ആര്‍ബിഐക്ക് വെല്ലുവിളിയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പ്രതിസന്ധി

ആര്‍ബിഐക്ക് വെല്ലുവിളിയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പ്രതിസന്ധി

സമീപ വാരങ്ങളില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പ്രതി ഓഹരി മൂല്യം 10 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്

മുംബൈ: യെസ് ബാങ്ക് പ്രതിസന്ധിക്ക് പരിഹാരം കണ്ട് നടുനിവര്‍ത്തിയ റിസര്‍വ് ബാങ്കിന് മുന്നിലേക്ക് പുതിയ തലവേദനയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പ്രശ്‌നം. സമീപ വാരങ്ങളില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പ്രതി ഓഹരി മൂല്യം 10 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ബാങ്കിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചതാണ് ഇതിനുള്ള അടിയന്തിര കാരണം. കഴിഞ്ഞയാഴ്ച ബാങ്ക് വെളിപ്പെടുത്തിയ രണ്ട് ശതമാനത്തില്‍ നിന്ന് ഇടിവിന്റെ തോത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ യെസ് ബാങ്കിന് ശേഷം പ്രതിസന്ധി നേരിടുന്ന അടുത്ത സ്വകാര്യ ബാങ്കായി മാറിയിക്കുകയാണ് ഇന്‍ഡസ്ഇന്‍ഡ്. കോവിഡ്-19 ബാധ നിയന്ത്രണ വിധേയമാക്കുന്നതിന് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടല്‍ മൂലം പ്രതിസന്ധിയിലേക്ക് വീഴാന്‍ സാധ്യതയുള്ള നിരവധി മേഖലകളുമായി ബാങ്കിന് വലിയ ഇടപാടുകളുണ്ട്. ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുന്നു.

മറ്റു പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരിമൂല്യത്തിലും ഇടിവ് വന്നിട്ടുണ്ട്. കോവിഡ്-19 രോഗവ്യാപനത്തേക്കാള്‍ ഉപരിയായി സാമ്പത്തിക അസ്ഥിരതയുടെ ലക്ഷണമാണ് സ്വകാര്യ ബാങ്ക് ഓഹരികളുടെ വിലയിടിവ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പരിഹരിക്കുന്നതിനായുള്ള പരിശ്രമത്തില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രശ്‌നങ്ങള്‍ തലയയുര്‍ത്തുന്നത്. സ്വകാര്യ ബാങ്കുകളിലെ സമ്പാദ്യങ്ങള്‍ സുരക്ഷിതമാണെന്നും, സംസ്ഥാന സര്‍ക്കാരുകള്‍ അവ പിന്‍വലിക്കരുതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലവട്ടം ഓര്‍മപ്പെടുത്തുകയും ചെയ്തു. പിന്‍വലിക്കപ്പെട്ട നിക്ഷേപങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനെ ആശ്രയിച്ചിരിക്കും ഇന്‍ഡസ്ഇന്‍ഡിന്റെ വിജയം.

മൊറട്ടോറിയം പിടിവള്ളി

വായ്പകളുടെ ഗുണനിലവാരത്തിന് കോട്ടം തട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും, അവ നിഷ്‌ക്രിയ ആസ്തിയായി മാറാതിരിക്കുന്നതിന് മൊറട്ടോറിയം സഹായകമാവുമെന്ന് ധനകാര്യ ഉപദേശക സ്ഥാപനമായ എംകേ ഗ്ലോബല്‍ വിലയിരുത്തുന്നു.

Categories: FK News, Slider

Related Articles