മൊബീല്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ 10% വര്‍ധന

മൊബീല്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ 10% വര്‍ധന
  • ഡെല്‍ഹിയില്‍ 3% വര്‍ധന, ചിലയിടങ്ങളില്‍ ഇടിവ്
  • പശ്ചിമബംഗാളില്‍ ഡാറ്റ ഉപഭോഗം 15% ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യമൊട്ടാകെയുള്ള അടച്ചുപൂട്ടലിനു ശേഷം മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചത് പത്ത് ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. മെട്രോ നഗരങ്ങളായ ഡെല്‍ഹി, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിലെ വര്‍ധനവ് മൂന്ന് ശതമാനമാണ്. ചെറിയ ടെലികോം സര്‍ക്കിളുകളില്‍ 15 ശതമാനത്തോളം വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നഗരപ്രദേശങ്ങളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നുള്ള ടെലികോം കമ്പനികളുടെ വാദത്തിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചുപൂട്ടലില്‍ മൊബീല്‍ നെറ്റ്‌വര്‍ക്കുകളിലെ ഡാറ്റ ഉപഭോഗം 10 ശതമാനം മുതല്‍ 12 ശതമാനം വരെ വര്‍ധിച്ചതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഡെല്‍ഹിയില്‍ മൂന്ന് ശതമാനം ഉപഭോഗം വര്‍ധിച്ചപ്പോള്‍ തലസ്ഥാനത്ത് ചിലയിടങ്ങളില്‍ ഉപഭോഗം കുറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ മൊബീല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ വാദം മറ്റൊന്നാണ്. അടച്ചുപൂട്ടലോടുകൂടി മറ്റ് വിനോദ മാര്‍ഗങ്ങള്‍ ഇല്ലാതായ ഉപഭോക്താക്കള്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നതായും ഡാറ്റ ഉപഭോഗം 30 ശതമാനത്തോളം വര്‍ധിച്ചതായും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യു പറഞ്ഞു. വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ നിലവിലെ എച്ച്ഡി ഫോര്‍മാറ്റില്‍ നിന്നും സ്റ്റാന്റേര്‍ഡ് ഫോര്‍മാറ്റിലേക്ക് മാറ്റിയതു മൂലം ഉപഭോഗത്തിലെ വര്‍ധനവ് 20 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ ഉപഭോഗം നാല് ശതമാനം കൂടിയപ്പോള്‍ കൊല്‍ക്കത്തയില്‍ ആറ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അസം 13%, ഹിമാചല്‍പ്രദേശ് 14%, പശ്ചിമബംഗാള്‍ 15% എന്നിങ്ങനെയാണ് ഉയര്‍ന്ന ഡാറ്റാ ഉപഭോഗം.

Comments

comments

Categories: Current Affairs