ലോക്ക്ഡൗണ്‍ ബിസിനസ് ചലഞ്ച്

ലോക്ക്ഡൗണ്‍ ബിസിനസ് ചലഞ്ച്

ലോക്ക്ഡൗണ്‍ കഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോള്‍ ഉപഭോക്തൃ സംസ്‌കാരം തന്നെ മാറി മറിഞ്ഞിരിക്കും. ഒരു പുതിയ രീതി ഇരുപത്തി ഒന്ന് ദിവസം തുടര്‍ന്നാല്‍ അത് ജീവിതത്തിന്റെ ഭാഗം ആവും എന്നാണു സൈക്കോളജി പറയുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരും. ആ സ്ട്രാറ്റജിയുടെ ഒരു പ്രാഥമിക രൂപം ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്നെ ആലോചിച്ച് രൂപപ്പെടുത്തുക

ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ മുന്നോട്ട് പോകും തോറും ജനങ്ങളുടെ മനസ്സില്‍ ആധി വര്‍ധിക്കുവാന്‍ തുടങ്ങും. പ്രത്യേകിച്ച് ബിസിനസുകാരുടെ മനസ്സില്‍. ഫാക്റ്ററി നടത്തുന്നവര്‍ ആയാലും വ്യാപാര സ്ഥാപനം നടത്തുന്നവര്‍ ആയാലും അതില്‍ 90% പേരും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്നതില്‍ കവിഞ്ഞ് നിഷ്‌ക്രിയ വരുമാനം നേടുന്നവര്‍ ആണെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഈ ലോക്ക്ഡൗണ്‍ അവരെ വളരെ അധികം ബാധിക്കും. സത്യത്തില്‍ ഈ സന്ദര്‍ഭം ഒരു വരദാനമായി വേണം കാണാന്‍. നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും എന്ത് തെറ്റുകള്‍ ചെയ്തു, എന്ത് ശരികള്‍ ചെയ്തു എന്നും എന്തൊക്കെ കാതലായ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നും പഠിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയം ലഭിച്ചു എന്ന് വരില്ല.

ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിക്ക് ഒരു താല്‍ക്കാലിക ഗുഡ് ബൈ പറയുക എന്നതാണ്. കുറഞ്ഞ പക്ഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വരാന്‍ പറ്റില്ലെങ്കില്‍ മ്യൂട്ട് എങ്കിലും ചെയ്യുക. നിഷേധാത്മകമായിട്ടുള്ള മെസ്സേജുകള്‍ നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള ശേഷിയെ പോലും ബാധിച്ചേക്കും. ഇത് വളരെ വലിയ ചലഞ്ച് ആണെന്ന് അറിയാം. പക്ഷെ വേറെ വഴിയില്ല.

അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് സ്ട്രാറ്റജി അല്ലെങ്കില്‍ ആസൂത്രണങ്ങളുടെ പുനര്‍വിചിന്തനം ആണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോള്‍ ഉപഭോക്തൃ സംസ്‌കാരം തന്നെ മാറി മറിഞ്ഞിരിക്കും. ഒരു പുതിയ രീതി ഇരുപത്തി ഒന്ന് ദിവസം തുടര്‍ന്നാല്‍ അത് ജീവിതത്തിന്റെ ഭാഗം ആവും എന്നാണു സൈക്കോളജി പറയുന്നത്. അപ്പോള്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതിക്കും അവരുടെ മുന്‍ഗണനകളിലും കാര്യമായ മാറ്റം വരും. പലരും പറയുന്നത് ഈ ഇരുപത്തി ഒന്ന് ദിവസം കഴിയുമ്പോള്‍ പുറത്തിറങ്ങി അടിച്ചു പൊളിക്കണം എന്നൊക്കെയാണ്. പക്ഷെ ഇപ്പോഴത്തെ മനഃസ്ഥിതി ആയിരിക്കില്ല അപ്പോഴെന്ന് തീര്‍ച്ച. അതുകൊണ്ട് തന്നെ നിങ്ങളുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരും. ആ സ്ട്രാറ്റജിയുടെ ഒരു പ്രാഥമിക രൂപം ഈ ലോക്ക്ഡൗണ്‍ സമയത്ത് മാര്‍ക്കറ്റിംഗ് ഹെഡുമായി ആലോചിച്ച് രൂപപ്പെടുത്തുക.

നൈപുണ്യ വികസന ചലഞ്ച് ഏറ്റെടുക്കാന്‍ പറ്റിയ സമയവുമാണിത്. ഗൂഗിള്‍ ദൈവം ഉള്ളതുകൊണ്ട് പുതിയതായി എന്ത് പഠിച്ചെടുക്കണമെങ്കിലും യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നിങ്ങളുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉള്ളവരോട് ദിവസവും അവരുടെ ജോലി സംബന്ധമായ ഒരു വീഡിയോ എങ്കിലും കാണാനും അതില്‍ നിന്നും എന്ത് മനസ്സിലാക്കി, അത് നിങ്ങളുടെ ബിസിനസില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും വാട്‌സ്ആപ്പ് മെസ്സേജിലൂടെ അയച്ചു തരാന്‍ പറയുക. ബിസിനസ് ഓണര്‍ ആയ നിങ്ങളും ഇത് ചെയ്യുക. അവരവരുടെ ഏരിയയില്‍ ഇതിലൂടെ നല്ല രീതിയില്‍ വിജ്ഞാനം വര്‍ധിപ്പിക്കാന്‍ പറ്റും.

അടുത്ത ലോക്ക്ഡൗണ്‍ ചലഞ്ച് തീര്‍ച്ചയായും രസകരമാണ്. നിങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന എത്ര പേരെ നിങ്ങള്‍ക്ക് വ്യക്തിപരമായി അറിയാ? 500-1,000 പേര്‍ ഉള്ള കമ്പനി ആണെങ്കില്‍ എല്ലാവരെയും അറിയണം എന്ന് പറയുന്നത് പ്രായോഗികം അല്ല എന്നറിയാം. പക്ഷെ അങ്ങനെ ഉള്ള കമ്പനികളില്‍ മധ്യതലത്തില്‍ വരെ ഉള്ള മാനേജര്‍മാരെ വിളിക്കുകയും അവരുടെ വിശേഷം തിരക്കാനും ഈ സമയം ഉപയോഗപ്പെടുത്തുക. അത് അവര്‍ക്ക് നല്‍കുന്ന പ്രചോദനം കുറച്ചൊന്നുമല്ല. അത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ സെയില്‍സ് മാനേജര്‍മാരോട് നിര്‍ദേശിക്കുകയും നിങ്ങളും അവരെ വിളിക്കുകയും വേണം. ഇതിലും പ്രധാനം, അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്നവരെ വിളിക്കാന്‍ പറ്റിയ സമയമാണിത്. അവരുടെ സ്റ്റോക്ക് കുന്നുകൂടി കിടക്കുന്നത് മൂലം സാമ്പത്തിക ഞെരുക്കത്തില്‍ ആയിരിക്കും. ഇപ്പോള്‍ അവരുമായി സംസാരിച്ച് കുറച്ചു മാസത്തേക്കെങ്കിലും റേറ്റ് കുറച്ചു നല്‍കാന്‍ പറയുക. നമ്മുടെ വ്യാപാരം വീണ്ടും പച്ച പിടിക്കുമ്പോള്‍ അവര്‍ക്ക് വില കൂട്ടി നല്‍കാം എന്ന് വാഗ്ദാനം ചെയ്യുക. അത് തീര്‍ച്ചയായും നിറവേറ്റുക.

പിന്നെ ഈ 21 ദിവസം തീരുമ്പോഴേക്കും കുറഞ്ഞത് ഒരു മാനേജ്മന്റ് ബുക്ക് എങ്കിലും വായിക്കും എന്ന് പ്രതിജ്ഞ എടുക്കുക. വായിച്ചു തീര്‍ക്കുക. വായിക്കാന്‍ പറ്റിയ ചില പുസ്തകങ്ങള്‍ ഞാന്‍ കഴിഞ്ഞ ആഴ്ച എഴുതിയിരുന്നു. അത് കൂടാതെ വായിക്കാന്‍ ഒരു ബുക്ക് ആണ് ‘ഞഋഘഋചഠഘഋടട’. 21 ദിവസം കൊണ്ട് ഈ ലോക്ക്ഡൗണ്‍ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. കഴിയുന്നതും വീട്ടില്‍ തന്നെ ഈ ആഴ്ച കഴിച്ചു കൂട്ടുക. മറ്റുള്ളവര്‍ക്ക് വേണ്ടി അല്ല; നമുക്ക് വേണ്ടി. ബിസിനസ് എത്രയും പെട്ടെന്ന് തുറക്കാന്‍ വേണ്ടിയെങ്കിലും ഇത് പാലിക്കുക.

( കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി പ്രാസംഗികനുമാണ്.  https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +919497154400 /9495854409 )

Categories: FK Special, Slider

Related Articles