300 ല്‍ അധികം വിദേശ പൗരന്മാര്‍ കരിമ്പട്ടികയില്‍

300 ല്‍ അധികം വിദേശ പൗരന്മാര്‍ കരിമ്പട്ടികയില്‍

ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

ന്യുഡെല്‍ഹി: ടൂറിസ്റ്റ് വിസാ ചട്ടം ലംഘിച്ച 300 ല്‍ അധികം വിദേശ പൗരന്മാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നു. മലേഷ്യ, തായ്‌ലന്‍ഡ് എന്നിവ ഉള്‍പ്പടെയുള്ള 16 വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ഡെല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലിഗ്-ഇ-ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ മതപരമായ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചവര്‍ക്കെതിരെയാവും നടപടി ഉണ്ടാവുക. ഇനിമേല്‍ ഇവരുടെ ഇന്ത്യയിലേക്കുള്ള യാത്രകള്‍ വിലക്കുന്ന തരത്തില്‍ ഇവരെ കരിമ്പട്ടികയില്‍ പെടുത്തും. ‘ടൂറിസ്റ്റ് വിസയിലെത്തി നിസാമുദ്ദീനിലെ മത പരിപാടിയില്‍ പങ്കെടുത്തവര്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ കരിമ്പട്ടികയില്‍ ആയിരിക്കുകയാണ്’, കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

8,000 പേര്‍ സന്നിഹിതരായ ഈ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധിപേര്‍ കോവിഡ്-19 രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. ഈ പരിപാടിയില്‍ പങ്കെടുത്ത 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 3 പേര്‍ രോഗബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിസാമുദ്ദീന്‍ പോലെ ഇടുങ്ങിയ സ്ഥലത്ത്, കോവിഡ് അപകട സാഹചര്യങ്ങള്‍ സജീവമായ ഘട്ടത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയത്, ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ നിസാമുദ്ദീന്‍ പരിസരത്തുനിന്ന് 281 വിദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റി. ഇന്തോനേഷ്യ (72), ശ്രീലങ്ക (34), മ്യാന്‍മാര്‍ (33), കിര്‍ഗിസ്ഥാന്‍ (28), മലേഷ്യ (20), ബംഗ്ലാദേശ് (19), നേപ്പാള്‍ (19), തായ്‌ലന്‍ഡ് (7), ഫിജി (4), ഇംഗ്‌ളണ്ട് (3), ജിബൂട്ടി, അഫ്ഗാനിസ്ഥാന്‍, അള്‍ജീരിയ, സിംഗപ്പൂര്‍, ഫ്രാന്‍സ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആള്‍ക്കാര്‍ എന്നിവരണ് പിടിയിലായത്. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളും സംബന്ധിച്ചു. കേരളത്തില്‍ നിന്ന് 15 പേരാണ് നിസാമുദ്ദീനിലെത്തിയത്.

Comments

comments

Categories: FK News, Slider
Tags: Nizamuddin