ആര്‍ബിഐയുടെ ഉത്തേജന ബോംബ്

ആര്‍ബിഐയുടെ ഉത്തേജന ബോംബ്

ആവശ്യകതാ ഇടിവ് കുത്തനെയുള്ളതായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ അവസാനിക്കുകയും മഹാമാരി നിയന്ത്രണത്തിലാവുകയും ചെയ്തശേഷമുള്ള അതിന്റെ തിരിച്ചുവരവ് ഒരു കുതിച്ചുചാട്ടത്തിലൂടെയായിരിക്കില്ലെന്നും വളരെ സാവധാനത്തിലായിരിക്കുമെന്നും ആര്‍ബിഐ കണക്കാക്കുന്നു. പ്രതിമാസ വായ്പാ തിരിച്ചടവുകള്‍ക്ക് നല്‍കിയിരിക്കുന്ന ത്രൈമാസ ഇളവുകള്‍ ഇക്കാര്യം കകൂടി മുഖവിലയ്‌ക്കെടുത്തിട്ടുള്ളതാണ്. ചുരുക്കത്തില്‍ ഈ നയങ്ങള്‍, വായ്പാ ദാതാവിന്റെയും വായ്പാ സ്വീകര്‍ത്താവിന്റെയും താല്‍പ്പര്യങ്ങള്‍ക്കും പണലഭ്യതയ്ക്കും പരിഗണന നല്‍കുന്നുണ്ട്

കൊറോണ വൈറസ് മഹാമാരിയെ ചെറുക്കാന്‍ അനിതരസാധാരണവും എന്നാല്‍ അനിവാര്യവുമായ 21 ദിന ലോക്ക്ഡൗണിന്റെ പിടിയിലമര്‍ന്ന രാജ്യത്തിന് ഏറെ ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) നിന്ന് കഴിഞ്ഞദിവസം ഉണ്ടായത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളും കരുതല്‍ ധനാനുപാതവും (സിആര്‍ആര്‍) ഗണ്യമായി കുറച്ചതും വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള അനുമതി എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുകയും ചെയ്ത കേന്ദ്ര ബാങ്കിന്റെ തീരുമാനം പ്രതിസന്ധിക്കാലത്ത് ഏറെ സ്വാഗതാര്‍ഹമാണ്. ‘പണമൊഴുക്കിന്റെ വരള്‍ച്ച അല്ലെങ്കില്‍ ശൂന്യത’ എന്ന മര്‍മത്തില്‍ തന്നെയാണ് ആര്‍ബിഐയുടെ ഉത്തേജന പാക്കേജ് പ്രഹരിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഉപഭോക്തൃ ആവശ്യകത ഉയരുകയും ചെയ്യുന്ന ഘട്ടത്തില്‍ ബിസിനസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് (കുതിച്ചുചാട്ടം ഉണ്ടായില്ലെങ്കില്‍ തന്നെയും) ഉറപ്പാക്കാന്‍ നിലവിലെ താല്‍ക്കാലിക പണപ്രതിസന്ധി മറികടക്കാനുള്ള സഹായം വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കിയേ മതിയാകൂ.

അടച്ചുപൂട്ടല്‍ മൂലം പണത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് ഏറ്റവും വലിയ വെല്ലുവിളി. ബിസിനസുകള്‍ വില്‍പ്പന നിര്‍ത്തിവെക്കുന്നത് സാമ്പത്തിക സംവിധാനത്തിന്റെ ചാക്രിക ചലനത്തെയാകെ ബാധിക്കും. അതിന്റെ അനുരണനങ്ങള്‍ സമസ്ത മേഖലകളിലും പ്രകടമാവാം. കമ്പനികളുടെ നിക്ഷേപ ക്ഷമതയെയും വായ്പാ തിരിച്ചടവ് ശേഷിയെയും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള കഴിവിനെയും ഇത് ബാധിക്കും. വ്യക്തികളും സ്ഥാപനങ്ങളും വഴിമുട്ടി നില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പാക്കേജ് രക്ഷക്കെത്തുക. നയത്തിന്റെ ഭാഗമായി കൂടുതല്‍ പണം ലഭിക്കുന്നതോടെ വായ്പാ സമ്മര്‍ദ്ദം ലഘൂകരിക്കാനും കുറഞ്ഞ ചെലവില്‍ വായ്പകള്‍ നല്‍കാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. തിരിച്ചടവില്‍ ഇളവുകള്‍ ലഭിക്കുന്നതും വായ്പകളെ ആകര്‍ഷകമാക്കും. പ്രതിസന്ധിയോട് മല്ലിടാന്‍ ഇത് സമ്പദ് വ്യവസ്ഥക്ക് കരുത്തേകുകയും തിരിച്ചുവരവിന് സഹായകരമാവുകയും ചെയ്യും.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ തീര്‍ച്ചയായും ആവശ്യകതയെ അതീവ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഉന്നത നിലവാരം പുലര്‍ത്തിവരുന്ന ബിസിനസുകള്‍ പോലും ഈ നിയന്ത്രണങ്ങള്‍ മൂലം പാടുപെടും. ചെലവുകളും കടം തിരിച്ചടവും ശമ്പളവും നല്‍കാനാവാത്ത സാഹചര്യത്തിലേക്ക് മെച്ചപ്പെട്ട കമ്പനികളെ പോലും എത്തിച്ചത് തീര്‍ത്തും ബാഹ്യമായ ഈ സാഹചര്യമാണ്. പ്രശ്‌നങ്ങളുടെ മൂലകാരണമായ പണലഭ്യത പരിഹരിക്കാന്‍ ആര്‍ബിഐ അമിത് ശ്രദ്ധ ചെലുത്തിയതും ഈ പശ്ചാത്തലത്തിലാണ്.

ആവശ്യകതാ ഇടിവ് കുത്തനെയുള്ളതായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ അവസാനിക്കുകയും മഹാമാരി നിയന്ത്രണത്തിലാവുകയും ചെയ്തശേഷമുള്ള അതിന്റെ തിരിച്ചുവരവ് ഒരു കുതിച്ചുചാട്ടത്തിലൂടെയായിരിക്കില്ലെന്നും വളരെ സാവധാനത്തിലായിരിക്കുമെന്നും ആര്‍ബിഐ കണക്കാക്കുന്നു. പ്രതിമാസ വായ്പാ തിരിച്ചടവുകള്‍ക്ക് നല്‍കിയിരിക്കുന്ന ത്രൈമാസ ഇളവുകള്‍ ഇക്കാര്യം കകൂടി മുഖവിലയ്‌ക്കെടുത്തിട്ടുള്ളതാണ്. ചുരുക്കത്തില്‍ ഈ നയങ്ങള്‍, വായ്പാ ദാതാവിന്റെയും വായ്പാ സ്വീകര്‍ത്താവിന്റെയും താല്‍പ്പര്യങ്ങള്‍ക്കും പണലഭ്യതയ്ക്കും പരിഗണന നല്‍കുന്നുണ്ട്.

മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍, കൊറോണ വൈറസ് ആഘാതത്തെ ഉള്‍ക്കൊള്ളാനും അതിജീവിക്കാനുമുള്ള കരുത്ത് സാമ്പത്തിക സംവിധാനത്തിന് നല്‍കാന്‍ പണലഭ്യതയും പണമൊഴുക്കും വര്‍ധിപ്പിക്കുകയെന്ന നയമാണ് കേന്ദ്രബാങ്ക് നടപ്പാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാനുള്ള ആയുധങ്ങള്‍ ഈ പ്രഖ്യാപനങ്ങളിലൂടെ വിപണിക്ക് ലഭിച്ചിരിക്കുന്നു. മഹാമാരിക്ക് ശേഷം മനുഷ്യരുടെ സ്വഭാവ രീതികള്‍ക്കും ഇടപെടലുകള്‍ക്കും മാറ്റമുണ്ടാവാമെങ്കിലും വിമാനയാത്രകളും റെസ്റ്ററന്റുകളില്‍ നിന്നുള്ള ഭക്ഷണം കഴിപ്പും ഹോട്ടലുകളിലെ താമസങ്ങളുമൊക്കെ തുടരും. ഹ്രസ്വകാല ബാഹ്യ ആഘാതങ്ങള്‍, അവ എത്ര തന്നെ വലുതായാലും മധ്യകാല, ദീര്‍ഘകാല അടിസ്ഥാന ബിസിനസ് സ്വഭാവത്തെ മാറ്റിമറിക്കില്ല. മുന്നോട്ടുള്ള പാതയില്‍ വിപണിയെ സഹായിക്കാനുള്ള താല്‍പ്പര്യം നയം മാറ്റത്തിലൂടെ ആര്‍ബിഐ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

(അഡൈ്വസറി സ്ഥാപനമായ ഡെവലപ്‌മെന്റ് ട്രാക്‌സിന്റെ മേധാവിയാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider