ആര്‍ബിഐ പലിശനിരക്ക് 1% കൂടി കുറച്ചേക്കും

ആര്‍ബിഐ പലിശനിരക്ക് 1% കൂടി കുറച്ചേക്കും
  • കൊറോണ പ്രതിസന്ധി നേരിടാന്‍ ആര്‍ബിഐ എല്ലാ ആയുധങ്ങളും പ്രയോഗിക്കുമെന്ന് ഫിച്ച് റിപ്പോര്‍ട്ട്
  • 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോ നിരക്കുകള്‍ 100 ബേസിസ് പോയന്റുകള്‍ കൂടി താഴ്ത്തിയേക്കും
  • നേരത്തെ പ്രവചിച്ചിരുന്ന 5.40 ശതമാനത്തില്‍ നിന്ന് 4.60 ലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഫിച്ച് താഴ്ത്തി

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതോടെ സര്‍ക്കാരിന്റെ നികുതി വരുമാനം വലിയ സമ്മര്‍ദ്ദത്തിലേക്ക് വരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കലുകള്‍ക്കുള്ള പണം കണ്ടെത്താന്‍ വന്‍ കടമെടുപ്പ് വേണ്ടിവരും. സര്‍ക്കാരിന്റെ ഈ കടമെടുപ്പ് വിപണിക്ക് നേട്ടമാകും

-ഫിച്ച് സൊലൂഷന്‍സ്

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഭാഗത്തുനിന്നും പലിശ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷന്‍സ്. 2020-21 ല്‍ റിപ്പോ നിരക്കില്‍ ഒരു ശതമാനത്തോളം (100 ബേസിസ് പോയന്റുകള്‍) കുറവ് ഉണ്ടാവുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കുകളിലും ആനുപാതികമായ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായേക്കും. കോവിഡ്-19 മൂലം സാമ്പത്തിക രംഗത്തിന് ഏറ്റിരിക്കുന്ന കനത്ത ആഘാതത്തെ തരണം ചെയ്യുന്നതിനായി ലഭ്യമായ എല്ലാ ധനനയ ഉപാധികളും ആര്‍ബിഐ പ്രയോഗിക്കുമെന്ന് ഫിച്ച് നിരീക്ഷിക്കുന്നു. വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചയും സ്ഥിരതയും തിരിച്ചുപിടിക്കാനാവും നടപടികള്‍. ഇത് നടപ്പിലായാല്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രാജ്യത്തെ പലിശ നിരക്കുകള്‍ താഴും. വാഹന, ഭവന വായ്പകള്‍ മുതല്‍ വ്യവസായ വായ്പകള്‍ വരെ ആദായകരമായ നിരക്കില്‍ ലഭിക്കും. വിപണിയിലെ പണ ലഭ്യത ഉറപ്പാക്കാനും പണമൊഴുക്ക് തടസപ്പെടാതിരിക്കാനുമാണ് കേന്ദ്രബാങ്ക് ഇതിലൂടെ ശ്രമിക്കുന്നത്.

മാര്‍ച്ച് 27 ന് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച നിരക്കിളവുകള്‍ക്ക് പുറമെയാവും അധിക നിരക്കിളവുകള്‍ വരിക. റിപ്പോ നിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ ഇളവും, റിവേഴ്‌സ് റിപ്പോ നിരക്കില്‍ 0.90 ശതമാനത്തിന്റെ ഇളവുമാണ് ആര്‍ബിഐ പോയവാരം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇപ്പോള്‍ ബാധകമായിരിക്കുന്ന റിപ്പോ നിരക്ക് 4.40 ശതമാനവും റിവേഴ്‌സ് റിപ്പോ 4 ശതമാനവുമാണ്. നേരത്തെ യഥാക്രമം 4.90 ശതമാനവും 5.15 ശതമാനവുമായിരുന്നു നിരക്കുകള്‍. കേന്ദ്രബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2-6 ശതമാനത്തിലേക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ നിരക്കിളവുകള്‍ നല്‍കാവുന്ന തലത്തിലേക്ക് ആര്‍ബിഐ എത്തിച്ചേരുമെന്ന് ഏജന്‍സി പറയുന്നു. ജനുവരിയിലെ 7.6 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 6.6 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറഞ്ഞിരുന്നു.

വളര്‍ച്ച കുറയും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനവും ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്ന 5.40 ശതമാനത്തില്‍ നിന്ന് 4.60 ലേക്കാണ് പ്രവചിത വളര്‍ച്ചാ നിരക്ക് താഴ്ത്തിയിരിക്കുന്നത്. വളര്‍ച്ചാ പ്രവചനം താഴ്ന്നിരിക്കുന്നത്, കൂടുതല്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും പ്രേരിപ്പിക്കുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യം കൂടുതല്‍ വായ്പകളെടുക്കുന്നതിലേക്ക് സര്‍ക്കാരുകളെ നയിക്കുമെന്നും ഫിച്ച് നിരീക്ഷിക്കുന്നു. മാര്‍ച്ച് 26 ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ രക്ഷാ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്നും ഏജന്‍സി അഭിപ്രായപ്പെടുന്നുണ്ട്. ഭക്ഷ്യസാധനങ്ങളുടെ ഗതാഗതം നേരിടുന്ന തടസം വിലക്കയറ്റം ഉയര്‍ത്തുമെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു.

എണ്ണ നേട്ടമാകും

എണ്ണ വിലയുടെ വന്‍ വീഴ്ച പ്രതിസന്ധിക്കാലത്ത് ഇന്ത്യക്ക് ആശ്വാസമാകുമെന്ന് ഫിച്ച്. ഒപെക്കിന്റെ തകര്‍ച്ചയും മറ്റ് ആഗോള സാഹചര്യങ്ങളും അന്താരാഷ്ട്ര എണ്ണ വിലയെ വരും മാസങ്ങളിലും താഴ്ന്ന നിലയില്‍ തന്നെ കുടുക്കിയിടും. ആവശ്യകതയുടെ 80% എണ്ണ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇത് നേട്ടമാവും. ജനുവരിയില്‍ ബാരലിന് 70 ഡോളറായിരുന്ന എണ്ണവില നിലവില്‍ 30 ഡോളറിന് താഴേക്ക് വീണിട്ടുണ്ട്. അതേസമയം വിതരണ സംവിധാനത്തിലെ പ്രതിസന്ധി മൂലം എണ്ണവിലയുടെ കുറവ് താഴെ തട്ടിലേക്ക് വേണ്ട വിധം എത്തിയിട്ടില്ല. ഇത് വൈകാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ഏജന്‍സി നിരീക്ഷിക്കുന്നു.

Categories: FK News, Slider
Tags: Reserve Bank