഇന്ധന ടാങ്കുകളുടെ സംഭരണശേഷി പൂര്‍ണമാകുന്നതു വരെ എണ്ണവില ഇനിയും താഴേക്കുപോകുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സൗദി അറേബ്യയും റഷ്യയും കൂടി അമേരിക്കയ്‌ക്കെതിരെ സാമ്പത്തിക യുദ്ധത്തിന് മുറവിളി കൂട്ടുകയാണെന്ന് കാണിച്ച് ഒരു സംഘം യുഎസ് സെനറ്റര്‍മാര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കഴിഞ്ഞ ആഴ്ച കത്തയച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് എണ്ണവിപണിയില്‍ നിന്ന് നേട്ടം കൊയ്യാനാണ് സൗദിയുടെ ശ്രമമെന്ന് ഇവര്‍ ആരോപിച്ചു. റഷ്യയെ തിരിച്ചടിക്കുക, കുറച്ചുകാലത്തേക്ക് വിപണി പങ്കാളിത്തം നേടുക, അമേരിക്കന്‍ ഊര്‍ജ മേഖലയിലെ ദീര്‍ഘകാല നിക്ഷേപങ്ങളെ അസ്ഥിരപ്പെടുത്തുക തുടങ്ങി പല ലക്ഷ്യങ്ങളോട് കൂടിയതാണ് സൗദിയുടെ തന്ത്രമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

Comments

comments

Categories: Arabia
Tags: saudi -oil