ഹസാര ഷിയവിഭാഗത്തെ പാക്കിസ്ഥാന്‍ ബലിയാടാക്കുന്നു

ഹസാര ഷിയവിഭാഗത്തെ പാക്കിസ്ഥാന്‍ ബലിയാടാക്കുന്നു

പാക് നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന്‍

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ഹസാര ഷിയ സമുദായത്തെ പാക്കിസ്ഥാന്‍ ബലിയാടാക്കുന്നതായി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നിരവധി റിപ്പോര്‍ട്ടുകളും ബലൂചിസ്ഥാന്‍ പ്രവിശ്യ സര്‍ക്കാരിന്റെ നടപടികളും ദുര്‍ബലരായ ഹസാര ഷിയ സമൂഹത്തെ ലക്ഷ്യമിടുന്നതാണ്. ഇതില്‍ യുഎസ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.

പൊതുജനാരോഗ്യരംഗത്തെ പ്രതിസന്ധിക്ക് പാക്കിസ്ഥാനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഇരയാക്കുകയാണ് എന്ന് യുഎസ്സിആര്‍എഫ് കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ”വൈറസിന് മതമോ വംശമോ, അതിര്‍ത്തികളോ പ്രശ്‌നമല്ല. ഒരുസമുദായത്തോടും വിവേചനം കാട്ടാന്‍ ഇത് ഒരവസരമായി ഉപയോഗിക്കയുമരുത്,” ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍, ഹസാരകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഈ സമുദായത്തില്‍പ്പെട്ടവര്‍ വൈറസ് വാഹകരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഹസാര ടൗണ്‍, മരിയാബാദ് എന്നീ പ്രദേശങ്ങളാണ് അധികൃതര്‍ പൂര്‍ണമായും അടച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഹസാരകളുടെ അയല്‍പ്രദേശങ്ങളിലേക്ക് പോകുന്നതുപോലും അധികൃതര്‍ വിലക്കി. ബന്ധുക്കള്‍ രോഗബാധിതരാണെന്ന് സംശയിച്ച് ഹസാര സമുദായത്തിലെ പോലീസുകാരെ അവധിക്ക് പോകാന്‍ നിര്‍ബന്ധിച്ചു.

പാക്കിസ്ഥാനില്‍ 1,943 കൊറോണ വൈറസ് കേസുകളാണ് കഴിഞ്ഞദിവസം വരെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന്റെ ആദ്യ രണ്ട് കേസുകള്‍ ഫെബ്രുവരി 26 നാണ് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചത്. പാക് മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ഇറാനില്‍ പോയശേഷം മടങ്ങിയെത്തിയ തീര്‍ത്ഥാടകരാണ് പ്രാഥമിക കേസുകള്‍, പ്രത്യേകിച്ച് തഫ്താനില്‍ അതിര്‍ത്തി കടന്ന് മടങ്ങിയെത്തിയവര്‍. ഇറാനില്‍ നിന്ന് മടങ്ങുന്ന തീര്‍ത്ഥാടകര്‍ ഇത് വ്യാപിപ്പിക്കുമെന്ന ആശങ്ക കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൊറോണ വൈറസിനെ ‘ഷിയ വൈറസ്’ എന്ന് അവിടെ പരാമര്‍ശിക്കുന്നു. കൊറോണ വൈറസ് പാക്കിസ്ഥാനില്‍ വ്യാപിക്കുമ്പോള്‍ അധികൃതര്‍ ഹസാരകളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇത് ദുര്‍ബലരായ സമുദായത്തിന് മികച്ച വൈദ്യസഹായം ലഭ്യമാകുന്നതിനെ തടയുന്നു. ചുരുക്കത്തില്‍ ഹസാരകളെ പാക്കിസ്ഥാന്‍ മരണത്തിലേക്ക് തള്ളുകയാണ് ചെയ്തിട്ടുള്ളത്.

പാക്കിസ്ഥാനിലെ ഹസാര ഷിയ സമൂഹത്തെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണന്ന് യുഎസ്സിആര്‍എഫ് കമ്മീഷണര്‍ ജോണി മൂറും വ്യക്തമാക്കി. ‘ലോകമാകെ ഈ വൈറസ് ബാധ നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തിയിട്ടുള്ളത്. മതമോ,വിശ്വാസമോ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും സംരക്ഷിക്കുന്നതിനും അവര്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കുന്നതില്‍ തുല്യത ഉറപ്പുവരുത്താനും ഈ അവസരത്തില്‍ ഞങ്ങള്‍ പാക് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണ്. വാസ്തവത്തില്‍, ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യതയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ്സിഐആര്‍എഫ് സമീപകാലത്ത് പാക്കിസ്ഥാനില്‍ വിഭാഗീയ അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കര്‍-ഇ-ജാങ്വി, പാക് താലിബാന്‍ എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ഹസാര ഷിയ മുസ്ലിംകളെ ലക്ഷ്യമിടുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: FK News