കാലാവധി കഴിഞ്ഞ താമസ വിസയും എമിറേറ്റ്‌സ് ഐഡിയും നീട്ടിനല്‍കാന്‍ യുഎഇ തീരുമാനം

കാലാവധി കഴിഞ്ഞ താമസ വിസയും എമിറേറ്റ്‌സ് ഐഡിയും നീട്ടിനല്‍കാന്‍ യുഎഇ തീരുമാനം

ഇവ പുതുക്കുന്നതിന് മൂന്നുമാസത്തെ സാവകാശം അനുവദിച്ചു

അബുദാബി: മാര്‍ച്ച് ഒന്നിന് കാലാവധി അവസാനിച്ച താമസ വിസയും എമിറേറ്റ്‌സ് ഐഡിയും സ്വമേധയാ നീട്ടിനല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. അധിക ഫീസ് ഇല്ലാതെ ഇവ പുതുക്കുന്നതിന് മന്ത്രിസഭ മൂന്നുമാസത്തെ സാവകാശം അനുവദിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മന്ത്രിസഭ കൈക്കൊണ്ട നടപടികളുടെ ഭാഗമാണ് തീരുമാനം.

ഫെഡറല്‍ അതോറിട്ടി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനക്കുള്ള പിഴകള്‍ റദ്ദ് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഇന്ന് മുതല്‍ മൂന്നുമാസത്തേക്ക്് തീരുമാനത്തിന് പ്രാബല്യമുണ്ടായിരിക്കും. സാമൂഹിക അകലം കാത്തുസൂക്ഷിക്കുന്നതിനായ് കോടതി നടപടികള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നീതിന്യായ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. വേണ്ടിവന്നാല്‍ വിചാരണ ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശമുണ്ട്.

മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന എല്ലാ സര്‍ക്കാര്‍ സേവനങ്ങളും മൂന്നുമാസത്തേക്ക് നീട്ടിനല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഫെഡറല്‍ സേവനങ്ങളായ ഡോക്യുമെന്റ്‌സ്, പെര്‍മിറ്റുകള്‍, ലൈസന്‍സ്, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ എന്നിവയും ഇവയില്‍ പെടും. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും മന്ത്രിസഭ പുതിയ നിയമത്തിന് രൂപം നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നിയമത്തിന് യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. വിതരണക്കാര്‍ സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയോ അനധികൃതമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സംഭരിക്കുകയോ ചെയ്താല്‍ പിഴ ചുമത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക ലൈസന്‍സുമായി ബന്ധപ്പെട്ട നിയമലംഘനകള്‍ക്കുള്ള 246 മില്യണ്‍ ദിര്‍ഹത്തിന്റെ പിഴകള്‍ റദ്ദ് ചെയ്തതായി യുഎഇയിലെ സാമ്പത്തിക വികസന അതോറിട്ടി അറിയിച്ചു. വാണിജ്യ, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഇകള്‍ ഉള്‍പ്പടെ 72,200 സ്വകാര്യ മേഖല കമ്പനികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

എമിറേറ്റ്‌സ് വിമാനക്കമ്പനിക്ക് സഹായം നല്‍കും

പ്രതിസന്ധി ഘട്ടത്തില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിക്ക് ദുബായ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു. ദുബായ് സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എന്നും കമ്പനിയില്‍ മതിയായ പണലഭ്യത ഉറപ്പാക്കുമെന്നും ഷേഖ് ഹംദാന്‍ അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണത്തിനായി ദുബായില്‍ പുതിയ കേന്ദ്രം ആരംഭിച്ചതായി ഷേഖ് ഹംദാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുഎഇയില്‍ ആകെ 611 കൊറോണ വൈറസ് രോഗികള്‍ ആണുള്ളത്. വൈറസ് ബാധിച്ച് ഇതുവരെ അഞ്ചുപേര്‍ രാജ്യത്ത് മരണപ്പെട്ടു.

Comments

comments

Categories: Arabia
Tags: Emirates ID

Related Articles